ഫോര്‍ട്ടു റോഡില്‍ മാലിന്യം തള്ളുമ്പോള്‍ ഓര്‍ക്കുക, ക്യാമറ വെച്ചിട്ടുണ്ട്!
Nov 26, 2014, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2014) ഫോര്‍ട്ട് റോഡില്‍ മാലിന്യം കൊണ്ടു തള്ളുന്നവരെ കുടുക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം നവംബര്‍ 30നു വൈകിട്ട് നാലു മണിക്ക് നഗരസഭാ ചെയര്മാന് ടി.ഇ. അബ്ദുല്ല നിര്‍വ്വഹിക്കും.
റോഡരികിലെ മാലിന്യനിക്ഷേപത്തില്‍ പൊറുതി മുട്ടിയ യൂത്ത് ലീഗ് ശാഖാ കമ്മിറ്റി, പോലീസിന്റെയും നഗര സഭയുടെയും അനുമതിയോടെയാണ് മൂന്നു ദിവസം മുമ്പ് ഫോര്‍ട്ട് റോഡില്‍ എസ്.എസ്.എ. ഓഫീസിനടുത്ത് ഒരു തൂണില്‍ മൂന്നു ഭാഗവും കാണുന്ന തരത്തില്‍ ഇന്‍ഫ്രാ റെഡ് ക്യാമറകള്‍ സ്ഥാപിച്ചത്. 20 മീറ്റര്‍ ദൂരത്തെ ദൃശ്യങ്ങള്‍ ക്യാമറകളില്‍ പതിക്കും.
ഒരു ലക്ഷത്തോളം രൂപയാണ് ഇതിനു ചെലവായത്. തൂണില്‍ എട്ടു ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംവിധാനമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തിയതെന്ന് യൂത്ത് ലീഗ് ശാഖാ ജനറല്‍ സെക്രട്ടറി നൗഷാദ് കരിപ്പൊടി പറഞ്ഞു.
മൂന്നു ദിവസം മുമ്പു സ്ഥാപിച്ച ക്യാമറയില്‍ ഇതിനകം ചിലര്‍ കുടുങ്ങിയെങ്കിലും അവരെ ബോധവല്‍ക്കരിച്ചു വിടുകയായിരുന്നുവെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
മാലിന്യം തള്ളുന്നതിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി ലഘുലേഖകളും നോട്ടീസും വിതരണം ചെയ്തിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയാ റാഷിദിന്റെ നേതൃത്വത്തില്‍ ജനസഭയും നടത്തിയിരുന്നു. എന്നാല്‍ മാലിന്യം തള്ളലിനു അറുതിയുണ്ടാകാത്ത സാഹചര്യത്തിലാണു ക്യാമറകള്‍ സ്ഥാപിച്ചത്.
Keywords : Kasaragod, Kerala, Muslim league, CCTV, Camera, Fort Road, Infrared Camera, Waste dumping: CCTV surveillance at Fort Road .