ചളിയംകോട് പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വൈകുന്നു
Apr 2, 2016, 23:18 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2016) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചളിയംകോട് പാലത്തിന് ഫിറ്റ്‌നസ് നല്‍കുന്നത് വൈകുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണം. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ പാലത്തില്‍ എത്രയും വേഗത്തില്‍ പരിശോധന നടത്തി ഫിറ്റ്‌നസ് നല്‍കാന്‍ പി ഡബ്ല്യു ഡിക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ ഇ ദേവദാസന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എന്നാല്‍ ഫിറ്റ്‌നസ് നല്‍കേണ്ടത് കെ എസ് ടി പി ചീഫ് എഞ്ചിനീയറാണെന്നാണ് പി ഡബ്ല്യു ഡി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
Keywords : Kasaragod, Bridge, KSRTC-bus, Melparamba, Chemnad, Fitness Certificate, PWD, KSTP.
അതേസമയം പി ഡബ്ല്യു ഡിയില്‍ നിന്നും കത്ത് ലഭിച്ചാല്‍ പരിശോധന നടത്തി ഫിറ്റ്‌നസ് നല്‍കാമെന്ന് കെ എസ് ടി പി എഞ്ചിനീയര്‍ സുരേഷ് പറഞ്ഞു. ഇതു സംബന്ധിച്ചുള്ള കത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പി ഡബ്ല്യു ഡിക്കാണ് കെ എസ് ടി പി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൈമാറേണ്ടത്. നേരത്തെ, നിര്‍മാണം പൂര്‍ത്തിയായ പാലം തുറന്നുകൊടുക്കുന്നത് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഇതോടെ കെ എസ് ആര്‍ ടി സി ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ പാലത്തിലൂടെ തന്നെ ഓടിത്തുടങ്ങി. എന്നാല്‍ ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് ചളിയംകോട് പാലത്തിലൂടെ പോകാന്‍ പറ്റുന്നില്ല. പി ഡബ്ല്യു ഡിയില്‍ നിന്നും നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ പാലത്തിലൂടെ സര്‍വീസ് നടത്താന്‍ കഴിയൂ എന്നാണ് കെ എസ് ആര്‍ ടി സി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ പറയുന്നത്.
പാലത്തിന്റെ പണി പൂര്‍ത്തിയായതായി കാണിച്ച് റോഡ് നിര്‍മാണ പ്രവര്‍ത്തി നടത്തുന്ന കമ്പനി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലത്തില്‍ പരിശോധന നടത്തി അടിയന്തിരമായി ഫിറ്റ്‌നസ് നല്‍കാന്‍ പി ഡബ്ല്യു ഡിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഒന്നര വര്‍ഷത്തോളമായി കെ എസ് ആര്‍ ടി സി ബസുകള്‍ ദേളി വഴിയാണ് സര്‍വീസ് നടത്തുന്നത്. ഇത് കെ എസ് ആര്‍ ടി സിക്ക് അമിത ചിലവ് വരുത്തിവെക്കുന്നതും, യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നതുമാണ്. ചളിയംകോട് വഴി ഗതാഗതം നിരോധിച്ചതോടെ നാല് സര്‍വീസുകള്‍ കെ എസ് ആര്‍ ടി സി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇത് സംസ്ഥാന പാതയിലെ യാത്രാക്ലേശം വര്‍ധിക്കാന്‍ വഴിവെച്ചിരുന്നു. പാലം തുറന്നുകൊടുത്താല്‍ നേരത്തെ വെട്ടിച്ചുരുക്കിയ നാല് സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് കെ എസ് ആര്‍ ടി സി കണ്‍ട്രോളിംഗ് ഇ്ന്‍സ്‌പെക്ടര്‍ പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടും കെ എസ് ആര്‍ ടി സി ബസുകള്‍ പാലത്തിലൂടെ സര്‍വീസ് നടത്താത്തതിനെതിരെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒന്നര വര്‍ഷത്തെ ദുരിത യാത്ര എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ കര്‍ണാടക ആര്‍ ടി സി ബസ് ചളിയംകോട് പാലത്തിലൂടെ കടന്നുപോകുന്നുണ്ട്.
Keywords : Kasaragod, Bridge, KSRTC-bus, Melparamba, Chemnad, Fitness Certificate, PWD, KSTP.







