city-gold-ad-for-blogger
Aster MIMS 10/10/2023

വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയെടുക്കാന്‍ കഴിയാതെ കെഎസ്ഇബി

കാസര്‍കോട്: (www.kasargodvartha.com 29/06/2016) ജോലിക്കിടെ വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയെടുക്കാന്‍ കഴിയാതെ കെഎസ്ഇബി. പനത്തടി ഓട്ടമലയിലെ ഗോപാലകൃഷ്ണന്റെ മകന്‍ കെ. രാജീവന്‍ (32) ആണ് ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് ബേഡകം കാവുങ്കാലില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണതിനെ തുടര്‍ന്ന് മരിച്ചത്.

ഇതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പ്രഖ്യാപിച്ച അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചത് സെക്ഷന്‍ ഓഫീസ് അധികൃതര്‍ക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സീരിയല്‍ നമ്പറോ നിമ്മാണ തീയതിയോ രേഖപ്പെടുത്താത്ത വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിരുന്നു. എന്നിട്ടും സെക്ഷന്‍ അധികൃതര്‍ ഇക്കാര്യം പരിശോധിക്കാതെ സ്ഥാപിച്ച പോസ്റ്റ് ഒടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.

അതുകൊണ്ടു തന്നെ കരാറുകാരനെതിരെ നടപടിയെടുക്കാനുള്ള യാതൊരു തെളിവും അധികൃതര്‍ക്ക് മുമ്പിലില്ല. കരാറുകാരനെതിരെ പരാതി നല്‍കിയാല്‍ അത് നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ജ്യോതി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കഴിഞ്ഞ നവംബര്‍ മുതല്‍ കെ എസ് ഇ ബി ക്ക് വൈദ്യുതി പോസ്റ്റ് നിര്‍മ്മിച്ചു നല്‍കിവന്നത്. പോസ്റ്റിന്റെ പരിശോധന കാസര്‍കോട് സിവില്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയറാണ് നടത്തിയിരുന്നത്. നൂറ് പോസ്റ്റുകളില്‍ രണ്ടെണ്ണം മാത്രം ഗുണനിലവാരം പരിശോധിച്ചാണ് പോസ്റ്റുകള്‍ വാങ്ങുന്നത്. കരാറുകാരന്‍ നല്‍കിയ പോസ്റ്റുകള്‍ സിവില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പരിശോധിച്ചതില്‍ ചില ന്യൂനതകള്‍ കണ്ടെത്തുകയും ഇതു സംബന്ധിച്ച് എഗ്രിമെന്റ് അതോറിറ്റിയായ ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് എഞ്ചിനീയര്‍ മൂന്ന് പേരടങ്ങുന്ന വിദഗ്ധ ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്ക് അയച്ചിരുന്നു. ഇവര്‍ പരിശോധനയ്ക്ക് എത്തുന്നതിന് തൊട്ട് മുമ്പാണ് പോസ്റ്റ് ഒടിഞ്ഞ് വീണ് കെ എസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചത്. ഇതേ തുടര്‍ന്ന് വിവാദ കമ്പനി നല്‍കിയ മുഴുവന്‍ പോസ്റ്റുകളും സ്ഥാപിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്റിന്റെ തുകയും കരാറുകാരന് നല്‍കിയിട്ടില്ല.

ഒരു മാസം 850 ലോ ടെന്‍ഷന്‍ വൈദ്യുതി പോസ്റ്റുകളും 200 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളുമാണ് മഞ്ചേശ്വരത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നും വാങ്ങുന്നത്. എന്നിട്ട് പോലും ജില്ലയില്‍ പോസ്റ്റുകള്‍ തികയാത്ത അവസ്ഥയാണ് ഉള്ളത്. 1500 പോസ്റ്റുകള്‍ വാങ്ങുമ്പോള്‍ ഒരു പോസ്റ്റ് പൊട്ടിച്ച് ഗുണനിലവാരം ഉറപ്പുവരുത്താമെന്നാണ് കെ എസ് ഇ ബി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പോസ്റ്റുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും പോസ്റ്റിന്റെ നിലവാരം കൃത്യമായി പഠിക്കാന്‍ കഴിയുന്നില്ല. നേരത്തെ കെ എസ്ഇബി യുടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോസ്റ്റുകള്‍ ഉണ്ടാക്കിയതിന് ശേഷം ഒന്നോ രണ്ടോ പോസ്റ്റുകള്‍ പരിശോധിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും ഗുണനിലവാരം കൃത്യമായി പരിശോധിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നത്.

കാസര്‍കോട് സര്‍ക്കിള്‍ സിവില്‍ എഞ്ചിനീയര്‍ വിഭാഗം പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയ പോസ്റ്റല്ല ഒടിഞ്ഞുവീണതെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ സീരിയല്‍ നമ്പറോ നിര്‍മ്മാണ തീയ്യതിയോ രേഖപ്പെടുത്താതെ വന്ന പോസ്റ്റ് സ്ഥാപിച്ചതിനാലാകാം  അപകടം സംഭവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ ബോര്‍ഡിന്റെ വിദഗ്ധ സമിതി ഇക്കാര്യത്തില്‍ സസ്‌പെന്‍ഷനിനുള്ള പരിശോധന ഉദ്യോഗസ്ഥനായ സിവില്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. 2003 ന് മുമ്പ് കെ എസ് ഇ ബി സ്വന്തം നിലയ്ക്കാണ് വൈദ്യുതി പോസ്റ്റുകള്‍ ഉണ്ടാക്കിയിരുന്നത്. പിന്നീട് സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ വൈദ്യുതി പോസ്റ്റ് കരാര്‍ പ്രകാരം പുറത്ത് നിന്നും വാങ്ങുകയായിരുന്നു. ഈ രീതി അവസാനിപ്പിക്കണമെന്ന് പോസ്റ്റുകളുടെ ഗുണനിലവാര പരിശോധന നടത്തേണ്ട സംസ്ഥാനത്തെ എല്ലാ സര്‍ക്കിളിലെയും മുഴുവന്‍ ഉദ്യോഗസ്ഥരും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കാസര്‍കോട്ടുണ്ടായ അപകടത്തിന്റെ പേരില്‍ സിവില്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തതോടെ സംസ്ഥാന തലത്തില്‍ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മരിച്ച രാജീവന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുകയായി അഞ്ചു ലക്ഷം രൂപയും കൂടാതെ വൈദ്യുതി ബോര്‍ഡ് നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ബന്ധപ്പെട്ടവര്‍ സൂചന നല്‍കുന്നത്. വിവാദ കമ്പനി ഓരോ തവണയും പലപേരുകളിലാണ് വൈദ്യുതി പോസ്റ്റിന് കരാര്‍ നല്‍കുന്നത്. സുമ, സുവര്‍ണ തുടങ്ങിയ കമ്പനികളുടെ പേരുകളിലാണ് നേരത്തെ കരാര്‍ സ്വന്തമാക്കിയിരുന്നത്. നികുതിവെട്ടിപ്പിനു വേണ്ടിയാണ് ഇങ്ങനെ പലപേരുകളിലായി കമ്പനി കരാര്‍ നേരിടുന്നതെന്നാണ് വിവരം.
വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയെടുക്കാന്‍ കഴിയാതെ കെഎസ്ഇബി

Related News:
ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നുവീണ് കെ എസ് ഇ ബി കരാര്‍ തൊഴിലാളി മരിച്ചു

Keywords: Kasaragod, Kerala, Death, Electricity, Electric post, complaint, Action, Rajeevan, KSEB, Accident, Civil Executive Engineer, Rajesh's death: No Action against contractor.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL