city-gold-ad-for-blogger

കെ.സുരേന്ദ്രന്റെ നീക്കം ദുരൂഹം: സംയുക്തജമാഅത്ത്

കെ.സുരേന്ദ്രന്റെ നീക്കം ദുരൂഹം: സംയുക്തജമാഅത്ത്
കാസര്‍കോട്: നബിദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടെ ചില പ്രാദേശിക ജമാഅത്തുകള്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റേതിന് സമാനമായ വേഷവിധാനമണിഞ്ഞ സംഭവം സമാധാന പൂര്‍ണ്ണമായ സാമൂഹിക സംവിധാനത്തെ തകര്‍ക്കുമാറുള്ള വിവാദമാക്കി തീര്‍ക്കാനുള്ള ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന്റെ നീക്കം അത്യന്തം ദുരൂഹമാണെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രസ്തുത വേഷം ധരിച്ച യുവാക്കള്‍ വിപണിയില്‍ ലഭിക്കുന്ന ആകര്‍ഷണീയമായ വേഷമെന്നതിനപ്പുറം രാഷ്ട്ര സൈന്യ സംവിധാനത്തെ അവമതിക്കാനോ വെല്ലുവിളിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നതാണ് സത്യം. ഇത്തരമൊരു വേഷവിധാനം സ്വീകരിക്കുന്നതിന്റെ നിയമ വഷങ്ങളെ കുറിച്ച് അറിവില്ലാത്ത ഏതാനും യുവാക്കളുടെ അത്യാവേശം ആ നിലയില്‍ കണ്ടു തിരുത്തിക്കാന്‍ ശ്രമിക്കുക എന്ന രാജ്യസ്‌നേഹപരമായ ദൗത്യമാണ് രാഷ്ട്രത്തോട് പ്രതിബദ്ധതയുള്ളവര്‍ നിര്‍വ്വഹിക്കേണ്ടത്. നിയമത്തെകുറിച്ചുള്ള അജ്ഞതകൊണ്ട് സംഭവിച്ച അത്യാവേശത്തിന് യുവാക്കള്‍ക്ക് വേണ്ടി സംയുക്ത ജമാഅത്ത് ഖേദം പ്രകടിപ്പിക്കുന്നു.
സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗമായ മെട്രോ മുഹമ്മദ് ഹാജി പതിറ്റാണ്ടിലേറെക്കാലമായി നേതൃത്വം നല്‍കിവരുന്ന കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തും അതിനു കീഴില്‍ വരുന്ന എഴുപതില്‍പരം പ്രാദേശിക മഹല്ല് ജമാഅത്തുകളും സമുദായിക സൗഹാര്‍ദ്ദത്തിന് വേണ്ടി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അന്യജില്ലയില്‍ നിന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ കുടിയേറിപ്പാര്‍ത്ത കെ.സുരേന്ദ്രന് അറിയില്ലെങ്കില്‍ ജില്ലയിലെ ബി.ജെ.പി. നേതാക്കളോടും മറ്റ് ഹൈന്ദവ സംഘടന നേതാക്കളോടും ചോദിച്ചാല്‍ മനസ്സിലാകുമായിരുന്നു. വ്യക്തിപരമായി മെട്രോ ഹാജിയെ അറിയുന്ന സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ വിഭാഗം നേതാക്കള്‍ക്കും വിശിഷ്യാ ആദരണീയരായ പേജാവര്‍, എടനീര്‍ മാഠാധിപതികളടക്കമുള്ള ആത്മീയ നേതാക്കള്‍ക്കും അദ്ദേഹത്തിന്റെ മതേതര-സൗഹാര്‍ദ്ദ നിലപാടുകള്‍ അറിയുന്നതാണ്. അദ്ദേഹത്തിന്റെ പേരില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വല്ലാത്ത കേസുകളുടെ നുണക്കഥകള്‍ തട്ടി വിടുന്ന സുരേന്ദ്രന്‍ നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുകയാണെന്നും സംയുക്ത ജമാഅത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
തീവ്രവാദത്തിനെതിരെ അതിശക്തമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. കാഞ്ഞങ്ങാട്ടെ നിര്‍ഭാഗ്യകരമായ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ ഏറെ ത്യാഗ പൂര്‍ണ്ണമായ നിലപാട് തന്നെയാണ് ഞങ്ങള്‍ സ്വീകരിച്ചത്. അന്നും സമാധാന നീക്കത്തെ അട്ടിമറിക്കാന്‍ വിദൂഷക വേഷം കെട്ടിയ കെ.സുരേന്ദ്രന്‍ ജില്ലയില്‍ താമസത്തിനെത്തിയതിനു ശേഷമാണ് ഇവിടെ സാമുദായിക സംഘര്‍ഷം വ്യാപിച്ചത്. ഇക്കാര്യങ്ങളൊക്കെ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. ഏത് വിഷയത്തിലും തുറന്ന സമീപനമുള്ള സംയുക്ത ജമാഅത്തിന് യൂനിഫോം വിഷയത്തിലും ഏത് അന്വേഷണവും നേരിടാന്‍ മടിയില്ല.
സൈന്യത്തിന്റെ ആയുധവും സാമഗ്രികളും കവര്‍ന്നെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ ആക്രമണം നടത്തി തീവ്രവാദ വിരുദ്ധ സേനയുടെയും, ദേശീയ അന്വേഷണ ഏജന്‍സിയുടെയും അന്വേഷണങ്ങില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്നത് ഏത് പ്രസ്ഥാനമാണെന്നും ഏത് നേതാക്കളാണെന്നും കെ.സുരേന്ദ്രന് ഓര്‍മ്മ ഉണ്ടാവണമെന്നും, സംയുക്ത മുസ്‌ലീം ജമാഅത്ത് ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.പി.അബ്ദുര്‍ റഹ്മാന്‍ ഹാജി, ബഷീര്‍ ആറങ്ങടി, അബ്ദുര്‍ റഹ്മാന്‍ പെരുമ്പട്ട എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Surendran, Milad E sherief , march, rally.
Also Read: 

'സുരേന്ദ്രന്‍ കാസര്‍കോടിനെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു'

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia