Join Whatsapp Group. Join now!
Aster MIMS 10/10/2023

വരുന്നു പരീക്ഷാഫലങ്ങള്‍; പതറിയവരെ നമുക്ക് ആശ്വസിപ്പിക്കാം

ഇനിവരുന്നത് പരീക്ഷാ ഫലപ്രഖ്യാപന ദിവസങ്ങളാണ്. ജയിക്കുമോ ഇല്ലയോ എന്ന് എഴുതിയവര്‍ക്കൊക്കെ ഏകദേശ Article, Examination, Result, Students, SSLC, Social Media, Teachers,Parents, Home Work,
നിരീക്ഷണം / അസ്‌ലം മാവില

(www.kasargodvartha.com 21.04.2016) ഇനിവരുന്നത് പരീക്ഷാ ഫലപ്രഖ്യാപന ദിവസങ്ങളാണ്. ജയിക്കുമോ ഇല്ലയോ എന്ന് എഴുതിയവര്‍ക്കൊക്കെ ഏകദേശ ധാരണയുണ്ട്. എത്ര ശതമാനം മാര്‍ക്ക് ലഭിക്കും, ഇ ഗ്രേഡ് മുതല്‍ എ പ്ലസ്‌

വരെ ഏതൊക്കെ വിഷയങ്ങളിലാണ് കിട്ടാന്‍ സാധ്യത ഇതൊക്കെ കുട്ടികള്‍ക്ക് നല്ല തിട്ടവുമുണ്ട്. അത്യാവശ്യം പുസ്തകത്തിന്റെ ഏഴയലത്ത് പോയവനൊക്കെ രക്ഷപ്പെടട്ടെ എന്ന ലിബറല്‍ സമീപന രീതിയാണ് ഇയ്യിടെ മാര്‍ക്കിടുന്നവരിലും കണ്ടുവരുന്നത്. അതുകൊണ്ട് ചെറിയ ഗൃഹപാഠം ചെയ്തവരൊക്കെ കടമ്പ കടക്കും.

ഇതൊക്കെ ഉണ്ടായിട്ടും, ഒന്നും ശ്രദ്ധിക്കാതെ, പഠിക്കാതെ തേരാപാരാ നടന്ന്, ഓശാരത്തിന് കുറെ മാര്‍ക്കും പ്രതീക്ഷിച്ചു റിസള്‍ട്ട് വരുമ്പോള്‍ 'കടുംകൈ' ചെയ്യുന്ന ചില പോയത്തക്കാര്‍ ഉണ്ട്. നാടുവിടുക, ആറ്റില്‍ചാടുക, മുങ്ങിനടന്ന് വല്ല തട്ടുകടകളിലോ മറ്റോ സപ്ലൈ പണിക്ക് നിന്ന് വീട്ടുകാരെ ടെന്‍ഷനടിപ്പിക്കുക, റെയില്‍വേ ജോലിക്കാര്‍ക്ക് പണികൊടുക്കുക ഇങ്ങനെ കുറെ കലാപരിപാടികള്‍ ഇത്തരക്കാര്‍ക്കുണ്ട്.

പരീക്ഷ കഴിഞ്ഞുവരുന്ന മക്കളുടെ ബടല്‍സ് കേട്ടും അത് കണ്ണടച്ച് വിശ്വസിച്ചും ഡൂണ്‍ 'സ്‌കൂളില്‍' ഹയര്‍ സ്റ്റഡീസിന് വേണ്ടി സീറ്റ് ബുക്ക് ചെയ്ത്, അവസാനം ഫലംവരുമ്പോള്‍ നക്ഷത്രമെണ്ണുന്ന രക്ഷിതാക്കളും കൂട്ടത്തില്‍ ഇല്ലാതില്ല-അവരാണ് കൂടുതല്‍ എന്നുപറയുന്നതാവും ശരി. ഒരുപക്ഷെ ഇത് എല്ലാവരുടെയും കണക്കുകൂട്ടലിനും അപ്പുറത്തയിരിക്കും.

നന്നായി ഹോംവര്‍ക്ക് ചെയ്ത് പരീക്ഷ എഴുതിയവര്‍ക്കൊക്കെ നല്ല മാര്‍ക്കും കിട്ടുമെന്നതുറപ്പ്. അല്ലാതെ കറക്കികുത്തി ജയിക്കാന്‍ ഇത് ഒബ്ജക്ടീവ് ടൈപ് പരീക്ഷണമല്ലല്ലോ. മോഡല്‍ പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്ക് എല്ലാവരുടെയും മുമ്പിലുണ്ട്. അപ്പപ്പോള്‍ സ്‌കൂളിലും, കോളേജിലും പോയ, വിളിച്ചു ചോദിച്ചോ മക്കളുടെ പഠനനിലവാരം അറിഞ്ഞവരാരും തന്നെ ടെന്‍ഷന്‍ അടിക്കാനോ മക്കളെ പ്രാകിപ്പറയാനോ നില്‍ക്കില്ല. മക്കള്‍ളുടെ കപ്പാസിറ്റിയും ലിമിറ്റും ഇത്രയൊക്കെത്തന്നെയെന്ന് അവര്‍ക്ക് നന്നായി അറിയാം.

പ്രശ്‌നം വരുന്നത്, അവനവന്റെ മാര്‍ക്ക് പറയാതെ അടുത്തിരിക്കുന്നവന്റെ മാര്‍ക്ക് പറഞ്ഞ് കാലാകാലം മാതാപിതാക്കളെ പറ്റിക്കുന്നവര്‍ക്കും, ഈ 'സ്മാര്‍ട്ട്‌ബോയ്‌സ്' (ഗേള്‍സ്) പറഞ്ഞത് ശരിയോന്നു അന്വേഷിക്കാന്‍ പോലും സ്‌കൂള്‍ മുറ്റത്തു പോകാതെ, തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവര്‍ക്കുമാണ്. ('വാടകയ്ക്ക് എളേപ്പ/അമ്മാവന്‍മാര്‍' എല്ലാനാട്ടിലും യഥേഷ്ടം 'അവൈലബിള്‍' ആയതുകൊണ്ട് അധ്യാപകര്‍ക്കും ഈ 'അതിസാമര്‍ഥ്യക്കാരു' ടെ ഏര്‍പ്പാട് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റിയെന്നും വരില്ല.

കഴിഞ്ഞത് കഴിഞ്ഞു. ഇനി എല്ലാവരും ഫലപ്രഖ്യാപനം കാത്തിരിക്കുക. എസ് എസ് എല്‍ സി ഫലം കഴിഞ്ഞാല്‍ പിന്നാലെ ഒരുപാട് പരീക്ഷകളുടെ ഫലങ്ങള്‍ വരാനിരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും വല്ലാതെ 'എക്‌സൈറ്റഡ്' ആകാതിരുന്നാല്‍മതി. മക്കളെ ഇപ്പോള്‍തന്നെ സമാധാനിപ്പിക്കുക. അവരുടെ കൂടെനിന്ന് ധൈര്യം നല്‍കുക. ഇത് അവസാനത്തെ പരീക്ഷയൊന്നുമല്ലല്ലോ. ഇനിയും ഒരുപാട് അവസരങ്ങള്‍ അവര്‍ക്കുണ്ട്. മാര്‍ക്ക് കുറഞ്ഞത് കൊണ്ട് ലോകാവസാനം ജൂണ്‍ മാസത്തിലൊന്നും ഉണ്ടാകില്ല. വളരെ കൂളായി കുട്ടികളുടെ ഭയംമാറ്റുക. അതോടെ മക്കളും ശാന്തരാകും. പരീക്ഷാ ഫലത്തെപ്പറ്റിയുള്ള പേടി അവര്‍ക്കും കുറഞ്ഞുകിട്ടും. ഇനിയുള്ള പരീക്ഷകളില്‍ കുറച്ച് സീരിയസാകാന്‍ നിര്‍ദ്ദേശിക്കാം.

രക്ഷിതാക്കള്‍ ഒരുപടികൂടി മുന്നോട്ട് വരാന്‍ തയ്യാറാകണം. തോറ്റാല്‍ മക്കള്‍ക്ക് പരീക്ഷ വീണ്ടുമെഴുതാനുള്ള സാഹചര്യമുണ്ടാക്കികൊടുക്കുക. മാര്‍ക്ക് അല്‍പം കുറഞ്ഞാല്‍ വീണ്ടുമെഴുതാന്‍ പ്രോത്സാഹിപ്പിക്കുക (അങ്ങിനെ ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍). തോറ്റാലും മാര്‍ക്ക് കുറഞ്ഞാലും കുറെ ആഴ്ചകള്‍ കുടുംബത്തിലെ 'ഔദ്യോഗിക മരമണ്ടനാക്കാനുള്ള' ശ്രമങ്ങള്‍ക്കൊന്നും രക്ഷിതാക്കള്‍ നില്‍ക്കരുത്. ഉന്നത വിദ്യാഭ്യാസത്തിന് ആദ്യത്തെ അലോട്ട്‌മെന്റില്‍തന്നെ കുട്ടികളുടെ പേര് വന്നിലെങ്കില്‍ അതിന്റെപേരില്‍ 'കൂക്കലുംബിളി' യും കുറയ്ക്കുക. അലോട്ട്‌മെന്റ് പിന്നെയും ബാക്കിയുണ്ടല്ലോ.

ഒരു കുസൃതി ഇന്ന് സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസിട്ടത് എന്നില്‍ ചില പ്രയാസങ്ങളുണ്ടാക്കി 'കടലോളം പഠിക്കാനുണ്ട്, തൊട്ടിയോളം പരീക്ഷയ്ക്ക് വന്നു; ഒരു കുഞ്ഞുകുപ്പി എഴുതി, അപ്പോള്‍ സ്വാഭാവികമായും മാര്‍ക്കൊക്കെ ഞങ്ങള്‍ക്ക് എത്രത്തോളം ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണ്ടേ?. കോര്‍പറേഷന്‍ പൈപ്പിലെ വെളളംപോലെ... ഒരുതുളളി... രണ്ടുതുളളി... മടുത്തു... ഈ വിദ്യാര്‍ത്ഥി ജീവിതം...'

കാലിടറിയവരാണ് ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ പക്വതയോടെ ഉള്‍ക്കൊണ്ടിട്ടുള്ളത്. അതുകൊണ്ട് എന്റെ ആശംസയും ആശ്വാസവചസ്സുകളും പരീക്ഷയില്‍ പതറിയവര്‍ക്കാണ്, അതും അഡ്വാന്‍സായി. ജയിച്ചവരെ കെട്ടിപ്പിടിക്കാനും അനുമോദനങ്ങള്‍കൊണ്ട് മൂടാനും ഇവിടെ ഒരുപാടുപേരുണ്ടല്ലോ; ഉണ്ടാകുമല്ലോ.

Article, Examination, Result, Students, SSLC, Social Media, Teachers,Parents, Home Work, Aslam Mavila.


Keywords: Article, Examination, Result, Students, SSLC, Social Media, Teachers,Parents, Home Work, Aslam Mavila.

Post a Comment