city-gold-ad-for-blogger
Aster MIMS 10/10/2023

റിട്ട. എസ്.പി ഹബീബ് റഹ്മാനെ റാഞ്ചാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടു

കാസര്‍കോട്: (www.kasargodvartha.com 10.11.2014) റിട്ട. എസ്പി ഹബീബ് റഹ്മാനെ ലീഗിലെടുക്കാന്‍ ചര്‍ച്ച മുറുകിയിരിക്കെ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് റാഞ്ചാന്‍ പ്രദേശിക നേതൃത്വം പദ്ധതിയിട്ടു. ഹബീബ് റഹ്മാന്റെ ലീഗ് പ്രവേശനം പാര്‍ട്ടി നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഹബീബ് റഹ്മാന്‍ ലീഗിലേക്ക് പോകാതിരുന്നാല്‍ അദ്ദേഹത്തെ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് പ്രദേശിക നേതാക്കള്‍ ചരടുവലി തുടങ്ങിയത്. ഇതിന് ചില ലീഗ് നേതാക്കളുടെ പിന്തുണയുമുണ്ട്.

ഹബീബ് റഹ്മാനെ ലീഗിലെടുത്തില്ലെങ്കില്‍ ചെമ്മനാട് പഞ്ചായത്ത് ലീഗിലെ ഒന്ന്, രണ്ട്, 23 വാര്‍ഡ് കമ്മിറ്റികളിലെ ഭാവാഹികളും പ്രവര്‍ത്തകരും ഒന്നടങ്കം മുസ്ലിം ലീഗ് വിടാന്‍ തയ്യാറെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഹബീബിനെയും അദ്ദേഹത്തിന് ഒപ്പം നില്‍ക്കുന്ന പ്രമുഖരടക്കമുള്ളവരെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ച ഒരുഭാഗത്ത് ആരംഭിച്ചിരിക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഹബീബ് റഹ്മാനും കൂടെ നില്‍ക്കുന്നവരും കോണ്‍ഗ്രസിലേക്ക് വരുന്നത് വലിയ രാഷ്ട്രീയ നേട്ടമാകുമെന്നാണ് പ്രദേശിക നേതൃത്വം കരുതുന്നത്.

ചെമ്മനാട് ജമാഅത്ത് കമ്മിറ്റി, ജമാഅത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കോണ്‍ഗ്രസിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസവും കോണ്‍ഗ്രസിലെ മുസ്ലിം പ്രാദേശിക നേതാക്കള്‍ക്കുണ്ട്. മുമ്പ് ചെമ്മനാട് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്റെ അധീനതയിലായിരുന്നു. കഴിഞ്ഞ തവണ അത് മുസ്ലിം ലീഗിന് കൈമാറേണ്ടി വന്നു. എന്നാല്‍ യു.ഡി.എഫിലെ ധാരണ പ്രകാരം വൈസ് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ മുസ്ലിം ലീഗ് തയ്യാറായിരുന്നില്ല. ഇത് മുന്നണി ബന്ധത്തില്‍ ഇടച്ചില്‍ വരുത്തിയിരുന്നു.

പ്രസിഡണ്ടും വൈസ് പ്രസിഡണ്ട് സ്ഥാനവും ലീഗ് കയ്യടക്കി വെച്ചതിനെതിരെ ചെമ്മനാട് കോണ്‍ഗ്രസിനകത്ത് ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഹബീബിനെയും ഒപ്പം അദ്ദേഹത്തെ അനുകൂലിക്കുന്ന മുസ്ലിം ലീഗിലെ അസംതൃപ്ത വിഭാഗത്തെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നാല്‍ അത് മധുരമായ പ്രതികാരം വീട്ടലായി മാറുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസ് കുടുംബാംഗമാണെങ്കിലും ഹബീബിനെ സജീവമായ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു ഉള്‍ക്കാഴ്ച കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. ലീഗ് പ്രദേശിക നേതൃത്വമാണ് പ്രദേശത്തെ പ്രമുഖനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നാല്‍ അത് ലീഗിന് മുതല്‍ക്കൂട്ടാകുമെന്ന് തിരിച്ചറിഞ്ഞത്. സംസ്ഥാന നേതൃത്വത്തിന്റെയും പ്രമുഖരുടെയും ഒത്താശയും ഇതിനുണ്ടായിരുന്നു. ഹബീബ് ലീഗില്‍ അംഗത്വമെടുക്കാന്‍ നാട്ടുകാരായ ലീഗ് പ്രവര്‍ത്തകര്‍ അങ്ങോട്ട് ചെന്ന് ക്ഷണിക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെ നിലപാടുകളോടും പ്രവര്‍ത്തനങ്ങളോടും യോജിപ്പുള്ള അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇലയിട്ട് കൊടുത്തിട്ട് ചോറില്ലെന്ന് പറഞ്ഞത് പോലെയാണ് ഹബീബിന്റെ അംഗത്വ വിഷയം മാറിയിരിക്കുന്നത്. ഹബീബ് റഹ്മാനെ മുസ്ലിം ലീഗിലെടുക്കണമെന്ന കാര്യത്തില്‍ ചെമ്മനാട്ടെ മൂന്ന് വാര്‍ഡ് കമ്മിറ്റികളില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെന്നതും കൂട്ടി വായിക്കേണ്ടതുണ്ട്. ചെമ്മനാട്ടെ മറ്റു വാര്‍ഡുകളിലും ഹബീബിനെ അനുകൂലിക്കുന്നവരുണ്ട്. മികച്ചൊരു പോലീസ് ഉദ്യോഗസ്ഥനായ ഹബീബില്‍ മികച്ച ഒരു രാഷ്ട്രീയക്കാരനെയും സംഘാടകനെയും മുസ്ലിം ലീഗ് കാണുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ മുസ്ലിം ലീഗിലേക്ക് കൊണ്ടുവരാന്‍ ചെമ്മനാട്ടെ പാരമ്പര്യമുള്ള ലീഗ് രാഷ്ട്രീയ നേതൃത്വം തയ്യാറായത്.

ഹബീബ് റഹ്മാന് ലീഗ് അംഗത്വം നല്‍കാതിരിക്കുകയും കോണ്‍ഗ്രസില്‍ ചേക്കേറുകയും ചെയ്യുകയാണെങ്കില്‍ മുസ്ലിം ലീഗ് നല്‍കാന്‍ തീരുമാനിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ ഹബീബ് ലഭിക്കുകയും ചെയ്യും. തുടര്‍ന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍കൊള്ളുന്ന യു.ഡി.എഫ് വേദികളിലെല്ലാം അതുവഴി ഹബീബിന് സാന്നിധ്യമറിയിക്കാനാകും. ഇതും ഫലത്തില്‍ ലീഗിന് നാണക്കേടുണ്ടാക്കുകയും മറ്റൊരു പാര്‍ട്ടിക്ക് അവസരം എറിഞ്ഞുകൊടുക്കുന്നതിന് തുല്യമാവുകയും ചെയ്യും. ഇതൊക്കെ ഹബീബിനെ ലീഗിലേക്ക് കൊണ്ടുവരുന്നതിനെതിരെ കരുക്കള്‍ നീക്കിയവര്‍ക്കൊപ്പം പാര്‍ട്ടിക്കും കനത്ത തിരിച്ചടിയാകും.

സ്വീകരണത്തിന്റെ പോസ്റ്റര്‍ പോലും തയ്യാറാക്കി അംഗത്വ വിതരണ സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോഴാണ് ചില ഭാഗങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് ഹബീബിന്റെ ലീഗ് പ്രവേശനം താല്‍ക്കാലികമായി തടയപ്പെട്ടിരിക്കുന്നത്.

അതിനിടെ ഞായറാഴ്ച ചളിയങ്കോട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി യോഗം ബഹളത്തില്‍ മുങ്ങി. ഹബീബ് റഹ്മാനെ ലീഗിലെടുക്കുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട് അനുമതി നല്‍കിയെന്ന് ഒരുവിഭാഗം ആരോപിച്ചതോടെയാണ് ബഹളം തുടങ്ങിയത്.

വാര്‍ഡ് കമ്മിറ്റി ഇത്തരമൊരു ആവശ്യവുമായി രംഗത്ത് വന്നപ്പോള്‍ വാര്‍ഡിലെയും നാട്ടിലെയും പ്രവര്‍ത്തകരോട് കൂടിയാലോചിച്ച് പാര്‍ട്ടിക്ക് ഗുണകരമാകുന്ന പക്ഷം ഹബീബ് റഹ്മാന് അംഗത്വം നല്‍കുന്നതില്‍ വിയോജിപ്പില്ലെന്ന് വ്യക്തിപരമായി വാര്‍ഡ് കമ്മിറ്റിയെ താന്‍ അറിയിച്ചിരുന്നതായി പ്രസിഡണ്ട് വിശദീകരിച്ചു. അത് തെറ്റാണെങ്കില്‍ താന്‍ രാജിക്ക് സന്നദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹബീബ് റഹ്മാനെതിരെ നാളിതുവരെ രംഗത്തുണ്ടായിരുന്നവര്‍ തന്നെ അദ്ദേഹത്തെ ലീഗിലെടുക്കാന്‍ ഓടിനടക്കുന്നത് ശരിയല്ലെന്നും ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിച്ചതിന് പിന്നില്‍ ഹബീബ് ആണെന്നും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്തി പിന്നീട് ഹബീബിനെ പുണ്യാളനാക്കാന്‍ നടത്തുന്ന ശ്രമം എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും ഈ വിഭാഗം ചോദിച്ചു. വിഷയത്തില്‍ ചിലര്‍ പരസ്പരം കൊമ്പുകോര്‍ക്കുകയും ചെയ്തു. അതിനിടെ ബൈത്തുറഹ്മ പദ്ധതികള്‍ പഞ്ചായത്ത് മുസ്ലിം ലീഗില്‍ നടപ്പിലാക്കിയില്ലെന്ന ആരോപണമുയര്‍ന്നു. പഞ്ചായത്തില്‍ നടപ്പില്‍ വരുന്ന ബൈത്തുറഹ്മ പദ്ധതിയുടെ വിശദ വിവരങ്ങള്‍ പ്രസിഡണ്ട് വ്യക്തമാക്കിയതോടെ കെട്ടടങ്ങി.

ചില യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പെടെയുള്ള സംഘമാണ് ഹബീബ് റഹ്മാനെ പാര്‍ട്ടിയിലെടുക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒരേസമയം പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ഇവര്‍ കബളിപ്പിക്കുകയാണെന്നും യോഗത്തില്‍ ആക്ഷേപം ഉന്നയിക്കപ്പെട്ടു. തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിഷയം ജില്ലാ കമ്മിറ്റിക്ക് വിടുകയായിരുന്നു.

ഏതായാലും നവംബര്‍ 14ന് ശേഷം ചെമ്മനാട് ലീഗില്‍ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് സാധാരണ പ്രവര്‍ത്തകരും ഒപ്പം രാഷ്ട്രീയ സംഘടനകളും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

റിട്ട. എസ്.പി ഹബീബ് റഹ്മാനെ റാഞ്ചാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടു

Related News:
'ഖാസിയുടെ മരണം ആത്മഹത്യയല്ല', റിട്ട. എസ്പി ഹബീബ് റഹ്‌മാന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
Keywords : Kasaragod, Kerala, Congress, Muslim-league, Membership, Chemnad, Rtd SP Habeeb Rahman. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL