city-gold-ad-for-blogger

ബ്ലാക്ക്‌മെയില്‍ ശ്രമത്തിനിടെ കാര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി; വധശ്രമക്കേസിലെ പ്രതിയും സുഹൃത്തും പിടിയില്‍; യുവതിയും യുവാവും കാറില്‍ നിന്നും ഇറങ്ങിയോടി


കാസര്‍കോട്: (www.kasargodvartha.com 16.04.2016) യുവതിയെ ഉപയോഗിച്ച് മലയോരത്തെ ചെങ്കല്‍ വ്യാപാരിയായ നാല്‍പ്പതുകാരനെയും സുഹൃത്തിനെയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച വധശ്രമക്കേസിലെ പ്രതിയും സുഹൃത്തും പോലീസ് പിടിയിലായി. ബ്ലാക്ക്‌മെയില്‍ സംഘത്തെയും കൊണ്ട് കാര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റിയപ്പോള്‍ സംഘത്തില്‍ പെട്ട യുവതിയും മറ്റൊരു യുവാവും കാറില്‍നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നഗരത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മലയോരത്തെ ചെങ്കല്‍ വ്യാപാരിയെ അടുത്തിടെ തലശ്ശേരി സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ യുവതി മിസ്ഡ് കോള്‍ ചെയ്തിരുന്നു. പിന്നീട് നിരന്തരം ഫോണില്‍ ഇവര്‍ സംസാരിച്ചിരുന്നു. ഇതിനിടയില്‍ ശനിയാഴ്ച ഉച്ചയോടെ യുവതി താന്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍  ചെങ്കല്‍ വ്യാപാരിയായ യുവാവും സുഹൃത്തും സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുകയായിരുന്നു. യുവതി ഇവരെ കണ്ടതോടെ കാറില്‍ ചെന്ന് കയറി.
(www.kasargodvartha.com)
ഇവര്‍ പോകാനൊരുങ്ങിയതോടെ മറ്റു മൂന്ന് യുവാക്കള്‍ കൂടി ഓടിയെത്തി ഈ കാറില്‍ കയറുകയും കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോകാന്‍ തയ്യാറാകാതെ വന്നതോടെ സംഘം ചെങ്കല്‍ വ്യാപാരിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി. അപകടം മണത്ത ചെങ്കല്‍ വ്യാപാരിയായ യുവാവ് കാര്‍ മംഗളൂരുവിലേക്ക് പോകാമെന്ന്് പറഞ്ഞ് മുന്നോട്ടെടുത്തു. ബാങ്ക് റോഡ് കഴിഞ്ഞതോടെ കാര്‍ പെട്ടെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് ചെങ്കല്‍ വ്യാപാരി വെട്ടിച്ചുകയറ്റുകയായിരുന്നു. ഇതിനിടയില്‍ കാര്‍ പെട്ടെന്ന് പോലീസ് സ്റ്റേഷന്‍ ഗെയ്റ്റിന് സമീപം ഓഫായതോടെ കറുത്ത മിഡിയും ടോപ്പും ധരിച്ച യുവതിയും ഒരു യുവാവും കാറില്‍ നിന്നും ഇറങ്ങിയോടി.

കാറിലുണ്ടായിരുന്ന വധശ്രമക്കേസിലെ പ്രതിയെയും സുഹൃത്തിനെയും യുവാക്കളും ഓടിയെത്തിയ പോലീസുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിടിയിലായ സംഘത്തെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്റെ പടിഞ്ഞാറ് വശത്തെ റോഡില്‍ വെച്ചാണ് യുവതിയും യുവാക്കളും കാറില്‍ കയറിയത്. യുവതിയെ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
(www.kasargodvartha.com)
കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് നഗരത്തിലെ രാത്രികാല ഓട്ടോ െ്രെഡവര്‍ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ സന്ദീപിനെ (34) കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ ഒരു യുവാവ്. മൊഗ്രാല്‍പുത്തൂരിലെ ഫാറൂഖിനെ ആക്രമിച്ച സംഭവത്തില്‍ നരഹത്യ ശ്രമക്കേസില്‍ പിടികിട്ടാപ്പുള്ളിയാണ് കൂട്ടുപ്രതിയായ യുവാവെന്നും വ്യക്തമായിട്ടുണ്ട്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരുന്നുണ്ട്.
ബ്ലാക്ക്‌മെയില്‍ ശ്രമത്തിനിടെ കാര്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി; വധശ്രമക്കേസിലെ പ്രതിയും സുഹൃത്തും പിടിയില്‍; യുവതിയും യുവാവും കാറില്‍ നിന്നും ഇറങ്ങിയോടി


Keywords: Kasaragod, Murder-case, Accuse, Railway station, Auto-rickshaw, Driver, custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia