ഡിസംബര്‍ 6: കാസര്‍കോട്ട് ഇത്തവണയും അപ്രഖ്യാപിത ഹര്‍ത്താല്‍
Dec 6, 2011, 10:34 IST
കാസര്‍കോട്: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികമായ ഡിസംബര്‍ 6ന് കാസര്‍കോട്ട് അപ്രഖ്യാപിത ഹര്‍ത്താല്‍. എല്ലാ വര്‍ഷവും കാസര്‍കോട്ട് ഇതുതന്നെയാണ് സ്ഥിതി. നാല് കെ.എസ്.ആര്‍.ടി.സി.ബസുകളും ഒരു ലോറിയും തിങ്കളാഴ്ച രാത്രിയിലും, ചൊവ്വാഴ്ച പുലര്‍ച്ചേയുമായി കാസര്‍കോട്ടെ വിവിധ ഭാഗങ്ങളില്‍ കല്ലെറിഞ്ഞ് തകര്‍ത്തു.
Photo: Srikanth Kasaragod, Keywords: Babari-masjid, Harthal, Kasaragod
കുമ്പള ആരിക്കാടിയില്‍ വെച്ച് ആര്‍എസി 376 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ് തിങ്കളാഴ്ച രാത്രി 9 മണിക്ക് കല്ലെറിഞ്ഞ് തകര്‍ത്തു. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് തകര്‍ത്തത്. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ടിഎസ് 53 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ് ചൊവ്വാഴ്ച പുലര്‍ച്ചേ 4.45ന് നായന്മാര്‍മൂലയില്‍ വെച്ച് കല്ലെറിഞ്ഞ് തകര്‍ത്തു. കാസര്‍കോട്- കമ്പാര്‍ റൂട്ടിലോടുന്ന ടിപി 410 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ് ചൗക്കി മജലില്‍ വെച്ച് കല്ലെറിഞ്ഞ് തകര്‍ത്തു. കാസര്‍കോട്ട് നിന്നും എറണാകുളത്തേക്ക് പോകുന്ന ആര്‍എന്‍ഇ 623 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ് ചെര്‍ക്കളയില്‍ വെച്ച് കല്ലെറിഞ്ഞ് തകര്‍ത്തു. ചൗക്കിയില്‍ വെച്ച് കെ.എ.19.എഫ്-2886 നമ്പര്‍ ലോറി തിങ്കളാഴ്ച രാത്രി 9 മണിക്ക് കല്ലെറിഞ്ഞ് തകര്‍ത്തു. ചൗക്കി മജലില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് നിരവധി വാഹനങ്ങള്‍ക്കും കല്ലേറില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്.
വാഹനഗതാഗതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യവാഹനങ്ങളും മാത്രമാണ് ഓടുന്നത്. കാസര്‍കോട്ടെ ശ്രീകൃഷ്ണ ഹാര്‍ഡ്‌വേഴ്‌സ് കടയ്ക്കുനേരെ കല്ലെറ് നടന്നു. കടകളും വ്യാപാരസ്ഥാപനങ്ങളും പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. വന്‍പോലീസ് സന്നാഹം കാസര്‍കോട് താലൂക്ക് പരിധിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് എതാനും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. തളങ്കര ഭാഗത്തേക്കും, കമ്പാര്‍ ഭാഗത്തേക്കും രണ്ട് സ്വകാര്യ ബസുകള്‍ മാത്രം ഓടി. മറ്റ് സ്വകാര്യ ബസുകളെല്ലാം പൂര്‍ണ്ണമായും ഓട്ടം നിര്‍ത്തിവെച്ചു. കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കനത്ത ജാഗ്രതപാലിച്ചുവരികയാണ്.
മഞ്ചേശ്വരം: മഞ്ചേശ്വരത്തും ഉപ്പളയിലും വാഹനങ്ങള്‍ക്ക് നേരെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി വ്യാപകമായ കല്ലേറ് നടന്നു. കല്ലേറില്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപം ഒരു കെ.എസ്.ആര്‍.ടി.സി. ബസിനും ഉപ്പള ബായര്‍, പദവ് എന്നീ സ്ഥലങ്ങളില്‍ രണ്ട് സ്വകാര്യ ബസുകള്‍ക്കും കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചു. ഈ ഭാഗത്തെ നിരവധി വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് നടന്നു. കല്ലേറിനെ തുടര്‍ന്ന് ടാങ്കര്‍ ലോറികളടക്കമുള്ള വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
Photo: Srikanth Kasaragod, Keywords: Babari-masjid, Harthal, Kasaragod








