വ്യാപരിയേയും സുഹൃത്തിനേയും യുവതികളെ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടി
Mar 2, 2012, 11:38 IST
കാസര്‍കോട്: നീലേശ്വരത്തെ ബേക്കറി ഉടമയേയും സുഹൃത്തിനേയും യുവതികളെ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണവും, മൊബൈല്‍ഫോണും, സാന്‍ട്രോ കാറും തട്ടിയെടുത്തു. സംഘത്തിന്റെ പിടിയില്‍ നിന്നും ഓടിരക്ഷപ്പെട്ട് വ്യാപാരിയും സുഹൃത്തും കാസര്‍കോട് ടൗണ്‍ പോലീസില്‍ അഭയംതേടുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നീലേശ്വരം ടൗണില്‍ ബേക്കറികട നടത്തുന്ന തൈക്കടപ്പുറം ചിറമ്മലിലെ അബ്ദുല്ലയുടെ മകന്‍ സി.എച്ച്. ഷംസുദ്ദീന്‍(32), സുഹൃത്ത് നീലേശ്വരത്തെ ബി.പി.ഷംസുദ്ദീന്‍(33) എന്നിവരാണ് കാസര്‍കോട്ടെ വന്‍ റാക്കറ്റിന്റെ ചതിയില്‍പ്പെട്ടത്. നേരത്തെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട രണ്ട് യുവതികള്‍ ഇരുവരെയും വ്യാഴാഴ്ച ഉച്ചയ്ക്ക് കാസര്‍കോട്ടേക്ക് നേരില്‍ കാണാന്‍ ക്ഷണിച്ചിരുന്നു. ഉച്ചയ്ക്ക് 12.30 മണിക്ക് എത്താനായിരുന്നു ആവശ്യപ്പെട്ടത്. ഇതുപ്രകാരം സി.എച്ച്.ഷംസുദ്ദീന്‍ തന്റെ കെ.എല്‍.60.സി-2602 നമ്പര്‍ ചുവന്ന സാന്‍ട്രോകാറില്‍ സുഹൃത്ത് ഷംസുദ്ദീനോടൊപ്പം കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ ബിഗ്ബസാറിന് മുന്നിലെത്തുകയായിരുന്നു. പറഞ്ഞ സമയത്ത് തന്നെ പര്‍ദ്ദ ധരിച്ച 22 വയസ് പ്രായം തോന്നിക്കുന്ന രണ്ട് യുവതികള്‍ ഇവരെ സമീപിക്കുകയും ഫോണില്‍ ബന്ധപ്പെട്ടുവന്നത് തങ്ങളാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം നാലുപേരും ബിഗ്ബസാറില്‍ പര്‍ച്ചേസിംഗ് നടത്തുകയും ചെയ്തു. പിന്നീട് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം തങ്ങളുടെ ബന്ധത്തില്‍പ്പെട്ടയാളുടെ വീടുണ്ടെന്ന് പറഞ്ഞ് അവിടേക്ക് ക്ഷണിക്കുകയായിരുന്നു.
നാലുപേരും കാറില്‍ കയറി നഗരത്തിന് പുറത്ത് വിജനമായ സ്ഥലത്തെത്തുകയും അവിടെയുള്ള വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിനിടിയില്‍ മൂന്ന് യുവാക്കള്‍ വന്ന് ഇവരെ തടയുകയും സ്ത്രീകളോടൊപ്പം ചുറ്റികറങ്ങിയതിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ചെയ്തു. വ്യാപാരിയുടെയും സുഹൃത്തിന്റെയും കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പേഴ്‌സും 2500 രൂപയും പിടിച്ചുപറിച്ചു. ഇതിന് ശേഷം യുവതികളെയും വ്യാപാരിയെയും സുഹൃത്തിനെയും കാറില്‍ കയറ്റിയ സംഘം അരമണിക്കൂറോളം പലഭാഗത്തും കറങ്ങുകയും വിട്ടയക്കാന്‍ 50,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടിയല്‍ ഉളിയത്തടുക്കയിലെത്തിയപ്പോള്‍ ആക്‌സിസ് ബാങ്കിന്റെ എടിഎം കൗണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് എടിഎം കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. 5000 രൂപ എടിഎം കൗണ്ടറില്‍ നിന്നും എടുത്ത് കൊടുക്കുകയും ചെയ്തു. ബാലന്‍സ് ഉള്ള 4000 രൂപ കൂടി എടുത്ത് കൊടുക്കണമെന്നാവശ്യപ്പെട്ട് ഇവരെ വീണ്ടും എടിഎം കൗണ്ടറിലേക്ക് സംഘം പറഞ്ഞുവിടുകയായിരുന്നു.
ഇതിനിടിയില്‍ വ്യാപാരിയും സുഹൃത്തും തന്ത്രപൂര്‍വ്വം സംഘത്തിന്റെ പിടിയില്‍ നിന്നും ഓടിരക്ഷപ്പെടുകയും കാസര്‍കോട് ടൗണ്‍പോലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിക്കുകയുമായിരുന്നു. ഇതിനിടിയില്‍ സംഘം യുവതികളുമായി കാറില്‍ കടന്നുകളഞ്ഞിരുന്നു. സംഘത്തില്‍പ്പെട്ട ഒരാളാണ് കാറോടിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഐപിസി 395 വകുപ്പ് പ്രകാരം ഗൂഡാലോചനയടക്കം പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. കാര്‍ കണ്ടെത്താനും പ്രതികളെ പിടികൂടുന്നതിനുമായി പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. കാസര്‍കോട്ട് അടുത്ത് കാലത്ത് യുവതികളെ ഉപയോഗിച്ച് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വ്യാപകമായിട്ടുണ്ട്. വന്‍ റാക്കറ്റ് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.
Keywords: Blackmail, Merchant, Nileshwaram, Kasaragod







