Join Whatsapp Group. Join now!
Aster MIMS 10/10/2023

സഹോദരങ്ങളുടെ അപകട മരണത്തില്‍ വിറങ്ങലിച്ച് നാട്

പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളില്‍ മുഴുകിയിരിക്കെയാണ് നെല്ലിക്കുന്നിലേക്ക് മൂന്ന് കുട്ടികളുടെ Kasaragod, Nellikunnu, Accident, Students, Death, Car, Bike, Kerala, Sajad, Mubarris, Afraq, Friends
കാസര്‍കോട്: (www.kasargodvartha.com 19.07.2014) പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളില്‍ മുഴുകിയിരിക്കെയാണ് നെല്ലിക്കുന്നിലേക്ക് മൂന്ന് കുട്ടികളുടെ അപകട മരണ വാര്‍ത്ത എത്തിയത്. ആദ്യം ഇത് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്കോ, ബന്ധുക്കള്‍ക്കോ സാധിച്ചില്ല. കേട്ടവാര്‍ത്ത സത്യമാവല്ലേയെന്ന് നെല്ലിക്കുന്ന് ഗ്രാമം ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. ശനിയാഴ്ച വൈകുന്നേരം നോമ്പ് തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നാടിനെ കണ്ണീരിലാഴ്ത്തി നെല്ലിക്കുന്നിലെ എ.എം.സി സാബിറിന്റെ മകന്‍ സജാദ് (15), നെല്ലിക്കുന്നിലെ മുഹമ്മദിന്റെ മകന്‍ മുബാരിസ് (10), നെല്ലിക്കുന്നിലെ അഫ്രാസിന്റെ മകന്‍ അഫ്രാക്ക് (ഏഴ്) എന്നിവരുടെ മരണ വാര്‍ത്ത എത്തിയത്.

സംഭവം അറിഞ്ഞവര്‍ ഉടന്‍ ആശുപത്രികളിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരായ മക്കളുടെ ചേതനയറ്റ മുഖമാണ് കാണാന്‍ സാധിച്ചത്. പലരും വിതുമ്പലടക്കാനാകാതെ വിങ്ങിപ്പൊട്ടി. പെരുന്നാളിന് അണിയാന്‍ വസ്ത്രങ്ങളും ചെരുപ്പും, മറ്റും വാങ്ങാനും ബന്ധു വീടുകള്‍ സന്ദര്‍ശിക്കാനുമുള്ള തയ്യാറെടുപ്പിലായിരുന്നു കുട്ടികള്‍.

എന്നാല്‍ അതിന് മുമ്പ് തന്നെ മരണം മൂവരെയും തട്ടിയെടുക്കുകയായിരുന്നു. റംസാന്‍ അവസാന പത്തിലേക്ക് കടന്ന സാഹചര്യത്തില്‍ നാട് പ്രാര്‍ത്ഥനകളില്‍ മുഴുകുകയും ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിച്ച് ഉറക്കമൊഴിച്ചിരിക്കുകയും ചെയ്യുമ്പോഴാണ് ദുരന്ത വാര്‍ത്ത നാടിനെ തേടിയെത്തിയത്.

അപകടത്തില്‍ മരിച്ച മുബാരിസും അഫ്രാക്കും സഹോദരങ്ങളുടെ മക്കളാണ്. ഗള്‍ഫില്‍ വിദ്യാര്‍ത്ഥിയായിരുന്ന സജാദും ഇവരുടെ ആത്മ മിത്രമായിരുന്നു. മൂവരും ശനിയാഴ്ച വൈകിട്ട് ഒന്നിച്ചാണ് സ്‌കൂട്ടറില്‍ യാത്ര പുറപ്പെട്ടത്. പഠനത്തിലും മതകാര്യങ്ങളിലും മികവ് പുലര്‍ത്തിയ കുട്ടികളെ കുറിച്ച് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളൂ.

പെരുന്നാള്‍ അത്യാഹ്ലാദ പൂര്‍വ്വം ആഘോഷിക്കാനുള്ള ആഗ്രഹത്തിലും തയ്യാറെടുപ്പിലുമായിരുന്നു ഈ സഹോദരങ്ങള്‍. നാടും നഗരവും പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ മൂന്ന് കുട്ടികളുടെ അപകട മരണം നാടെങ്ങും മ്ലാനത പരത്തി. ജനപ്രതിനിധികളും പൗരപ്രമുഖരും ഉള്‍പെടെ നിരവധി പേര്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ച ജനറല്‍ ആശുപത്രിയിലും, വീടുകളിലും എത്തി. വിങ്ങിപ്പൊട്ടുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയായിരുന്നു. ദുഃഖത്തില്‍ പങ്കുചേരാനെന്നവണ്ണം മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു.



Post a Comment