20,21 തീയതികളിലെ ദേശീയ പണിമുടക്കില്‍ ട്രെയിന്‍ - റോഡ് ഗതാഗതം സ്തംഭിപ്പിക്കും
Feb 12, 2013, 21:29 IST
കാസര്‍കോട്: ഫെബ്രുവരി 20,21 തീയതികളില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ ട്രെയിന്‍ -റോഡ് ഗതാഗതവും, ബി.എസ്.എന്‍.എല്‍, വൈദ്യുതി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളും സ്തംഭിപ്പിക്കുമെന്ന് സംയുക്ത ട്രേയ്ഡ് യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു, യു.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, എന്‍.എല്‍.യു, ജെ.ഡി.യു, തുടങ്ങി എല്ലാ ട്രേഡ് യൂണിയനുകളും 48 മണിക്കൂര്‍ പണിമുടക്കില്‍ അണിനിരക്കുന്നുണ്ടെന്ന പ്രത്യേകതയും ഈ പണിമുടക്കിനുണ്ട്.
വിലക്കയറ്റം തടയുക, തൊഴിലും കൂലിയും സംരക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുക, മിനിമം വേതനം 10,000 രൂപയായി നിശ്ചയിക്കുക, എല്ലാവര്ക്കും പെന്ഷന് ഉറപ്പാക്കുക തുടങ്ങിയ10 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. 19 ന് അര്‍ദ്ധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 21 ന് അര്‍ദ്ധരാത്രിയാണ് അവസാനിക്കുന്നത്.
18 ന് പ്രമുഖ കേന്ദ്രങ്ങളില്‍ വിളംബര ജാഥ നടക്കും. ഫെബ്രുവരി 13 മുതല്‍ 16 വരെ സമരപ്രചരണ വാഹനജാഥയും നടത്തും. ജാഥയ്ക്ക് 41 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. പണിമുടക്കില്‍ നിന്നും പത്രം, പാല്, ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.
വാര്‍ത്താസമ്മേളനത്തില്‍ ടി.കൃഷ്ണന്, കെ.പി.മുഹമ്മദ് അഷ്റഫ്, ടി.കെ.രാജന്, കെ.വി.കൃഷ്ണന്, കരിവെള്ളൂര്‍ വിജയന്, സി.എം.എ.ജലീല്‍, കെ.വി.ദാമോദരന്‍, ഷാഹുല്‍ ഹമീദ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Transport, Labour, Cost,kasaragod, Strike, Train, Road, Vehicle, Office- Bearers, Press meet, Trade-union, Protect, Increase, News, Milk, Hospital, Medical store, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







