കേന്ദ്ര മെഡിക്കല്‍ കോളജിനെതിരെ മംഗലാപുരം ലോബി പിടിമുറുക്കുന്നു
Sep 13, 2011, 18:07 IST
മംഗലാപുരം: കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് കീഴില്‍ അനുവദിക്കപ്പെട്ട മെഡിക്കല്‍കോളജ് കാസര്‍കോട്ട് നിന്നും മാറ്റാന്‍ രംഗത്തിറങ്ങിയ മംഗലാപുരത്തെ മെഡിക്കല്‍ ലോബി പിടിമുറുക്കുന്നു. കേന്ദ്രമെഡിക്കല്‍ കോളജ് കാസര് കോട്ട് നിന്നും പത്തനംതിട്ടയിലേക്ക് തട്ടിയെടുക്കാന്‍
രംഗത്തുണ്ടായിരുന്ന പ്രബലരോടൊപ്പം മംഗലാപുരത്തെ മെഡിക്കല്‍ ലോബിയും ഡല്‍ഹി കേന്ദ്രീകരിച്ച് ശക്തമായ ചരടുവലിയാണ് നടത്തിവരുന്നത്.
കാസര്‍കോട്ട് സംസ്ഥാന ഗവണ്മെന്റിന് കീഴില്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ചാല്‍ മതിയെന്നാണ് ഇവര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കോഴിക്കോട്ടും പരിയാരത്തും ഇപ്പോള്‍ മെഡിക്കല്‍ കോളജുകളുണ്ടെങ്കിലും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നൂറ് കണക്കിന് രോഗികള്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഇപ്പോഴും മംഗലാപുരത്തെ ആശുപത്രികളെയാണ്.
വന്‍കിട മെഡിക്കല്‍ വ്യവസായങ്ങള്‍ മംഗലാപുരത്ത് പ്രത്യേക ഏജന്റുമാരെവെച്ച് രോഗികളെ ക്യാന്‍വാസ് ചെയ്യുകയാണ് ചെയ്യുന്നത്. ചുരുങ്ങിയ ചെലവില്‍ ചെറിയ രോഗത്തിന് ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും മേജര്‍ ശസ്ത്രക്രിയയ്ക്കും മറ്റും വന്‍തുകയാണ് ഈടാക്കുന്നത്.
കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങിയാല്‍ പ്രമുഖരും പ്രശസ്തരുമായ ഒട്ടേറെ വിദഗ്ദ്ധ ഡോക്ടര്‍മാരെ ലഭിക്കും. അത്യാധുനിക ഉപകരണങ്ങള്‍ വരെ കേന്ദ്രമെഡിക്കല്കോളജില് സജ്ജീകരിക്കപ്പെടുന്നുമെന്ന് തിരിച്ചറിഞ്ഞ മംഗലാപുരത്തെ മെഡിക്കല്‍ ലോബി കാസര്‍കോട്ട് ഏത് രീതിയിലും കേന്ദ്ര മെഡിക്കല്‍ കോളജ് സ്ഥാപിക്കരുതെന്ന ഉദ്ദേശത്തോടെ ചില രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ ലോബിയേയും ഉപയോഗിച്ച് ചരടുവലി നടത്തുകയായിരുന്നു. ഇക്കാര്യത്തില്‍ കോടികള്‍ മറിച്ചതായാണ് സംശയിക്കുന്നത്.
കാസര്‍കോട്ട് കേന്ദ്രമെഡിക്കല്‍ കോളജ് തുടങ്ങിയാല്‍ ജില്ലയിലെയും അയല്‍ജില്ലകളിലെയും നൂറ് കണക്കിന് രോഗികള്‍ക്ക് പ്രയോജനപ്പെടും. ഇത് ഇല്ലാതാക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതിനിടയിലാണ് കേരളത്തിനകത്ത് നിന്നുതന്നെ കേന്ദ്രസര്വ്വകലാശാലയ്ക്കും മെഡിക്കല്‍ കോളജിനുമെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും മംഗലാപുരത്തെ മെഡിക്കല്‍ ലോബിക്ക് ബോധ്യമായത്. ഇവരെ കൂട്ടുപിടിച്ചാണ് കാസര്‍കോട്ടെ കേന്ദ്രമെഡിക്കല്‍ കോളജിനെ തുരങ്കം വെയ്ക്കാന്‍ ഗൂഡശക്തികള്‍ ഒന്നുചേര്‍ന്നത്.
മംഗലാപുരത്തെ മെഡിക്കല്ലോബി കാസര്‍കോട്ട് മെഡിക്കല്‍ കോളജ് തുടങ്ങുന്നതില്‍ ഏറെ വിറളിപൂണ്ട് നില്‍ക്കുമ്പോഴാണ് സംസ്ഥാനകത്ത് നിന്നുതന്നെ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുണ്ടെന്ന് വിവരം ഇവര്‍ക്ക് ലഭിച്ചത്. കാസര്‍കോട്ട് കേന്ദ്രമെഡിക്കല്‍ കോളജ് വരില്ലെന്ന് നേരത്തെ തന്നെ മംഗലാപുരത്തെ മെഡിക്കല്‍ ലോബികള്‍ പലതലങ്ങളിലും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പെരിയയില്‍ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് വിട്ട് കൊടുത്ത 310 ഏക്കര്‍ ഭൂമിയില്‍ എന്‍ഡോസള്‍ഫാന്‍ അംശം തീരെയില്ലെന്ന് വിദഗ്ധസമിതി വിലയിരുത്തിയതോടെ കേന്ദ്രസര്‍വ്വകലാശാല കാസര്‍കോട്ട് തുടങ്ങാന്‍ എല്ലാ സാഹചര്യവും ഒരുങ്ങിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കേന്ദ്രമെഡിക്കല്‍ കോളജ് കാസര്‍കോട്ട് തന്നെ തുടങ്ങാന്‍ കേന്ദ്രസര്‍വ്വകലാശാല ആക്ഷന്‍കമ്മിറ്റിയും സര്‍വ്വകക്ഷി സംഘവും ശക്തമായി ആവശ്യപ്പെടുകയാണ്.
കാസര്‍കോട്ടെ നിലവിലുള്ള സ്വകാര്യ ആശുപത്രികള്‍ കേന്ദ്ര മെഡിക്കല്‍ കോളജ് കാസര്‍കോട്ട് വേണമെന്ന് വാദിക്കുന്നുണ്ട്. കേന്ദ്ര മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരെ കണ്‍സല്‍ട്ടന്റുമാരായി നിയമിച്ച് മെച്ചപ്പെട്ട ചികിത്സ നല്കാന് കഴിയുമെന്നത് കൊണ്ടാണ് അവര്‍ മെഡിക്കല്‍ കോളജ് വേണമെന്ന് ആവശ്യപ്പെടുന്നത്.
1000 കോടി രൂപയാണ് സര്‍വ്വകലാശാലയ്ക്കും മെഡിക്കല്‍ കോളജിനുമായി നീക്കിവെച്ചിരിക്കുന്നത്. ഇനിയും സര്‍വകലാശാല നിര്‍മാണ പ്രവര്‍ത്തനം വൈകിയാല്‍ ഫണ്ട് തിരിച്ചെടുക്കുന്ന കാര്യം മാനവശേഷി വികസന വകുപ്പ് മന്ത്രാലയം ആലോചിക്കുന്നതായി വിവരമുണ്ട്.
Related News:
'കേന്ദ്ര സര്‍വ്വകലാശാലയിലെ പരീക്ഷ വിവാദം: വിദ്യാര്‍ത്ഥിയുടെ കുറ്റം ഗുരുതരം







