city-gold-ad-for-blogger

സ്വര്‍ണവിതരണക്കാരനെ അക്രമിച്ച് 36 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ പ്രതികളെ കുറിച്ച് സൂചന; അന്വേഷണം കര്‍ണാടകയില്‍

കാസര്‍കോട്: (www.kasargodvartha.com 13/01/2016) കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം ജ്വല്ലറികളില്‍ സ്വര്‍ണവിതരണം നടത്തുന്ന തൃശൂര്‍ സ്വദേശിയെ അക്രമിച്ച് 36 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കൈപ്പുള്ളിപ്പറമ്പില്‍ ഹൗസില്‍ കെ വി ആന്റണിയുടെ മകന്‍ കെ എ ടോണി (57)യെ ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ആക്രമിച്ചാണ് 1318 ഗ്രാം സ്വര്‍ണവും 4,36,300 രൂപയും അടങ്ങുന്ന ബാഗ് കൊള്ളയടിച്ചത്.

വര്‍ഷങ്ങളായി കാസര്‍കോട്ടെയും കര്‍ണാടകയിലെയും ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്തു വന്നിരുന്ന ടോണി ചൊവ്വാഴ്ച രാവിലെ തൃശൂരില്‍ നിന്ന് ചെര്‍ക്കളയില്‍ വന്നിറങ്ങിയ ശേഷം കര്‍ണാടക പുത്തൂരിലേക്ക് പോവുകയായിരുന്നു. അവിടെയുള്ള ചില ജ്വല്ലറികളിലും പിന്നീട് സുള്ള്യയിലെയും വിട്ളയിലെയും ജ്വല്ലറികളിലും ആഭരണങ്ങള്‍ നല്‍കിയ ശേഷം പണവും ബാക്കിയുള്ള സ്വര്‍ണവുമായി കാസര്‍കോട്ടേക്കുള്ള കെ എസ് ആര്‍ ടി സി ബസില്‍ വന്ന് ബസ് സ്റ്റാന്‍ഡിലിറങ്ങിയതായിരുന്നു ടോണി. തിരിച്ചു തൃശൂരിലേക്ക് എട്ടു മണിക്ക് ബസുള്ളതിനാല്‍ കെ എസ് ആര്‍ ടി സിക്ക് പടിഞ്ഞാറുഭാഗത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലേക്ക് വരുന്നതിനിടെ ഇരുളില്‍ പതുങ്ങി നിന്നിരുന്ന ഒരു യുവാവ് പെട്ടെന്ന് ടോണിയുടെ പിറകിലൂടെ വന്ന് ബാഗില്‍ പിടിത്തമിടുകയായിരുന്നു.

രണ്ടുപേരും റോഡിലേക്ക് വീണു. ബാഗിന്റെ കൈഭാഗം ടോണിയുടെ കൈയിലും ബാഗ് യുവാവിന്റെ കൈയിലുമായിരുന്നു. പിടിവലിക്കിടയില്‍ ബാഗിന്റെ വള്ളി പൊട്ടുകയും ബാഗ് യുവാവ് കൈക്കലാക്കുകയുമായിരുന്നു. ഉടനെ കെ പി ആര്‍ റാവു റോഡില്‍ നിന്നും കുതിച്ചുവന്ന ചാര നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തി ഡോര്‍ തുറന്ന് കൊടുത്തു. ബാഗ് കൈക്കലാക്കിയ യുവാവ് നിമിഷനേരം കൊണ്ട് കാറില്‍ കയറിയതോടെ കാര്‍ കറന്തക്കാട് ഭാഗത്തേക്ക് കുതിച്ചുപാഞ്ഞു.

കാര്‍ പിന്നീട് മധൂര്‍ വഴി സീതാംഗോളി ഭാഗത്തേക്കാണ് പോയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. പിറകില്‍ 5114 എന്ന നമ്പര്‍ മാത്രമേ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞുള്ളൂ. വീഴ്ചയില്‍ കാല്‍മുട്ടിനും മറ്റും പരിക്കേറ്റ ടോണിയെ കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സനല്‍കിയ ശേഷം തൃശൂരിലേക്ക് അയച്ചു.

കാസര്‍കോട് സി ഐ പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെ കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ടീം അംഗങ്ങള്‍ വിവിധ സംഘങ്ങളായി കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്.
സ്വര്‍ണവിതരണക്കാരനെ അക്രമിച്ച് 36 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ പ്രതികളെ കുറിച്ച് സൂചന; അന്വേഷണം കര്‍ണാടകയില്‍


Keywords:  kasaragod, Kerala, gold, Police, complaint, Bus, KSRTC Bus Stand, Gold Bag, Bag containing Gold snatched.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia