city-gold-ad-for-blogger

കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് കുമ്പള ഒരുങ്ങി

കാസര്‍കോട്: (www.kasargodvartha.com 01/01/2016) വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധജനദ്രോഹ നടപടികള്‍ക്കെതിരെയും ജനമനസാക്ഷി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജനുവരി നാലിന് കുമ്പളയില്‍ നിന്നാരംഭിക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടന പരിപാടി വിജയിപ്പിക്കാന്‍ കുമ്പളയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മതേതര സംരക്ഷണത്തിനും സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടുന്നതിനും കേരളത്തിന്റെ സമഗ്രപുരോഗതിയും സര്‍ഗാത്മകയുവ ശാക്തീകരണവും ലക്ഷ്യമിടുന്ന ജനരക്ഷായാത്രയുടെ ഉദ്ഘാടനം നാലിന് തിങ്കളാഴ്ച വൈകുന്നേരം കുമ്പളയില്‍ പ്രത്യേകം സജ്ജമാക്കിയ 'ഐ രാമറൈ' നഗറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് ത്രിവര്‍ണ പതാകകൈമാറി നിര്‍വഹിക്കും. പരിപാടിയില്‍ മുന്‍ കെ.പി.സി.സി പ്രസിഡണ്ടും അഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ സ്വാഗതം പറയും. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ സംഘടനാ ചാര്‍ജ് വഹിക്കുന്ന നേതാവുമായ മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തില്‍ കേരള, കര്‍ണാടക മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകുന്നേരം ആറുമണിക്ക് കാസര്‍കോട് നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടി ചെര്‍ക്കളയില്‍ നടക്കും. ആദ്യദിവസത്തെ പരിപാടികള്‍ക്ക് അതോടെ പരിസമാപ്തിയാവും. ജനരക്ഷായാത്രയില്‍ കെ.പി.സി.സി ഉയര്‍ത്തുന്ന ആശയങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ സാമൂഹിക - സാഹിത്യ - സാംസ്‌കാരിക - പരിസ്ഥിതി മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങളുമായി കെ.പി.സി.സി പ്രസിഡണ്ട് ജനുവരി അഞ്ചിന് രാവിലെ കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ വച്ച് ചര്‍ച്ചനടത്തി അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കും.

തുടര്‍ന്ന് രാവിലെ 10 മണിക്ക് ജനരക്ഷായാത്രയ്ക്ക് ഉദുമ നിയോജക മണ്ഡലത്തിലെ സ്വീകരണം ചട്ടഞ്ചാലിലും, 11 മണിക്ക് കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ സ്വീകരണം കോട്ടച്ചേരിയിലും നല്‍കും. വൈകുന്നേരം മൂന്നു മണിക്ക് തൃക്കരിപ്പൂരില്‍ നല്‍കുന്ന സ്വീകരണത്തിന് ശേഷം യാത്ര കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

ദേശീയ രാഷ്ട്രീയ സ്ഥിതിഗതികള്‍, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍, സമാധാന ജീവിതത്തിനു വെല്ലുവിളിയുയര്‍ത്തുന്ന ആക്രമണങ്ങള്‍, അതിക്രമങ്ങള്‍ എന്നിവ വിശദീകരിക്കുന്നതിനും സമൂഹത്തിന്റെ നാശത്തിനു ഇടവരുത്തുന്ന മദ്യത്തിനും ലഹരിക്കും എതിരെ ജനങ്ങളെ അണിനിരത്തുക എന്നുള്ളതും ജനരക്ഷായാത്രയുടെ ശക്തമായ സന്ദേശമാണ്. മാലിന്യ നിര്‍മാര്‍ജനം, കീടനാശിനി വിമുക്തമായ പച്ചക്കറികൃഷി, പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരായ പ്രചരണം സാന്ത്വന പരിചരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരിക എന്നുള്ളതും ജനരക്ഷായാത്രയുടെ ലക്ഷ്യമാണ്.

വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ. ഗോവിന്ദന്‍ നായര്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, പി.വി സുരേഷ്, എം.സി പ്രഭാകരന്‍, ട്രഷറര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ഹര്‍ഷാദ് വോര്‍ക്കാടി തുടങ്ങിയവരും സംബന്ധിച്ചു.

കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് കുമ്പള ഒരുങ്ങി


Keywords : KPCC-president, Programme, Press meet, Kasaragod, Kumbala, Kerala, V.M Sudheeran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia