city-gold-ad-for-blogger

കോടികള്‍ വിലവരുന്ന കാസര്‍കോട് കോട്ടയുടെ ഭൂമി സ്വന്തമാക്കിയവരില്‍ കൂടുതല്‍ പേരുള്ളതായി പുറത്തു വന്നു

കാസര്‍കോട്: (www.kasargodvartha.com 05/07/2015) കോടികള്‍ വിലവരുന്ന കാസര്‍കോട് കോട്ടയുടെ ഭൂമി സ്വന്തമാക്കിയവരില്‍ കൂടുതല്‍ പേരുള്ളതായി പുറത്തു വന്നു. രണ്ടു സി.പി.എം. നേതാക്കള്‍ക്കും കേരള കോണ്‍ഗ്രസ് നേതാവിനുമടക്കം ഏഴു പേര്‍ക്ക് ഭൂമി തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം.

കോട്ട ഉള്‍പെടുന്ന സ്ഥലത്തിന്റെ പരമ്പരാഗത അവകാശികളാണെന്ന് പറയുന്ന ചന്ദ്രവാര്‍ക്കര്‍, ലളിത ചന്ദ്രവാര്‍ക്കര്‍, ദേവീദാസ് സജങ്കല, രാജരാമറാവു, അനൂപ, അശ്വിന്‍ ചന്ദ്രവാര്‍ക്ക, മഞ്ജുള എന്നിവരാണ്. ഇവരാണ് ലാന്‍ഡ് റെവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിന്റെ ഇടപെടലിലൂടെ ഭൂമി വില്‍പന നടത്തിയതെന്നാണ് ആക്ഷേപം.

കാസര്‍കോട് കോട്ട വില്‍പന നടത്തിയ സംഭവത്തില്‍ വിജിലന്‍സും പോലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് ഇടപാടുമായുള്ള ബന്ധം പുറത്തുവരും. നിലവില്‍ കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ സജി സെബാസ്റ്റിയന്‍, സി.പി.എം. പ്രാദേശിക നേതാവ് ബെണ്ടിച്ചാലിലെ ഗോപാലന്‍ നായര്‍, സി.പി.ഐ. നേതാവ് തെക്കിലിലെ കൃഷ്ണന്‍ നായര്‍ എന്നിവരുടെ പേരുകളാണ് കോട്ട വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും ഈ തട്ടിപ്പില്‍ കൂടുതല്‍ പ്രമുഖര്‍ ഉള്‍പെട്ടതായുള്ള സൂചനയുമുണ്ട്.

കാസര്‍കോട് നഗരസഭയില്‍ ജനപ്രതിനിധിയായിരുന്ന ഒരു സി.പി.എം. നേതാവാണ് കോട്ടയുടെ ഏറ്റവും കൂടുതല്‍ ഭാഗം സ്വന്തമാക്കിയ വ്യക്തി എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കോട്ട സംരക്ഷിക്കണമെന്നും കൈയേറ്റം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ കോട്ടയിലേക്ക് മാര്‍ച്ച് നടത്തി കൊടി നാട്ടുകയും ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സി.പി.എം. നേതാവിനും കോട്ട ഇടപാടില്‍ പ്രധാന പങ്കുണ്ടെന്ന കാര്യവും വെളിച്ചത്തു വന്നിരിക്കുന്നത്. സി.പി.എം. പ്രാദേശിക നേതാവ് ഗോപാലന്‍ നായര്‍ക്ക് തട്ടിപ്പുമായി ബന്ധമുള്ള കാര്യം പുറത്തു വന്നത് തന്നെ സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. മറ്റൊരു നേതാവിനുള്ള ബന്ധം കൂടി പുറത്തു വന്നതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

സജി സെബാസ്റ്റ്യനുള്ള പങ്ക് കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതിക്കൂട്ടിലാക്കുകയും കോട്ട വില്‍പനയുടെ പേരില്‍ ധനമന്ത്രി കെ.എം. മാണി വരെ ആരോപണത്തിന് വിധേയമാവുകയും ചെയ്ത സാഹചര്യത്തില്‍ ഭരണപക്ഷത്തിനെതിരെ ഇതൊരു ആയുധമാക്കാന്‍ സി.പി.എം തയ്യാറെടുത്ത് നില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പുതിയ വിവരങ്ങള്‍ വന്നിരിക്കുന്നത്.

2009 ഓഗസ്റ്റ് 17ന്  കാസര്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഡോക്യുമെന്‍ഡ് നമ്പര്‍ 3868 ല്‍ 91 സെന്റും 3867ല്‍ 33 സെന്റും ഉള്‍പെടെ 1.24 ഏക്കര്‍ ഭൂമിയാണ് ഈ സി.പി.എം. നേതാവ് സ്വന്തമാക്കിയത്. 3866 ഡോക്യുമെന്റായി രജിസ്റ്റര്‍ ചെയ്ത 2.44 ഏക്കര്‍ ഭൂമിയാണ് മറ്റ് മൂന്നു പേര്‍ക്കുമായി ചന്ദ്രവാര്‍ക്കര്‍ കുടുംബം വില്‍പന നടത്തിയത്. ഒരേ ദിവസം തന്നെ രജിസ്‌ട്രേഷനും നടക്കുകയായിരുന്നു. അവകാശികള്‍ക്ക് കൈവശം വെക്കാമെന്നല്ലാതെ വില്‍ക്കാന്‍ പാടില്ലാത്ത ഭൂമി ചന്ദ്രവാര്‍ക്കര്‍ കുടുംബം വില്‍പന നടത്തുകയായിരുന്നു. സി.പി.എം. നേതാവ് രണ്ട് ആധാരങ്ങളിലായാണ് ഇത്രയും ഭൂമി സ്വന്തമാക്കിയിരിക്കുന്നത്.

91 സെന്റ് ഭൂമി 12,01,000 രൂപയ്ക്കും 33 സെന്റ് സ്ഥലം 2.15 ലക്ഷം രൂപയ്ക്കുമാണ് വാങ്ങിയത്. കാസര്‍കോട് നഗരത്തില്‍ ഭൂമി വില സെന്റിന് അഞ്ചു ലക്ഷത്തിലധികം ഉണ്ടായിരുന്ന സമയത്താണ് സെന്റിന് 10,000 രൂപയ്ക്ക് താഴെ വരുന്ന തുകയ്ക്ക് രജിസ്റ്റര്‍ ചെയ്തതെന്നാണ് രേഖകളില്‍ നിന്ന് മനസിലാകുന്നത്. സജി സെബാസ്റ്റ്യനും കൃഷ്ണന്‍ നായരും ഗോപിനാഥന്‍ നായരും ചേര്‍ന്ന് വാങ്ങിയ 2.44 ഏക്കര്‍ ഭൂമി വെറും 26 ലക്ഷം രൂപയ്ക്കാണ് രജിസ്റ്റര്‍ ചെയ്തത്. ശരാശരി 25 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് വില്‍പന നടത്തിയത്.

5.41 ഏക്കര്‍ ഭൂമിയില്‍ നിന്നും 2.44 ഏക്കര്‍ മൂന്നംഗ സംഘത്തിനും 1.24 ഏക്കര്‍ നേതാവിനും ലഭിക്കുകയായിരുന്നു. ബാക്കി വരുന്ന ഭൂമിയില്‍ 80 സെന്റ് ധൂമാവതി ക്ഷേത്രത്തിന്റെയും ബാക്കി ഹനുമാന്‍ ക്ഷേത്രത്തിന്റെയും കൈവശമാണെന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ വ്യക്തമാക്കുന്നു.
കോടികള്‍ വിലവരുന്ന കാസര്‍കോട് കോട്ടയുടെ ഭൂമി സ്വന്തമാക്കിയവരില്‍ കൂടുതല്‍ പേരുള്ളതായി പുറത്തു വന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia