city-gold-ad-for-blogger

17 കാരനെ ദുരൂഹ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബേക്കല്‍: (www.kasargodvartha.com 03.11.2014) 17 കാരനെ ദുരൂഹ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ സൗത്ത് എല്‍.പി സ്‌കൂളിന് സമീപത്തെ ഉമേശന്‍-ശൈലജ ദമ്പതികളുടെ മകന്‍ അഖിലേഷിനെയാണ് (17) പള്ളിക്കരയിലെ റെയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ ടിക്കറ്റും ആധാര്‍ കാര്‍ഡും പേഴ്‌സില്‍ 10 രൂപയുമാണ് ഉണ്ടായിരുന്നത്.

കോഴിക്കോട് മാവൂര്‍ റോഡിലെ രുചി ഹോട്ടലില്‍ ജോലിക്കാരനായിരുന്ന അഖിലേഷ് രണ്ടാഴ്ച മുമ്പ് ജോലി മതിയാക്കി നാട്ടിലെത്തിയതായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൂച്ചക്കാട്ടെ അമ്മാവന്റെ വീട്ടിലേക്ക് വന്നിരുന്നു. ശനിയാഴ്ച കോഴിക്കോട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവിടെ നിന്നും ഇറങ്ങിയത്. എന്നാല്‍ അഖിലേഷ് കോഴിക്കോട്ടേക്ക് പോകാതെ മംഗലാപുരത്തേക്ക് പോയതായാണ് സംശയിക്കുന്നത്.

കോഴിക്കോട് ജോലി ചെയ്യുന്നതിനിടെ അവിടത്തെ ഒരു ഇന്റര്‍നെറ്റ് കഫെയില്‍ സ്ഥിരമായി വരാറുള്ള ഒരു യുവാവുമായി അഖിലേഷിന് സുഹൃദ് ബന്ധം ഉണ്ടായിരുന്നു. ഈ യുവാവിന്റെ വില കൂടിയ മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇത് അഖിലേഷ് വാങ്ങുകയും പണം വീട്ടിലുണ്ടെന്നും കൊണ്ടുവരാമെന്നും പറഞ്ഞ് നാട്ടിലേക്ക് വരികയുമായിരുന്നു. അഖിലേഷിനെ രണ്ടാഴ്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് മൊബൈല്‍ നല്‍കിയ സുഹൃത്ത് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫിലായിരുന്നു. സുഹൃത്തിന്റെ മാതാവ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥയാണ്. ഇവര്‍ ഹോട്ടലില്‍ നിന്നും അഖിലേഷിന്റെ അഡ്രസ് വാങ്ങി ഇതിലുള്ള അമ്മാവന്‍ മണിയുടെ നമ്പറില്‍ ബന്ധപ്പെട്ട് ഫോണോ പണമോ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അമ്മാവന്റെ വീട്ടില്‍ വന്ന അഖിലേഷ് മംഗലാപുരത്തേക്ക് പോയത് ഫോണ്‍ വില്‍ക്കാന്‍ വേണ്ടിയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ യുവാവിന്റെ പോക്കറ്റില്‍ 10 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ സിം കാര്‍ഡും പഴ്‌സില്‍ കണ്ടെത്തി. അഖിലേഷ് കാസര്‍കോട്ടേക്ക് മാത്രം ടിക്കറ്റ് എടുത്തത് എന്തിനാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ട്രെയിനില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ വീണതാകാമെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍ ട്രെയിനില്‍ നിന്ന് വീണാല്‍ എങ്ങനെ പാളത്തിന്റെ ഒത്ത നടുവില്‍ ദേഹത്ത് മറ്റു പരിക്കുകളൊന്നുമില്ലാതെ എത്തിയതെന്ന സംശയവും നിലനില്‍ക്കുകയാണ്.

തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ കൈക്കും പരിക്കുണ്ട്. പോലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൂച്ചക്കാട്ടെ ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
17 കാരനെ ദുരൂഹ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia