Join Whatsapp Group. Join now!
Aster MIMS 10/10/2023

ടേംസ് പദ്ധതി അധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മുതല്‍കൂട്ടാകും

കാസര്‍കോട് ഡയറ്റിന്റെ നേതൃത്വത്തില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാഭ്യാസത്തിനുള്ള ടേംസ് പദ്ധതി തയ്യാറായി. ഇതിന്റെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ ഒമ്പത് മണിക്ക് Kasaragod, Kerala, DIET Kasaragod, TERMS, Minister PK Abdu Rabb, E-Resource Management System for Teachers
കാസര്‍കോട്: (www.kasargodvartha.com 02/01/2016) കാസര്‍കോട് ഡയറ്റിന്റെ നേതൃത്വത്തില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാഭ്യാസത്തിനുള്ള ടേംസ് പദ്ധതി അധ്യാപകര്‍ക്ക് മുതല്‍കൂട്ടാകും. ഡയറ്റിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ആരംഭിച്ച നൂതന സംരംഭമായ TERMS (E-Resource Management System for Teachers) ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും എല്ലാ യൂണിറ്റുകളും പഠിപ്പിക്കാന്‍ ആവശ്യമായ ഐ ടി സാമഗ്രികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനമാണ്.

ഏതൊരു അധ്യാപകനും എവിടെ നിന്നും ഈ സൈറ്റിലേക്ക് പ്രവേശിക്കാം. ഉചിതമെന്ന് കണ്ടെത്തുന്ന സാമഗ്രികള്‍ ഓണ്‍ലൈനായോ ഡൗണ്‍ലോഡ് ചെയ്‌തോ ക്ലാസില്‍ ഉപയോഗിക്കാം. മിക്ക സ്‌കൂളുകളിലും കമ്പ്യൂട്ടറും എല്‍ സി ഡി പ്രൊജക്റ്ററും ഉണ്ടെങ്കിലും ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇന്നും പ്രാവര്‍ത്തികമായിട്ടില്ല. ഇതിനു പ്രധാന കാരണം ഭൂരിപക്ഷം അധ്യാപകര്‍ക്കും ഉചിതമായ ഐ ടി സാമഗ്രികള്‍ നിര്‍മിക്കാനോ കണ്ടെത്താനോ ആവശ്യമായ സാങ്കേതികപരിചയം ഇല്ലാത്തതാണ്.

അത്തരക്കാര്‍ക്ക് വിദഗ്ധരായ അധ്യാപകര്‍ കൂടിച്ചേര്‍ന്ന് ഒരുക്കുന്ന TERMS ലെ ഡിജിറ്റല്‍ ശേഖരം വലിയ അനുഗ്രഹമായിരിക്കും. ഒന്നു മുതല്‍ 10 വരെ എല്ലാ ക്ലാസിലും എല്ലാ വിഷയങ്ങളിലും എല്ലാ യൂണിറ്റുകളിലും മതിയായ അളവില്‍ ഗുണനിലവാരമുള്ള ഐ ടി സാമഗ്രികള്‍ ലഭ്യമാക്കല്‍, ക്ലസ്റ്റര്‍ ആസൂത്രണവേളയില്‍ ഇവ പ്രയോജനപ്പെടുത്തല്‍, സ്‌കൂളുകളില്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തല്‍, ഐ ടി അധിഷ്ഠിത പഠനം യാഥാര്‍ഥ്യമാക്കല്‍ എന്നിവയാണ് TERMS ന്റെ ലക്ഷ്യങ്ങള്‍.

ഇന്ത്യയില്‍ ആദ്യമായാണ് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഒന്നു മുതല്‍ 10 വരെയുള്ള എല്ലാ ക്ലാസുകള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എല്ലാ യൂണിറ്റുകള്‍ക്കും വേണ്ട ഐ ടി സാമഗ്രികള്‍ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ സിലബസ് അനുസരിച്ച് തയ്യാറാക്കിയ ഈ ശേഖരം പൊതുവിദ്യാഭ്യാസത്തെ ഐ ടി അധിഷ്ഠിതമാക്കുന്നതിനും നിലവാരം ഏറെ ഉയര്‍ത്തുന്നതിനും സഹായിക്കും. ഇതിനായി അധ്യാപകര്‍ ഇന്റര്‍നെറ്റില്‍ www.termsofdiet.blogspot.in എന്ന വിലാസത്തില്‍ സെര്‍ച്ച് ചെയ്താല്‍ മതി. വെറും മൂന്നു ക്ലിക്കുകളിലൂടെ ഏത് ക്ലാസിലെയും ഏതു വിഷയത്തിലെയും ഏത് യൂണിറ്റിലെയും ഐ ടി ശേഖരത്തില്‍ എത്തും.

പാഠഭാഗം പഠിപ്പിക്കാന്‍ ആവശ്യമായ വീഡിയോ, ഓഡിയോ, പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, അധികവിവരങ്ങള്‍, വര്‍ക്ക് ഷീറ്റുകള്‍, യൂണിറ്റ് വിലയിരുത്തലിനുള്ള ചോദ്യങ്ങള്‍, പാഠപുസ്തകത്തിന്റെയും അധ്യാപകസഹായിയുടെയും കോപ്പികള്‍, പഴയ ചോദ്യപേപ്പറുകള്‍, റിവിഷന് ഉപയോഗിക്കാവുന്ന സാമഗ്രികള്‍, ടീച്ചിങ്ങ് മാനുവലുകള്‍, വിവിധ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍, പാഠ്യപദ്ധതി രേഖകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് ഇതിലെ 760 ഓളം പേജുകളിലായി ഒരുക്കിയിരിക്കുന്നത്.

31 അക്കാദമിക ഗ്രൂപ്പുകള്‍ ഒരുക്കുന്ന 126 ബ്ലോഗുകളുടെ സമാഹാരമാണ് TERMS. അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ അക്കാദമിക് ശേഖരത്തില്‍ ഇതിനകം 5000 ന് അടുത്ത് ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കിയിട്ടുണ്ട്. 126 വിഷയബ്ലോഗുകള്‍, 754 യൂണിറ്റുകള്‍, 5000 സാമഗ്രികള്‍, 90 ശതമാനം യൂണിറ്റുകള്‍ക്കും ഐ ടി സാമഗ്രികള്‍ ലഭ്യം, വീഡിയോ, ഓഡിയോ, പവര്‍ പോയിന്റ്, ഇമേജ്, പി ഡി എഫ്, ജിയോജിബ്ര, വര്‍ക്ക് ഷീറ്റ്, ചോദ്യശേഖരം, ടീച്ചിങ്ങ് മാനുവല്‍, കുട്ടികളുടെ ഉത്പന്നം, ടി ടി, ടി ബി, ഇതര ബ്ലോഗുകള്‍, വെബ്‌സൈറ്റുകള്‍, ആര്‍ക്കും എപ്പോഴും ആശ്രയിക്കാവുന്ന റിസോഴ്‌സ് പൂള്‍, നിരന്തരം വികസിപ്പിക്കാനുള്ള സാധ്യത, ഐ ടി അറ്റ് സ്‌കൂള്‍, ഡയറ്റ് എന്നീ സ്ഥാപനങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ, സ്വന്തമായ റിസോഴ്‌സ് ടീം, മൂന്നു മാസത്തിനകം 19,000 ഹിറ്റുകള്‍, ക്ലസ്റ്ററുമായി ബന്ധിപ്പിക്കാനുള്ള സാധ്യത, ഇതരജില്ലകള്‍ക്കും പ്രയോജനപ്പെടുത്താവുന്ന സംവിധാനം എന്നിവ TERMS ന്റെ പ്രത്യേകതകളാണ്. ഇത്രയും ഡിജിറ്റല്‍ സാമഗ്രികള്‍ നിര്‍മിച്ച് ഒരു സര്‍വര്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് ദശലക്ഷക്കണക്കിന് രൂപ ചെലവാകും. എന്നാല്‍ തികച്ചും സൗജന്യമായി ലഭിക്കുന്ന ബ്ലോഗ് സംവിധാനമാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന വിവിധ സ്‌കൂളുകള്‍ക്ക് (കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് ) ഇത് സൗജന്യമായി ഉപയോഗിക്കാം. അധ്യാപകര്‍ക്ക് പുറമെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. കാസര്‍കോട് ഐ ടി അറ്റ് സ്‌കൂളിന്റെ സാങ്കേതികസഹായവും ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ വിദഗ്ധ പിന്തുണയും പ്രയോജനപ്പെടുത്തിയാണ് കാസര്‍കോട് ഡയറ്റ് ഇത്തരമൊരു ബൃഹത്ത് സംരംഭത്തിന് രൂപം കൊടുത്തത്.

പദ്ധതിയുടെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിക്കും. 


Related News: ഡയറ്റിന്റെ ടേംസ് പദ്ധതി 4ന് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും

Keywords: Kasaragod, Kerala, DIET Kasaragod, TERMS, Minister PK Abdu Rabb, E-Resource Management System for Teachers, DIET TERMS inauguration on Monday.

Post a Comment