city-gold-ad-for-blogger

ഇനി സഹിച്ചു നില്‍ക്കേണ്ട; പഴയ ബസ് സ്റ്റാന്‍ഡില്‍ പൊതു മൂത്രപ്പുര ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 29.11.2014) കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഒരുക്കിയ മൂത്രപ്പുര ശനിയാഴ്ച രാവിലെ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നഗരവാസികളുടേയും വ്യാപാരികളുടേയും നഗരത്തിലെത്തുന്ന യാത്രക്കാരുടേയും ഏറെക്കാലത്തെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്.

വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറാ സത്താര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, ഇ. അബ്ദുര്‍ റഹ് മാന്‍ കുഞ്ഞു മാസ്റ്റര്‍, റുമൈസ റഫീഖ്, കൗണ്‍സിലര്‍മാരായ ശ്രീലത ടീച്ചര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കുഞ്ഞി മൊയ്തീന്‍, ഖാലിദ് പച്ചക്കാട്, മുനിസിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എന്‍. രാജന്‍, എഞ്ചിനീയര്‍ കെ.ബാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജശേഖര്‍, സുധീഷ്, മധു തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ താഴത്തെ നിലയില്‍ പടിഞ്ഞാറ് വശത്താണ് ആറ് ലക്ഷം രൂപ ചിലവില്‍ യൂറോപ്യന്‍ രീതിയിലുള്ള മൂത്രപ്പുര സജ്ജീകരിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്ക് എട്ട് മൂത്രപ്പുരയും മൂന്ന് വാഷ് ബേസുകളും കണ്ണാടിയും ഉണ്ട്. സ്ത്രീകള്‍ക്കാകട്ടെ മൂന്ന് മൂത്രപ്പുരയും മൂന്ന് വാഷ് ബേസുമാണ് ഒരുക്കിയത്. ഇതിന് പുറമെ അഞ്ച് ഹാന്‍ഡ് വാഷും രണ്ട് കുളിമുറിയും നിര്‍മ്മിച്ചിട്ടുണ്ട്. മൂത്രപ്പുരയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി പ്രത്യേക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതു മൂത്രപ്പുരയില്ലാത്തതിനാല്‍ പൊതു ജനങ്ങള്‍ വര്‍ഷങ്ങളായി ഏറെ ദുരിതം അനുഭവിച്ചു വരികയായിരുന്നു. നഗരത്തില്‍ എത്തിപ്പെടുന്ന സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. മൂത്രമൊഴിക്കാന്‍ നിവൃത്തിയില്ലാതെ ടെലിഫോണ്‍ ബൂത്തിലും വസ്ത്രക്കടകളിലെ ഡ്രെസ് മാറുന്ന മുറികളിലും മറ്റും കയറി സ്ത്രീകള്‍ മൂത്രമൊഴിച്ച സംഭവങ്ങള്‍ വരെ കാസര്‍കോട്ട് ഉണ്ടായിരുന്നു.

ഇപ്പോള്‍ നിലവിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിന് മുമ്പുണ്ടായിരുന്ന ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം മൂത്രപ്പുരകളും കക്കൂസുകളും ഉണ്ടായിരുന്നു. അവ തകര്‍ത്ത് പുതിയ ബിള്‍ഡിംഗ് പണിതപ്പോള്‍ ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു നഗരസഭ മൂത്രപ്പുര സ്ഥാപിച്ചത്. അവ തുടക്കത്തില്‍ തന്നെ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് അടച്ചിടുകയായിരുന്നു.

പിന്നീട് മൂത്രപ്പുരയുടെ കാര്യം തന്നെ അധികൃതര്‍ മറക്കുകയും ജനങ്ങള്‍ 'ശങ്ക' തീര്‍ക്കാനാകാതെ നെട്ടോട്ടമോടുകയുമായിരുന്നു. കാസര്‍കോട് നഗരത്തില്‍ മൂത്രപ്പുര ഇല്ലാത്ത കാര്യം വലിയ ചര്‍ച്ചാ വിഷയമാവുകയും പലഭാഗത്ത് നിന്നും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം പഴയ ബസ് സ്റ്റാന്‍ഡില്‍ ഇപ്പോള്‍ ബസ് സ്റ്റാന്‍ഡില്ലെന്നും നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് പുതിയ ബസ് സ്റ്റാന്‍ഡിലാണെന്നും അവിടെ മൂത്രപ്പുര ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു നഗരസഭാ അധികൃതര്‍ ന്യായീകരിച്ചത്. മാത്രമല്ല പഴയ ബസ് സ്റ്റാന്‍ഡില്‍ മൂത്രപ്പുര സ്ഥാപിക്കാനുള്ള സ്ഥലം നഗരസഭയ്ക്കില്ലെന്നും അവര്‍ മുട്ടുന്യായം പറഞ്ഞിരുന്നു.

അതിനിടെ പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ പടിഞ്ഞാറ് വശത്തായി ലക്ഷങ്ങള്‍ ചിലവിട്ട് ഇ- ടോയ്‌ലെറ്റ് സ്ഥാപിച്ചെങ്കിലും മാസം തികയുന്നതിന് മുമ്പ് തന്നെ തകരാറിലായ സംഭവമാണ് ഉണ്ടായത്. അതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരകളും കോഫി ഹൗസ് ഉള്‍പെടെയുള്ള ഹോട്ടലുകളിലേയും ലോഡ്ജുകളിലേയും ആരാധനാലയങ്ങളിലേയും മൂത്രപ്പുരകളാണ് യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നത്.

വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതു മൂത്രപ്പുര യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. പുതിയ ബിള്‍ഡിംഗ് പണിയുമ്പോള്‍ തന്നെ ഒരുക്കാമായിരുന്ന ഈ സൗകര്യം ഇത്രയും താമസിപ്പിച്ചതും ജനങ്ങളെ ബുദ്ധിമുട്ടിച്ചതും എന്തിന്റെ പേരിലാണെന്ന ചോദ്യവും ഇതോടൊപ്പം ജനമനസില്‍ ഉയരുന്നുണ്ട്.
ഇനി സഹിച്ചു നില്‍ക്കേണ്ട; പഴയ ബസ് സ്റ്റാന്‍ഡില്‍ പൊതു മൂത്രപ്പുര ഉദ്ഘാടനം ചെയ്തു
ഇനി സഹിച്ചു നില്‍ക്കേണ്ട; പഴയ ബസ് സ്റ്റാന്‍ഡില്‍ പൊതു മൂത്രപ്പുര ഉദ്ഘാടനം ചെയ്തു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എബോളയെ ചെറുക്കാനുള്ള മരുന്ന് പരീക്ഷണം വിജയത്തിലെക്കെന്ന് ഗവേഷകര്‍

Keywords: Kasaragod, Kerala, Public-toilet, inauguration, T.E Abdulla, Chairman, Natives, E-Toilet, Kasaragod Old Bus stand, Kasaragod New Bus stand, Public toilet opened.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia