city-gold-ad-for-blogger

കാരുണ്യനിലാവായി ഗോള്‍ഡ് ഹില്‍ മഹര്‍ 2015; 17 യുവതീ-യുവാക്കള്‍ക്ക് 5 ന് മംഗല്യം

കാസര്‍കോട്: (www.kasargodvartha.com 03/04/2015) ബേക്കല്‍ ഹദ്ദാദ് നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന 'ഗോള്‍ഡ് ഹില്‍ മഹര്‍' സമൂഹ വിവാഹം അഞ്ചിന് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ഇതിനകം തന്നെ ഗോള്‍ഡ് ഹില്‍ ക്ലബ് ജനങ്ങളുടേയും സമൂഹത്തിന്റെയും ആദരവ് പിടിച്ചുപറ്റിയിട്ടുണ്ട്.

അനാചാരങ്ങള്‍, ധൂര്‍ത്ത്, സ്ത്രീധനം എന്നിങ്ങനെയുള്ള വിപത്ത് മൂലം വൈവാഹിക ജീവിതം അന്യമായ സമൂഹത്തിലെ നിര്‍ധനരായ യുവതീ-യുവാക്കള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച ഗോള്‍ഡ് ഹില്‍ മഹര്‍ അതിന്റെ പ്രവര്‍ത്തന പാതയുടെ മൂന്നാം ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മഹര്‍ 2013 ന്റെ ആല്‍ബം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും, മഹര്‍ 2015 ന്റെ എംബ്ലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മഹര്‍ 2015 ബ്രോഷര്‍ പ്രകാശനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേരള വ്യവസായ ഐ.ടി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നല്‍കി ദുബൈയില്‍ വെച്ചുമാണ് പ്രകാശനം ചെയ്തത്.

മഹര്‍ 2015 കമ്മിറ്റി ഓഫീസ് മുഖ്യ രക്ഷാധികാരി പാണക്കാട് മുനവറലി ശിഹാബ് തങ്ങളും മഹര്‍ 2015 ന്റെ അപേക്ഷഫോറം ഉദ്ഘാടനം ബേക്കല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നാരായണനുമാണ് നിര്‍വ്വഹിച്ചത്. മാര്‍ച്ച് 7 ന് പള്ളിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പരിസരത്ത് വെച്ച് ഹദ്ദാദ് നഗര്‍ വരെ കൂട്ടയോട്ടം പ്രശസ്ത ചലച്ചിത്ര നടന്‍ മനോജ് കെ. ജയന്‍ മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തിരുന്നു. മാര്‍ച്ച് 18 ന് മഹര്‍ കമ്മിറ്റിയും കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ്ബാങ്കുമായി സഹകരിച്ച് രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

2012-13 വര്‍ഷങ്ങളിലായി വിവിധ മതസ്ഥരായ 20 യുവ മിഥുനങ്ങളെ വൈവാഹിക ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മഹറിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം 17 യുവതീ-യുവാക്കള്‍ക്കാണ് മംഗല്യമൊരുക്കിക്കൊടുക്കുന്നത്. വധുവിന് 5 പവന്‍ സ്വര്‍ണ്ണാഭരണവും ഉപജീവന മാര്‍ഗ്ഗമായി കുടുംബത്തിന് ഒരു ഓട്ടോറിക്ഷയും കല്ല്യാണ വസ്ത്രവും വിവാഹ സദ്യയും നല്‍കും.

ഇതുകൂടാതെ നിര്‍ധനര്‍ക്ക് വീട് നിര്‍മ്മാണത്തിനും വിദ്യാഭ്യാസത്തിനും രോഗികളുടെ ചികിത്സയ്ക്കായും വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപ സാമ്പത്തിക സഹായവും ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗര്‍ നല്‍കി വരുന്നുണ്ട്. കലാ-കായിക രംഗങ്ങളില്‍ നിരവധി ട്രോഫികളും പ്രശസ്തിയും നേടുകയും സാംസ്‌കാരിക രംഗത്തും, ആരോഗ്യ രംഗത്തും കരുത്ത് തെളിയിച്ച പാരമ്പര്യമാണ് ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്‍ഡ് സേപോര്‍ട്‌സ് ക്ലബ്ബിനുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. 2010 ല്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, പള്ളിക്കര ഗ്രാമ പഞ്ചായത്ത് എന്നിവരുമായി സംയുക്തമായി സഹകരിച്ച് സാന്ത്വനം എന്ന പേരില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു.

മഹര്‍ 2015 ഏപ്രില്‍ 5 ന് ഞായറാഴ്ച പ്രത്യേകം സജ്ജമാക്കിയ സദസില്‍ വെച്ച് 17 യുവ മിഥുനങ്ങളുടെ വിവാഹ കര്‍മ്മം നിര്‍വ്വഹിക്കും. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മ്മികത്വം വഹിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. പരിപാടിയില്‍ പ്രവാസി ഭാരതി അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി, മെട്രോ മുഹമ്മദ് ഹാജി, നൗഫല്‍ കളനാട് എന്നിവരേയും, ഗോള്‍ഡ് ഹില്‍ ഫൂട്‌ബോള്‍ ടീം അംഗങ്ങളായ സമീര്‍ കലന്തന്‍, സമീര്‍, അബ്ദുല്ല, റഫീഖ്, ടീം കോച്ച് അബ്ദു എന്നിവരെയും ആദരിക്കും.

പരിപാടിക്ക് മൊത്തം 70 ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നതെന്ന് ഗോള്‍ഡ് ഹില്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ദമ്പതികള്‍ക്ക് നല്‍കുന്ന ഓട്ടോ റിക്ഷയുടെ ആര്‍.സി വധുവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ആര്‍.സി. ഗോള്‍ഡ് ഹില്‍ ക്ലബാണ് സൂക്ഷിക്കുക. മൂന്നു വര്‍ഷത്തിന് ശേഷം മാത്രമേ ഇത് കൈമാറ്റം ചെയ്യാന്‍ ആവശ്യമെങ്കില്‍ ആര്‍.സി. നല്‍കുകയുള്ളൂ. മുമ്പ് മഹറിന്റെ തണലില്‍ വിവാഹിതരായ യുവതി-യുവാക്കളെല്ലാം ഇപ്പോള്‍ നല്ലനിലയിലാണ് കഴിയുന്നത്. എല്ലാവരും പരിപാടിയ്‌ക്കെത്തുമെന്നും അറിയിച്ചിട്ടുണ്ട്. പരിപാടിക്ക് ശേഷവും ദമ്പതിമാരുടെ ജീവിതസാഹചര്യമെല്ലാം അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ അമീര്‍ മസ്ദാന്‍, വൈസ് ചെയര്‍മാന്‍, ഫസ്ലു ഹമീദ്, അബ്ദുല്‍ റഹ്മാന്‍.പി.കെ.എസ്, വൈസ് കണ്‍വീനര്‍ ഹനീഫ്.പി.എച്ച്, ജംഷീദ് റഹ്മാന്‍, അഷ്‌റഫ് മൗവ്വല്‍ എന്നിവരും സംബന്ധിച്ചു.
കാരുണ്യനിലാവായി ഗോള്‍ഡ് ഹില്‍ മഹര്‍ 2015; 17 യുവതീ-യുവാക്കള്‍ക്ക് 5 ന് മംഗല്യം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു

Keywords:  Kasaragod, Kerala, Dubai, marriage, Mahar 2015, Press meet, Press club, Gold hill Mahar 2015: mass wedding on April 5.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia