പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ തുടങ്ങി
Feb 23, 2013, 15:59 IST
കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്)യില്‍ ആരംഭിച്ചു. പെര്‍ള ദേവലോകം കടപ്പുവിലെ ശ്രീകൃഷ്ണ ഭട്ടിനെയും (42) ഭാര്യ ശ്രീമതി ഭട്ടിനെയും (35) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ആരംഭിച്ചത്. ദുര്‍മന്ത്രവാദി കര്‍ണാടക സാഗര്‍ ജന്നത്ത് ഗല്ലി ഇക്കേരി റോഡിലെ എസ്.എച്ച്. ഇമാം ഹുസൈനാണ് (52) പ്രതി.
ഈ കേസില്‍ 18 വര്‍ഷത്തിനുശേഷമാണ് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റു ചെയ്തത്. ശ്രീകൃഷ്ണ ഭട്ടിനെ വീടിനു പുറത്തുവെച്ച് തലയ്ക്കടിച്ചു വീഴ്ത്തി കുത്തിക്കൊലപ്പെടുത്തുകയും, ഭാര്യ ശ്രീമതിയെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. 1993 ഒക്ടോബര്‍ ഒമ്പതിനാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്.
മരിച്ച ശ്രീകൃഷ്ണഭട്ടിന്റെ മൂത്ത സഹോദരന്‍ മഹാലിംഗ ഭട്ടിനെയാണ് വെള്ളിയാഴ്ച കോടതിയില്‍ വിസ്തരിച്ചത്. കൊലപാതക വിവരമറിഞ്ഞ് രാവിലെ 7.30 മണിയോടെ എത്തിയപ്പോള്‍ ശ്രീമതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയിലും മേശവലിപ്പ് കുത്തിപ്പൊളിച്ച നിലയിലുമായിരുന്നുവെന്ന് മഹാലിംഗേശ്വര ഭട്ട കോടതിയില്‍ മൊഴി നല്‍കി. വീട്ടില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടന്നതായും മുറ്റത്ത് കോഴിയെ കാലില്‍ കെട്ടിയ നിലയിലും സമീപത്ത് രക്തം പുരണ്ട കത്തിയും കണ്ടതായി സാക്ഷി മൊഴി നല്‍കി. അന്വേഷിച്ചപ്പോള്‍ പുറത്തെ കമുകിന്‍ തോട്ടത്തില്‍ മണ്ണു മൂടിയ നിലയില്‍ ശ്രീകൃഷ്ണഭട്ടിന്റെ മൃതദേഹം കണ്ടുവെന്നും ശ്രീകൃഷ്ണഭട്ടിന്റെ മക്കളായ നിരഞ്ജനയും മുരളീ കൃഷ്ണയും സംഭവ സ്ഥലത്ത് എത്തിയിരുന്നതായും മഹാലിംഗ ഭട്ട് മൊഴി നല്‍കി.
അടക്കാത്തോട്ടത്തിലെ നിധി കുഴിച്ചെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതി ഇമാം ഹുസൈന്‍ കൊലപാതകങ്ങള്‍ നടത്തി സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് സാക്ഷി കോടതിയെ അറിയിച്ചു. കൊലയക്കുപയോഗിച്ചതായി കരുതുന്ന കത്തിയും മഹാലിംഗേശ്വര ഭട്ട് തിരിച്ചറിഞ്ഞു. പ്രതി ഇമാം ഹുസൈനെ 2012 ഏപ്രില്‍ 21 നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ഭട്ടിന്റെ മക്കളെ അടുത്ത ദിവസങ്ങളില്‍ വിസ്തരിക്കും.
കേസില്‍ മൊത്തം 68 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസയാണ് കോടതിയില്‍ ഹാജരായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് ഇതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.
Keywords: Devalogam, Trial, Blood,Gold,Murder-case, Kasaragod, Court, Karnataka, Road, House, Children, Brothers, Crimebranch, Arrest, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.






