city-gold-ad-for-blogger

അത്തനാടി പാലം അപ്രോച്ച് റോഡിനെ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ കൈയൊഴിഞ്ഞു

ദേലമ്പാടി: (www.kasargodvartha.com 22/02/2015) പയസ്വിനി പുഴയ്ക്കു കുറുകെ അത്തനാടി പാലം നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അപ്രോച്ച് റോഡിനായുള്ള നടപടികള്‍ പാതിവഴിയില്‍ നിലച്ചു. പാലം നിര്‍മാണമേറ്റെടുത്ത കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ അപ്രോച്ച് റോഡിനെ കൈയൊഴിഞ്ഞതാണ് പ്രശ്‌നത്തിനു കാരണം.

പടിയത്തടുക്ക - പരപ്പ, ശങ്കരമ്പാടി- പടുപ്പ് റോഡുകളെ പാലം വഴി ബന്ധിപ്പിക്കുന്ന മൂന്നു മീറ്റര്‍ വീതിയുള്ള റോഡാണ് പാലത്തിനടുത്ത് നിലവിലുള്ളത്. ഇതാകട്ടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. നിലവിലുള്ള വീതി കുറഞ്ഞ ഈ റോഡിനെ പാലവുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. അത്തനാടി പാലം ഗതാഗതത്തിനു തുറന്നാല്‍ കുറ്റിക്കോല്‍, പാണ്ടി പ്രദേശത്തുള്ളവര്‍ക്ക് ജില്ലാ ആസ്ഥാനത്തെത്താനുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വഴിയാണിത്.

കാസര്‍കോട്ടേക്കുള്ള ദൈര്‍ഘ്യം 15 കിലോമീറ്റര്‍ ഈ പ്രദേശത്തുകാര്‍ക്ക് കുറഞ്ഞു കിട്ടും. നിലവില്‍ അഡൂര്‍ പാലം വഴിയാണ് ഈ പ്രദേശത്തുകാര്‍ കാസര്‍കോട്ടെത്തുന്നത്. ചെര്‍ക്കള - ജാല്‍സൂര്‍ സംസ്ഥാന പാതയേയും അഡൂര്‍ - പാണ്ടി പി ഡബ്ല്യു ഡി റോഡിനേയും പരസ്പരം ബന്ധിപ്പിച്ചാണ് നാലര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അത്തനാടി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം നടത്തേണ്ടത്.  തുടക്കത്തില്‍ അപ്രോച്ച് റോഡടക്കമായിരുന്നു പാലത്തിന്റെ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ടെണ്ടര്‍ തുക കൂടുമെന്നു കണ്ട് അപ്രോച്ച് റോഡിനെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന.
പാലം നിര്‍മാണമാരംഭിച്ച ശേഷം അപ്രോച്ച് റോഡിന്റെ നിര്‍മാണം കൂടി പദ്ധതിയിലുള്‍പ്പെടുത്തുമെന്നായിരുന്നു ശിലാസ്ഥാപനവേളയില്‍ നാട്ടുകാര്‍ക്ക് ലഭിച്ച ഉറപ്പ്. എന്നാല്‍ നിര്‍മാണമേറ്റെടുത്ത കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ അപ്രോച്ച് റോഡെന്ന ആശയത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.

അത്തനാടി പാലം അപ്രോച്ച് റോഡിനെ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ കൈയൊഴിഞ്ഞു
File Photo
പാലം ഗതാഗതത്തിനു തുറന്നു കൊടുത്താല്‍ അപ്രോച്ച് റോഡില്ലാതെ വലിയ വാഹനങ്ങള്‍ക്കൊന്നും ഇതുവഴി പോകാനാകില്ല. അഞ്ചര മീറ്റര്‍ വീതിയിലുള്ള റോഡ് നിര്‍മിക്കാന്‍ യാതൊരു ആലോചനയും അധികൃതര്‍ നടത്തുന്നുമില്ല. വീതിയിലുള്ള പാലം ദ്രുതഗതിയില്‍ ഒരുങ്ങിയെന്നല്ലാതെ അതുകൊണ്ട് പ്രയോജനം ലഭിക്കാത്തതിന്റെ നിരാശയിലാണ് നാട്ടുകാരുള്ളത്. രണ്ടു വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോകാന്‍ തക്ക വീതിയൊന്നും നിലവിലുള്ള പോക്കറ്റ് റോഡുകള്‍ക്കില്ല.

റോഡാണെങ്കില്‍ പാടേ തകര്‍ന്നിട്ടുമുണ്ട്. പാലം ഗതാഗതത്തിനു തുറന്നാല്‍ ഇതുവഴി യഥേഷ്ടം വാഹനങ്ങള്‍ ഗതാഗതം നടത്തേണ്ടതാണ്. എന്നാല്‍  അപ്രോച്ച് റോഡ് ആവശ്യത്തിന് വീതിയില്‍ നിര്‍മിക്കാത്തിടത്തോളം പാലം കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Bridge, Construction plan, Adoor, Natives, Road. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia