അടുക്കത്ത്ബയലില്‍ സംഘര്‍ഷം: കല്ലേറില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്ക്
Aug 12, 2012, 16:41 IST
കാസര്‍കോട്: അടുക്കത്ത്ബയല്‍ അര്ജാര് റോഡില്‍ ഒരു സംഘം നടത്തിയ കല്ലേറിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. ഏതാനും വാഹനങ്ങളും എറിഞ്ഞു തകര്‍ത്തു. വിവരമറിഞ്ഞെത്തിയ പോലീസിനു നേരെയും കല്ലേറുണ്ടായി.
വൈകിട്ട് മൂന്നുമണിയോടെ അര്ജാര് റോഡില്‍ ഭണ്ഡാരത്തിനടുത്ത് കൂടി നിന്ന് യുവാക്കള്‍ക്ക് നേരെ ഓട്ടോയിലെത്തിയ സംഘം കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് സംഘടിച്ച് മറ്റൊരു സംഘം തിരിച്ചും കല്ലേറ് നടത്തി. അടുക്കത്ത്ബയലിലെ ആരാധനാലയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട എരിയാല്‍ സ്വദേശിയുടെ കാറടക്കം നിരവധി വാഹനങ്ങള്‍ എറിഞ്ഞുതകര്‍ത്തു. നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്.
കാസര്‍കോട് അഡീഷണല്‍ എസ്.ഐ., എസ്.കെ. വിജയന്(49), എ.ആര് ക്യാമ്പിലെ സതീഷ് കുമാര്‍(25) എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എ.എസ്.പി., ഷിബുവിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. യു.ഡി.എഫ് ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല, സിഡ്കോ ചെയര്മാന് സി.ടി. അഹമ്മദലി, ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
Keywords: Stone pelting, Clash, Adkathbail, Kasaragod







