city-gold-ad-for-blogger

പഞ്ചായത്തുകള്‍ വിഭജിക്കും; തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 17.10.2014) ജനസംഖ്യയുടേയും വരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ പഞ്ചായത്തുകളെ വിഭജിക്കുന്ന നടപടി തദ്ദേശ സ്വയംഭരണവകുപ്പ് തുടങ്ങി. ഇതിന്റെ പരിശോധനകള്‍ ആരംഭിച്ചു. അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പഞ്ചായത്തുകള്‍ വിഭജിക്കുന്നത്. അതേസമയം നഗരസഭകളെ വിഭജനം ബാധിക്കില്ല.

പുതുതായി രൂപീകരിക്കുന്ന പഞ്ചായത്തുകളില്‍മാത്രമേ വാര്‍ഡ് വിഭജനം നടക്കുകയുള്ളു. ഈ സാഹചര്യത്തില്‍ പുതുതായി രൂപീകരിക്കുന്ന പഞ്ചായത്തുകളില്‍ ആധിപത്യം ഉറപ്പിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറെടുപ്പ് തുടങ്ങി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പുതുതായി രൂപീകരിക്കുന്ന പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പാര്‍ട്ടി കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പി. അടക്കമുള്ള മറ്റുകക്ഷികളും തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. എതിര്‍പാര്‍ട്ടിക്കാര്‍ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്ലാപാര്‍ട്ടികളും പരസ്പരം ഇപ്പോള്‍ സമരത്തില്‍ ഏര്‍പെട്ടുവരികയാണ്. പഞ്ചായത്ത് വിഭജനം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാര്‍ഡ് വിഭജനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

താഴെതട്ടില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാനും തീരുമാനിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എം. മജീദും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും പാര്‍ട്ടിയോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് വേണ്ടുന്ന എല്ലാ ആസൂത്രണവും പാര്‍ട്ടി നടത്തിക്കഴിഞ്ഞതായും നേതാക്കള്‍ അറിയിച്ചു.

ജനസംഖ്യയുടേയും വരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പഞ്ചായത്തുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ വാര്‍ഡ് വിഭജനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മുസ്ലിം ലീഗ് താഴേതട്ടിലുള്ള നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

വെള്ളിയാഴ്ച ചേരുന്ന കെ.പി.സി.സി. നിര്‍വാഹക സമിതിയോഗത്തിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സഞ്ചമാകാനുള്ള കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്നാണ് അറിയുന്നത്. കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ ജനപക്ഷയാത്ര ഇതിന്റെ തുടക്കമായിരിക്കും. സി.പി.എം. സംഘടനാതെരഞ്ഞെടുപ്പ് നടത്തുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും തയ്യാറെടുപ്പ് തുടങ്ങിയിരിക്കുകയാണ്. അണികളെ സജ്ജരാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രയോജനപ്പെടുത്താനാണ് തീരുമാനം.

കേരളത്തില്‍ ബി.ജെ.പി.യുടെ ഗതിനിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍പോകുന്നത്. കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിക്ക് അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമായിരിക്കും.
പഞ്ചായത്തുകള്‍ വിഭജിക്കും; തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
തനിക്ക് അപകടം പറ്റിയിട്ടില്ല- കമല്‍ഹാസന്‍
Keywords : Kasaragod, Panchayath, Political party, Kerala, Muslim League, Congress, CPM, BJP.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia