city-gold-ad-for-blogger

ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കാസര്‍കോട്ട് കലാപമുണ്ടാക്കാന്‍ ശ്രമം നടന്നതായി ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 21/05/2016) വിജയാഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിച്ച് കലാപമുണ്ടാക്കാന്‍ മുസ്ലിം ലീഗ് ശ്രമം നടത്തിയതായി ബി ജെ പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അക്രമികള്‍ തകര്‍ത്ത വീടുകളിലെത്തിയ എം എല്‍ എയും സംഘവും പ്രതികളെ രക്ഷിക്കാന്‍ നഷ്ടപരിഹാരം നല്‍കാമെന്നും കേസുമായി മുന്നോട്ട് പോകരുതെന്നും സമ്മര്‍ദ്ദം ചെലുത്തിയതായും ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാറും നേതാക്കളും ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുതല്‍ ആരംഭിച്ച അക്രമണം ഇപ്പോഴും തുടരുകയാണ്.

വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ഏക പക്ഷീയമായാണ് ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടത്. ഇത് ആസൂത്രിതമായി കലാപം സൃഷിക്കാനുള്ള നീക്കമായിരുന്നു. എം എല്‍ എയുടേയും മുസ്ലിം ലീഗ് ഉന്നത നേതൃത്വത്തിന്റെയും ഗൂഡാലോചനയുടെ ഭാഗമായാണ് അക്രമമെന്നും ബി ജെ പി ആരോപിച്ചു. എം എല്‍ എ തന്നെ നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കാം കേസ് കൊടുക്കരുതെന്ന പറയുന്നത് തന്നെ ഗൂഡാലോചനയുടെ തെളിവാണ്. അക്രമികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് നല്‍കിയാലും എം എല്‍ എയുടെ സമ്മര്‍ദ്ദ ഫലമായി പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ബി ജെ പി കുറ്റപ്പെടുത്തി. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ നടന്ന അക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് സംഭവിച്ചത്.

മുഖം മറച്ച് ബൈക്കുകളില്‍ വന്നാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അക്രമം നടത്തുകയും ചെയ്തത്. പാറക്കട്ടയില്‍ പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ട അനുഷയെന്ന യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി കട്ടിലില്‍ നിന്ന് വലിച്ച് നിലത്തിട്ട് ചവിട്ടി. 70 വയസ്സ് പ്രായമായ കാര്‍ത്ത്യായനിയമ്മയുടെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ത്തു. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന രാംദാസ് നഗറിലെ പ്രദീപ് എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ബസ്സില്‍ കയറി വലിച്ച് പുറത്തിട്ട് തലയ്ക്ക് പരിക്കേല്‍പിച്ചു. വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് ഏഴ് തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു..

ഗോപാലകൃഷ്ണന്റെ പാഞ്ചജന്യമെന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ ചില്ലുകള്‍ മുഴുവന്‍ എറിഞ്ഞ് തകര്‍ത്തു. കൂടലില്‍ ഡോ. രാജേശ്വരിയുടെ വീടും കാറും എറിഞ്ഞ് തകര്‍ത്തു. പാമ്പാച്ചിക്കടവില്‍ ഭജന മന്ദിരത്തിന് സമീപം സംസാരിച്ച് നില്‍ക്കുകയായിരുന്ന ദിനേശ്, അശോക്, ശരത്ത് എന്നിവരെ അക്രമിച്ചു. ഇരുമ്പ് വടി കൊണ്ടുള്ള അക്രമണത്തില്‍ ദിനേശിന്റെ കയ്യൊടിഞ്ഞു. ശരത്തിന്റെ ശരീരത്തിന്റെ ഇടത് ഭാഗം മുഴുവന്‍ അടികൊണ്ട് ചതഞ്ഞിട്ടുണ്ട്. ഇവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കാസര്‍കോട് സമാധാനാന്തരീക്ഷം തിരിച്ചു കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണമെന്നും,  അക്രമത്തിനിരയായവര്‍ക്ക് ഉടന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബി ജെ പി ജില്ലാ ജന. സെക്രട്ടറി പി. രമേശ്, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി എന്നിവരും പങ്കെടുത്തു.

ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കാസര്‍കോട്ട് കലാപമുണ്ടാക്കാന്‍ ശ്രമം നടന്നതായി ബി ജെ പി

Keywords: BJP, Press meet, Kasaragod, Kerala, Muslim League, Attack, BJP against MLA
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia