city-gold-ad-for-blogger

കാസര്‍കോട് നഗരസഭയുടെ പ്രഥമ കെ.എം അഹ്മദ് പുരസ്‌കാരം എന്‍.പി രാജേന്ദ്രന്

കാസര്‍കോട്: (www.kasargodvartha.com 26/02/2015) സാമൂഹ്യ - സാംസ്‌കാരിക വേദികളില്‍ നാലരപ്പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന പ്രശസ്ത പത്രപ്രവര്‍ത്തകനും പ്രഭാഷകനുമായ കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് നഗരസഭ സംസ്ഥാനതലത്തില്‍ ഏര്‍പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് പ്രശസ്ത പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമായ എന്‍.പി രാജേന്ദ്രനെ തിരഞ്ഞെടുത്തു. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കാസര്‍കോടിന്റെ വികസന മുന്നേറ്റത്തില്‍ ഒരു ചാലക ശക്തിയായി പ്രവര്‍ത്തിച്ച കെ.എം. അഹ്മദിനോടുള്ള ആദര സൂചകമായാണ് നഗരസഭ പുരസ്‌കാരം ഏര്‍പെടുത്തിയതെന്ന് ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അറിയിച്ചു. പ്രസ് അക്കാദമി ചെയര്‍മാനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായി പ്രവര്‍ത്തിച്ചിട്ടുള്ള എന്‍.പി രാജേന്ദ്രന്റെ മാധ്യമ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

മാതൃഭൂമി പത്രത്തില്‍ 'ഇന്ദ്രന്‍' എന്ന തൂലികാനാമത്തില്‍ 19 കൊല്ലമായി തുടരുന്ന 'വിശേഷാല്‍ പ്രതി' എന്ന കോളം മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യമായി പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ മരണം, പത്രം ധര്‍മം നിയമം, മാറുന്ന ലോകം മാറുന്ന മാധ്യമ ലോകം, ബംഗാള്‍ ചില അപ്രിയ സത്യങ്ങള്‍ തുടങ്ങി എട്ടോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

നിരൂപകനും എഴുത്തുകാരനുമായ പി. അപ്പുക്കുട്ടന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി, കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 2015 മാര്‍ച്ച് രണ്ടാംവാരത്തില്‍ കാസര്‍കോട്ട് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. 2011 -2014 കാലത്ത് കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായിരുന്നു. 'മീഡിയ' മാസികയുടെ സ്ഥാപക എഡിറ്ററാണ്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടായും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ടായും 'പത്രപ്രവര്‍ത്തകന്‍' മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച ശാസ്ത്ര പത്രപ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, മികച്ച പത്രപ്രവര്‍ത്തകനുള്ള സി.എച്ച്. മുഹമ്മദ് കോയ പുരസ്‌കാരം, ജെയ്ജി പീറ്റര്‍ ഫൌണ്ടേഷന്‍ പുരസ്‌കാരം, വജ്രസൂചി പുരസ്‌കാരം, മൊയ്തു മൌലവി പുരസ്‌കാരം, പത്തനാപുരം ഗാന്ധിഭവന്‍ പുരസ്‌കാരം, പാലാ നാഷണല്‍ സെന്ററിന്റെ രാജീവ് ഗാന്ധി പുരസ്‌കാരം, കെ. ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, മികച്ച മാധ്യമ കൃതിക്കുള്ള പവനന്‍ പുരസ്‌കാരം, ന്യൂയോര്‍ക്ക് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

മാതൃഭൂമിയുടെ ഇന്റര്‍നെറ്റ് പോര്‍ട്ടലായ 'മാതൃഭൂമി ഡോട്ട് കോമിന്റെ' ചുമതലയുള്ള ഡെപ്യൂട്ടി എഡിറ്ററായിരുന്നു എന്‍.പി രാജേന്ദ്രന്‍. കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് നഗരസഭയുടെ പ്രഥമ കെ.എം അഹ്മദ് പുരസ്‌കാരം എന്‍.പി രാജേന്ദ്രന്


Keywords : Kasaragod, Kerala, K.M.Ahmed, Award, Media worker, NP Rajendran, Press. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia