city-gold-ad-for-blogger

എസ്. ഐയുടെ മരണം: അനാഥമാക്കിയത് കുടുംബത്തെ

മനോജ്‌

(www.kasargodvartha.com 02.12.2014)
'1008 ന്റെ ഇടയനായിരുന്നു
നന്നായി ഓടക്കുഴല്‍ വായിക്കുമായിരുന്നു
എന്നിട്ടും ഒരു ആട്ടിന്‍ കുട്ടി കൈവിട്ടപ്പോള്‍ തൂങ്ങിച്ചത്തു!'

ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്ത് ജാമ്യത്തിലിറങ്ങിയ ഗ്രേഡ് എസ്.ഐ.യെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവമാണ് മേല്‍പറഞ്ഞ കവിത ഓര്‍മിപ്പിച്ചത്.

മുള്ളേരിയ അഡൂര്‍ സ്വദേശിനിയും 24കാരിയുമായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ.യും കരിവെള്ളൂര്‍ വെള്ളച്ചാല്‍ സ്വദേശിയുമായ പി.വി സുഗുണനാ(52)ണ് മരിച്ചത്. ഇയാളെ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വീടിനു രണ്ടു കിലോ മീറ്റര്‍ അകലെ വേങ്ങപ്പാറ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണ്ടെത്തുകയായിരുന്നു.  സാധാരണ പോലെ രാവിലെ നടക്കാനിറങ്ങിയ സുഗുണന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണപ്പെട്ടത്. മരണം ആത്മഹത്യയാണെന്നു പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.

കേസില്‍ പ്രതിയാവുകയും അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തതിനെ തുടര്‍ന്നു മാനസികമായി ഏറെ തളര്‍ന്നിരുന്നു സുഗുണന്‍. താനിനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും ആത്മഹത്യചെയ്യുമെന്നും ഇയാള്‍ അടുത്ത ചില സുഹൃത്തുക്കളോടു പറഞ്ഞാതായാണ് അറിവ്. സുഗുണന്റെ അറസ്റ്റ് കുടുംബാംഗങ്ങളിലും ബന്ധുക്കളിലും മറ്റും ഏറെ മനോവിഷമവും അപമാനവും ഉണ്ടാക്കുകയും ചെയ്തിരുന്നു. അതിന്റെ പ്രത്യഘാതങ്ങള്‍ സുഗുണനെ തന്റെ ഭാവി ജീവിതത്തെ എത്തരത്തിലാക്കുമെന്നു ചിന്തിപ്പിച്ചിരുന്നേക്കാം. ജോലിയില്‍ നിന്നുള്ള സസ്‌പെന്‍ഷനും സുഗുണനെ ഏറെ തളര്‍ത്തിയിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമാണ് സുഗുണനുള്ളത്. വിദ്യാര്‍ത്ഥിനിയായ ഒരു മകളുടെ വിവാഹം കഴിയാനിരിക്കുന്നു.

അറസ്റ്റിലായ സുഗുണന്‍ കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നു ഹൈക്കോടതി ഇടപെട്ടാണ് ജാമ്യം ലഭിച്ച് നാല് ദിവസം മുമ്പ് വീട്ടിലെത്തിയത്.  കേസില്‍ പെട്ടത് മുതല്‍ മാനസിക സംഘര്‍ഷം അനുഭവിച്ചുവരുന്ന സുഗുണന് കഴിഞ്ഞ സംഭവങ്ങളുടെ ചിന്തകള്‍ ഏറെ നോവു സമ്മാനിച്ചിരുന്നതായും കരുതുന്നു.

നവംബര്‍ 11നാണ് പി.വി സുഗുണനെ എസ്.എം.എസ്. ഡി.വൈ.എസ്.പി. എല്‍. സുരേന്ദ്രന്‍ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റു ചെയ്തത്.

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയുടെ പരാതിയില്‍  താന്‍ രണ്ടുതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞിരുന്നു. 2014 മെയ് 25ന് ചൂരിയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ വെച്ചാണ് ആദ്യപീഡനമെന്നും  രണ്ടാമത്തേത് 2014 ജൂണില്‍ സുബ്രഹ്മണ്യം ക്ഷേത്രത്തിനടുത്ത ലോഡ്ജില്‍ വെച്ചാണെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.  ഡോക്ടറുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടി ഡോക്‌റുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനം നടന്ന ദിവസം രാത്രി ഒരു മണിയോടെ ഡോക്ടറുടെ ബന്ധുവായ മഞ്ചേശ്വരം പാവൂര്‍ കാനന്തട്ട സ്വദേശി പി. മുഹമ്മദ് ഹനീഫ (43) അടുക്കളയോടു ചേര്‍ന്നുള്ള മുറിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിപ്പെട്ടത്.  ഈ സംഭവത്തില്‍ ഹനീഫയും അറസ്റ്റിലായി റിമാന്‍ഡിലായിരുന്നു.

കടം കൊടുത്ത 10,000 രൂപ തിരികെ ലഭിക്കാത്തതിനാല്‍ പരാതി പറയാന്‍ ആദൂര്‍ സ്‌റ്റേഷനിലെത്തിയപ്പോഴാണ് യുവതി, ഗ്രേഡ് എസ്.ഐ. സുഗുണനുമായി പരിചയപ്പെട്ടത്. പിന്നീട് ഫോണിലൂടെയുള്ള സംസാരത്തിലൂടെ  ഇരുവരും കൂടുതല്‍ അടുക്കുകയായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇരുവരും സുബ്രഹ്മണ്യയില്‍ പോയതും അവിടെ മുറിയെടുത്ത് ഒന്നിച്ച് താമസിച്ചതും പീഡന സംഭവം ഉണ്ടായതും എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ജോലിക്കാരിപ്പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തുവരുന്നതു കണ്ട് ഡോക്ടറുടെ, ഡോക്ടറായ ഭാര്യ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ആദ്യമായി മനസിലാക്കിയത്. ഇത് ചിലർക്കിടയില്‍ അസ്വാസ്ഥ്യവും സംശയവും അകല്‍ച്ചയും ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ തന്നെ മുന്‍ കൈ എടുത്താണ് യുവതിയെ കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുപ്പിച്ചത്.

തന്നെ പീഡിപ്പിച്ചവരെക്കുറിച്ച് ഒരു തരത്തിലും പെണ്‍കുട്ടി ആരോടും ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് ഡോക്ടറുടെ ബന്ധുവായ ഹനീഫയും അതു കഴിഞ്ഞ് ആഴ്ചകളുടെ ഇടവേളയില്‍ യുവതിയെ സുഗുണനും പീഡിപ്പിച്ചു എന്നു പറയുന്ന സംഭവവും ഉണ്ടായതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. മുംബൈയിലെ ബിസിനസുകാരനും ഡോക്ടറുടെ സഹോദരീ ഭര്‍ത്താവുമാണ് മുഹമ്മദ് ഹനീഫ്. പീഡനക്കേസില്‍ പോലീസ് ഒന്നാം പ്രതിയാക്കിയതും ഹനീഫയെയാണ്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിനു മുമ്പ്, എസ്.പി. തോംസണ്‍ ജോസ്, സുഗുണനില്‍ നിന്നു വിശദമായ മൊഴിയെടുത്തിരുന്നു. സുഗുണന്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുകയും യുവതിയുടെ സമ്മത പ്രകാരമാണ് ബന്ധം പുലര്‍ത്തിയതെന്നും ഗര്‍ഭിണിയാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്നും പറഞ്ഞിരുന്നുവെന്നുമാണ് വിവരം. അതുകൊണ്ടുതന്നെ കുട്ടി തന്റേതല്ലെന്നും ഉറപ്പിച്ചുപറഞ്ഞിരുന്നു.

തിടുക്കത്തിലുള്ള അറസ്റ്റും അതിനെ തുടര്‍ന്നുണ്ടായ സസ്‌പെന്‍ഷനും മാനഹാനിയും മറ്റുമാണ് സുഗുണനെ മരണത്തിന്റെ വഴിയിലേക്കു നടത്തിച്ചത്. പോലീസുകാരനായിട്ടും നീതി നടപ്പാക്കുന്നതില്‍ പോലീസ് സേന തരിമ്പും കനിവ് സുഗുണനോടു കാട്ടിയില്ല എന്നത് ഇവിടെ സ്പഷ്ടമാണ്. ഇത് മാതൃകാപരവുമാണ്. അതേ സമയം നീതി നടപ്പാക്കാന്‍ നിയുക്തനായ, മികച്ച സേവനത്തിലൂടെ ഗ്രേഡ് എസ്.ഐ. വരെയായി ഉയര്‍ന്ന, സര്‍വ്വീസില്‍ നിന്നു വിരമിക്കാന്‍ രണ്ടോ, മൂന്നോ വര്‍ഷം മാത്രം അവശേഷിക്കേ സുഗുണന്‍ ചെയ്ത പ്രവൃത്തിയെ ഒരു തരത്തിലും ന്യായീകരിക്കാനും ആര്‍ക്കും  സാധിക്കുന്നില്ല. അപരാധം സംഭവിച്ചുവെങ്കില്‍ തന്നെയും സുഗുണന്‍ സ്വീകരിച്ച വഴി ഉള്‍ക്കൊള്ളാനും മനുഷ്യപക്ഷത്തു നിന്നു ചിന്തിക്കുമ്പോള്‍ ആര്‍ക്കും കഴിയുന്നില്ല എന്നത് മറ്റൊരു കാര്യം.

സുഗുണന്‍ പോയതോടെ അനാഥമായത് ഒരു കുടുംബമാണ്. ഈ കുടുംബത്തിന്റെ വിഷമതകള്‍ എന്തുപറഞ്ഞ് ആശ്വസിപ്പിക്കാന്‍ കഴിമെന്ന ചോദ്യം ബാക്കിയാണ്. ഒരു ദുര്‍ബല നിമിഷത്തില്‍ സുഗുണന് സംഭവിച്ച ഒരു അബദ്ധമായി ഇതിനെ കാണാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നീതി നടപ്പാക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയത്. പരാതി ഉണ്ടായിട്ടും നടപടി സ്വീകരിച്ചില്ല എങ്കില്‍ അതിന്റെ അപമാനം ഏറ്റുവാങ്ങേണ്ടിയിരുന്നത് പോലീസ് സേന ഒന്നടങ്കം തന്നെയായിരുന്നു.

സുഗുണന് പിന്നാലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും കഴിഞ്ഞ ദിവസം പീഡനക്കേസിലും കവര്‍ച്ചാ നടത്തിയെന്ന കേസിലും അറസ്റ്റുചെയ്യുകയുണ്ടായി. അബലകളും സാധാരണക്കാരുമായ സ്ര്തീകള്‍ക്കും മറ്റുള്ളവര്‍ക്കും നീതി നടപ്പാക്കേണ്ടവരും സമൂഹത്തിന് മുന്നില്‍ മാതൃകാ ജീവിതം നയിക്കേണ്ടവരുമായ പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഇത്തരം തെറ്റുകള്‍ സമൂഹത്തില്‍ തെറ്റായ ചിന്താഗതിയാണ് ഉണ്ടാക്കുന്നത്.

നേരത്തെ സഫിയ കൊലക്കേസില്‍ കേസ് ഒതുക്കാന്‍ ഒരു എ.എസ്.ഐ. ശ്രമിച്ചതും ഈ സംഭവങ്ങളുമായി കൂട്ടിവായിക്കേണ്ടതുണ്ട്. പോലീസ് സേനയിലെ കുറ്റവാളികളെ കണ്ടെത്തുക എന്നത് തന്നെയാണ് ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കേണ്ട നടപടി. എന്നാല്‍ ഇതിന്റെ മറുവശവും ചിന്തിക്കേണ്ടതുണ്ട്. സുഗുണന്റെ കുടുംബത്തിന് ഉണ്ടായതുപോലുള്ള അവസ്ഥ വരാതിരിക്കാന്‍ ഇനിയെങ്കിലും മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എസ്. ഐയുടെ മരണം: അനാഥമാക്കിയത് കുടുംബത്തെ


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Article, Article, Police, complaint, case, Mulleria, Adhur, Kasaragod, Kerala, suicide, case, Police, Molestation-attempt, complaint, police-station, Police officer found dead hanged.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia