city-gold-ad-for-blogger

കാസര്‍കോട് കോട്ട കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു; കലക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 31/07/2015) ചരിത്രപ്രസിദ്ധമായ കാസര്‍കോട്ടെ ഹനുമാന്‍ കോട്ട വ്യാജരേഖകളുണ്ടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍പന നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി. കെ.വി. രഘുരാമന്‍ കഴിഞ്ഞദിവസം കളക്ടറേറ്റിലേയും റവന്യൂ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസുകളിലേയും രേഖകള്‍ വിശദമായി പരിശോധിച്ചു.

കോട്ടവില്‍പനയുമായി ബന്ധപ്പെട്ട് 2009ല്‍ നടന്ന ഇടപാടുകളുടേയും ഉത്തരവുകളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടങ്ങളില്‍ വിജിലന്‍സ് സംഘം പരിശോധനയും തെളിവെടുപ്പും നടത്തിയത്. തിരുവനന്തപുരത്തുള്ള ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ ഓഫീസിലേക്കും വിജിലന്‍സ് പരിശോധനയ്ക്ക് പോകും.

കാസര്‍കോട് കോട്ട അടക്കം അഞ്ചര ഏക്കറോളം വരുന്ന സര്‍ക്കാര്‍ സ്ഥലം വ്യാജരേഖകളുണ്ടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍പന നടത്തിയതിന് മുന്‍ റവന്യൂ ലാന്‍ഡ് കമ്മീഷണര്‍ ടി.ഒ. സൂരജ്, സ്വകാര്യ വ്യക്തികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങി 15 ഓളം പേര്‍ക്കെതിരെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കാസര്‍കോട് കോട്ടയില്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍വെ നടത്താന്‍ എത്തിയപ്പോള്‍ ഭൂമി വാങ്ങിയവര്‍ ഇത് തടഞ്ഞതോടെയാണ് കോട്ടവില്‍പനയുടെ രഹസ്യം പുറത്തായത്.

കോട്ടവില്‍ക്കുന്നത് അന്നത്തെ ജില്ലാ കളക്ടര്‍ സര്‍ക്കാര്‍ സ്ഥലമാണെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് തടഞ്ഞിരുന്നുവെങ്കിലും കളക്ടറുടെ നിര്‍ദേശംതള്ളി വില്‍പനയ്ക്ക് അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷ്ണറായ ടി.ഒ. സൂരജ് ഒത്താശ നല്‍കുകയായിരുന്നു. ചില ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ ഒരുമാസംമുമ്പാണ് സര്‍ക്കാര്‍ കോട്ട ഏറ്റെടുത്തത്. ടി.ഒ. സൂരജ് ഉള്‍പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ അടുത്തുതന്നെ കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കും. ഇതിനുള്ള നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടി ക്രമങ്ങള്‍ ക്രൈംബ്രാഞ്ച് നടത്തിവരികയാണ്.
കാസര്‍കോട് കോട്ട കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു; കലക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചു

Keywords: Kasaragod, Kerala, Kasaragod Fort, Collectorate, Vigilance, Investigation, Progress, Kasaragod fort land case: Vigilance probe in progress.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia