city-gold-ad-for-blogger

വ്യാജ മണല്‍ പാസിനു പിന്നില്‍ കാസര്‍കോട്ടെ വന്‍ റാക്കറ്റ്; മറയാക്കിയത് ഓണ്‍ലൈന്‍ പത്രം, 3 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.12.2014) കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമായി വ്യാജ മണല്‍പാസ് നിര്‍മിച്ചുനല്‍കുന്ന സംഘത്തിനു പിന്നില്‍ വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. കാഞ്ഞങ്ങാട്ട് എം.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയുടെ ഉടമസ്ഥതയിലുള്ള കാഞ്ഞങ്ങാട് പഴയ കൈലാസ് തീയേറ്ററിന് മുന്നിലുള്ള മാള്‍ ഓഫ് ഇന്ത്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 'പ്രിന്റേജ്' എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇതുസംബന്ധിച്ചുള്ള രേഖകളും മറ്റും പോലീസിന് ലഭിച്ചത്.

18 ലക്ഷം രൂപ വിലവരുന്ന കോണിക കമ്പനിയുടെ ഡിജിറ്റല്‍ ലേസര്‍ പ്രിന്റര്‍, അനുബന്ധ ഉപകരണങ്ങള്‍, സര്‍ക്കാര്‍ മുദ്രയുള്ള വ്യാജ മണല്‍ പാസുകള്‍ എന്നിവയും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ചുവപ്പ് നിറത്തില്‍ സര്‍ക്കാര്‍ മുദ്രയും പച്ചനിറത്തില്‍ കാസര്‍കോട് ജില്ലാ അംഗീകൃത മണല്‍ പാസ് എന്നും അച്ചടിച്ച നിരവധി വ്യാജ മണല്‍ പാസുകളാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആബിദ് ആറങ്ങാടിക്കെതിരേയും കൂട്ടാളിയായ സഫീര്‍ ആറങ്ങാടിക്കെതിരേയും  ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘത്തിന്റെ സൂത്രധാരാന്‍ ബദിയടുക്ക സ്വദേശിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് നായക്‌സ് റോഡിലെ എസ്.എം.എസ്. ബില്‍ഡിംഗില്‍ ഇയാള്‍ ചെയര്‍മാനായ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഓഫീസിലും ഇയാളുടെ ബദിയടുക്ക ബീജന്തടുക്കയിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നുമാണ് ആബിദിന്റെ പ്രിന്റേജ് സ്ഥാപനത്തിലേക്ക് ഡിസൈന്‍ ചെയ്ത മണല്‍ പാസിന്റെ പകര്‍പ്പ് ഇ-മെയില്‍ വഴി അയച്ചുകൊടുക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആബിദിന്റെ സ്ഥാപനത്തിലെ ഇ-മെയില്‍ പരിശോധിച്ചപ്പോഴാണ് പാസിന്റെ ഡിസൈന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഓഫീസില്‍ നിന്നും അയച്ചുകൊടുത്തതായി പോലീസിന് വിവരം ലഭിച്ചത്.

കാസര്‍കോട് അഡീ. എസ്.ഐ. മൈക്കിളിന്റേയും എസ്.പിയുടെ കീഴിലുള്ള സൈബര്‍സെല്ലിന്റേയും ഷാഡോപോലീസിന്റേയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇവിടെനിന്നും ഏതാനും സീലുകളും രേഖകളും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ചില സര്‍ട്ടിഫിക്കറ്റുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ് എജുക്കേഷന്‍ സെന്റര്‍ ഉടമ അബ്ദുല്‍ ശരീഫിനെതിരെ കാസര്‍കോട് പോലിസ് കേസെടുത്തു. ബദിയടുക്ക സ്വദേശിയുടെ വീട്ടില്‍ ബദിയടുക്ക എസ്.ഐ. ദാമോദരന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇവിടെനിന്നും ഒന്നും കിട്ടിയിലെന്നാണ് എസ്.ഐ. അറിയിച്ചത്.

സംഘത്തില്‍ ഈയാളെ കൂടാതെ മറ്റു എതാനും പേരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. റെയ്ഡ് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. സംഭവത്തില്‍ കാസര്‍കോട് ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട്ടെ പ്രിന്റേജിലും മറ്റും പോലീസ് റെയ്ഡ് നടത്തിയത്. കോസ്റ്റല്‍ സി.ഐ. സി.കെ. സുനില്‍കുമാര്‍, ഹൊസ്ദുര്‍ഗ് എസ്.ഐ. ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആബിദിന്റെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്.

ഇവിടെ നിന്നും കമ്പ്യൂട്ടറുകള്‍, പ്രിന്റര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍കാര്‍ഡുകളുടെ പകര്‍പ്പുകള്‍, വ്യാജ മണല്‍പാസ് രേഖകല്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചതില്‍നിന്നുമാണ് വന്‍ റാക്കറ്റിനെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. പ്രിന്റേജിലെ മൂന്ന് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

കഴിഞ്ഞ ദിവസം വ്യാജ മണല്‍ പാസുമായി ലോറികള്‍ പിടികൂടിയതോടെയാണ് റാക്കറ്റിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. കേസില്‍നിന്നും ബദിയടുക്ക സ്വദേശിയും മറ്റു ചിലരേയും ഒഴിവാക്കാനും ആബിദിനേയും സഫീറിനേയും മാത്രം പ്രതിചേര്‍ക്കാനും ശക്തമായ രാഷ്ട്രീയ സമ്മര്‍ദം പോലീസിന് മേല്‍ ഉണ്ടായിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതേസമയം കേസില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് വെളിപ്പെടുത്തി.

ഹൊസ്ദുര്‍ഗ് പോലീസ് ഐ.ടി. ആക്ട് പ്രകാരം രണ്ട് വകുപ്പുകളും വ്യാജ രേഖ ചമക്കല്‍, സര്‍ക്കാറിനെ വഞ്ചിക്കല്‍, സര്‍ക്കാര്‍ രേഖകള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ അഞ്ചോളം വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം കാസര്‍കോട്, ബോവിക്കാനം, ബദിയടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിപിച്ചിട്ടുണ്ട്.

ഒരു ദിവസം തന്നെ 1,000 ത്തോളം മണല്‍പാസ് സംഘം നിര്‍മിച്ചുനല്‍കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വ്യാജ പാസുകള്‍ ഉപയോഗിച്ച് ജില്ലക്ക് പുറത്തേക്കും മണല്‍ കടത്തുന്നതായും വിവരമുണ്ട്. സര്‍ക്കാറിനേയും മറ്റും വഞ്ചിച്ച കേസായതിനാല്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.

സംഘത്തിലെ കണ്ണികളായ മറ്റുള്ളവരെകണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് കാഞ്ഞങ്ങാട്ടെ സ്ഥാപനത്തില്‍ നിന്നും വ്യാജ മണല്‍പാസ് ഉണ്ടാക്കി വിതരണം ചെയ്തുവന്നത്. സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട മണലാണ് വ്യാജ ഓണ്‍ലൈന്‍ പാസുണ്ടാക്കി സംഘം വിതരണം ചെയ്തുവന്നത്. കേസില്‍ ഉള്‍പെട്ട മറ്റുള്ളവരെ കുറിച്ചും കൂടുതല്‍ വിവരങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia