city-gold-ad-for-blogger

ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വെടിവെപ്പിലേക്ക് നീങ്ങി; 2 വാഹനങ്ങളില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറി

ഉപ്പള: (www.kasargodvartha.com 30/12/2015) ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പരസ്യ ഏറ്റുമുട്ടലിലേക്ക് കടന്നു. പരസ്പരമുള്ള വെടിവെപ്പില്‍ സംഘാംഗങ്ങള്‍ എത്തിയ രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുപാട് സംഭവിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഉപ്പള ടൗണില്‍വെച്ചാണ് വാഗനറിലും ബോലേറയിലുമെത്തിയ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. കുപ്രസിദ്ധ ഗുണ്ട കാലിയാ റഫീഖ് മജലിലെ ബന്ധുവീട്ടിലേക്ക് വാഗണറില്‍ പോവുകയായിരുന്നു. അഞ്ച് പേരാണ് കാലിയാ റഫീഖിനോടൊപ്പം ഉണ്ടായിരുന്നത്.

അതേസമയംതന്നെ കൊല്ലപ്പെട്ട മുത്തലിബിന്റെ സംഘാങ്ങളായ ഈത്തപ്പ അലിയും കൂടെയുണ്ടായിരുന്ന ആറുപേരും ബൊളോറെയിലെത്തിയതോടെയാണ് വെടിവെപ്പുണ്ടായത്. തന്റെ സുഹൃത്തിന്റെ ഫ് ളാറ്റില്‍ അജ്ഞാതനായ ഒരാള്‍ മുഖംമൂടി അണിഞ്ഞ് എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞാണ് അലിയും സംഘവും ഉപ്പളയിലെത്തിയതെന്ന് ഈസംഘത്തില്‍പെട്ടവര്‍ പറയുന്നു. ഇരുസംഘവും തമ്മിലുള്ള വെടിവെപ്പ് 20 മിനുട്ടോളം നീണ്ടുനിന്നു. വെടികൊണ്ട് കാലിയാ റഫീഖും സംഘവും വന്ന വാഗണറിന്റെ മുന്‍വശത്തെ ഗ്ലാസ് തകരുകയും ഇടതുവശത്തെ സീറ്റിലേക്ക് വെടിയുണ്ട തുളഞ്ഞുകയറുകയും ചെയ്തു.

അലിയുടെ ബൊലേറോ കാറിന്റെ ഗ്ലാസിലേക്കും മറ്റും വെടിയുണ്ടകള്‍ തുളഞ്ഞുകയറി. വിവരമറിഞ്ഞ് പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇരുസംഘത്തില്‍പെട്ടവരും വാഹനം ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു. പോലീസ് പിന്നീട് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. രണ്ട് വര്‍ഷം മുമ്പ് ഉപ്പള മണ്ണംകുഴിയിലെ ഫ് ളാറ്റിന് മുന്നില്‍വെച്ച് ഭാര്യയുടേയും മക്കളുടേയും കണ്‍മുന്നില്‍ ഗുണ്ടാ സംഘത്തില്‍പെട്ട മുത്തലിബിനെ (38) കാലിയാ റഫീഖും സംഘവും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയതോടെയാണ് ഇരുസംഘങ്ങളും തമ്മിലുള്ള കുടിപ്പക മൂര്‍ച്ഛിച്ചത്.

ഈകേസില്‍ രണ്ട് മാസം മുമ്പ് കാലിയാ റഫീഖ് ജാമ്യംനേടി പുറത്തിറങ്ങിയതോടെയാണ് വീണ്ടും ഗുണ്ടാസംഘങ്ങള്‍ കൊലവിളി തുടങ്ങിയത്. അതിനിടെ കാലിയാ റഫീഖിനെ വധിക്കാന്‍ ഏതാനും ദിവസം മുമ്പ് തോക്കുമായി ഉപ്പള കൊടിവയലിലെ മുഹമ്മദ് അഷ്ഫാഖ് (32) എന്ന യുവാവ് എത്തിയതായും പിന്നീട് കാലിയാ റഫീഖും സംഘവും അഷ്ഫാഖിനെ കീഴടക്കിയതായും റിപോര്‍ട്ടുണ്ടായിരുന്നു. ക്വട്ടേഷന്‍ ഏല്‍പിച്ച അഷ്ഫാഖ് തന്നെ പിന്നീട് പോലീസില്‍ ഹാജരായി കാലിയാ റഫീഖിനെ കൊല്ലാന്‍ ഉപ്പള ഹിദായത്ത് നഗറിലെ കസായി ഷരീഫും മുഹമ്മദ് സഹീറും ആവശ്യപ്പെട്ടിരുന്നതായി മൊഴിനല്‍കുകയും തോക്ക് പോലീസില്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു.

പോലീസ് സംഭവത്തില്‍ ആംസ് ആക്ട് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം കുമ്പള സി ഐ കെ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയപ്പോള്‍ ഇത്തരമൊരുസംഭവം കാലിയ റഫീഖിന്റെ നാടകമാണെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നതാണ് വിവരം. പോലീസിനേയും നിയമത്തേയും വെല്ലുവിളിച്ചുകൊണ്ട് ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ തേര്‍വാഴ്ച നടത്തുന്നത് വലിയ ക്രമസമാധാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ ഇപ്പോള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്.

നേരത്തെ ഗുണ്ടാസംഘത്തില്‍പെട്ട ഒരാളെ കണ്ടാലുടന്‍ വെടിവെക്കാന്‍ പോലീസ് ഉത്തരവിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഏതാനും യുവാക്കള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ അക്രമം കാരണം രാത്രി ഒമ്പത് മണിക്ക് മുമ്പ് തന്നെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുകയും നഗരം വിജനമാവുകയുമാണ്.
ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വെടിവെപ്പിലേക്ക് നീങ്ങി; 2 വാഹനങ്ങളില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറി

Keywords:  Uppala, Kasaragod, Kerala, Fire, Gun, Attack, Shooting at 2 vehicles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia