പരിസ്ഥിതി ദിനം; പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ആഹ്വാനം

● 1972-ൽ സ്റ്റോക്ക്ഹോം സമ്മേളനത്തിൽ തുടക്കം.
● 1974-ൽ ആദ്യ ദിനാചരണം.
● ദക്ഷിണ കൊറിയയാണ് ഈ വർഷത്തെ ആതിഥേയ രാജ്യം.
● കേരളത്തിൽ ഹരിത കേരളം പദ്ധതി ശ്രദ്ധേയം.
(KasargodVartha) പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം ജനിപ്പിക്കുന്നതിനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 1972-ൽ സ്റ്റോക്ക്ഹോമിൽ വെച്ച് ചേർന്ന ആഗോള മനുഷ്യ പരിസ്ഥിതി ബന്ധം സംബന്ധിച്ച സമ്മേളനത്തിലാണ് ഈ ദിനാചരണത്തിന് തുടക്കം നൽകിയത്. 1974-ൽ ആദ്യ പരിസ്ഥിതി ദിനാചരണത്തിനു തുടക്കം കുറിച്ചു. 'ഭൂമിയെ വീണ്ടെടുക്കുക, മരുവൽക്കരണവും വരൾച്ചയും പ്രതിരോധിക്കുക' എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുഖ്യ മുദ്രാവാക്യം.
ആഗോളതാപനവും തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനവും നമ്മുടെ മുന്നിലെ യാഥാർത്ഥ്യങ്ങളാണ്. സാധാരണ കാലാവസ്ഥാ വ്യതിയാനത്തിനു പുറമെ, കുന്നിടിക്കൽ, അനധികൃത ഖനനം തുടങ്ങിയ മനുഷ്യ ഇടപെടലുകൾ വഴി സംഭവിക്കുന്ന ദുരന്തങ്ങൾ കൂടി പരിഗണിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനം അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങളുടെ വ്യാപകമായ ഉപയോഗം അന്തരീക്ഷ കാർബണിന്റെ അളവ് വളരെയേറെ വർദ്ധിപ്പിച്ചു. ഇതിന്റെ പ്രത്യാഘാതം എന്ന നിലയിൽ ഈ നൂറ്റാണ്ട് പകുതിയാകുമ്പോൾ പെട്രോളിയം ഉത്പന്നങ്ങളുടെ അളവിൽ ഗണ്യമായ കുറവ് വരുമെന്നത് ലോകത്തെ തുറിച്ചുനോക്കുന്ന മറ്റൊരു ഭീഷണിയാണ്.
എല്ലാവർഷവും പരിസ്ഥിതി ദിനാചരണത്തിന് ഒരു പ്രത്യേക മുദ്രാവാക്യം ഉണ്ടാവുകയും ദിനാചരണത്തിന്റെ സാർവദേശീയ ഉദ്ഘാടനം നടത്താൻ ഒരു രാജ്യത്തെ തിരഞ്ഞെടുക്കാറുമുണ്ട്. 2025-ലെ പരിസ്ഥിതി ദിന മുദ്രാവാക്യം 'പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുക' എന്നതാണ്. ദക്ഷിണ കൊറിയയിലാണ് ഈ വർഷത്തെ ഔദ്യോഗികതല ഉദ്ഘാടനം നടത്തുന്നത്. 2011-ലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയ രാജ്യം ഇന്ത്യയായിരുന്നു. 'കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ' എന്നതായിരുന്നു ആ വർഷത്തെ മുദ്രാവാക്യം.
ദിവസേന അന്തരീക്ഷത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതും ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുന്നതും ആഗോളതാപനത്തിലേക്ക് നയിക്കുന്നതുമായ കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോ ഫ്ലൂറോ കാർബൺ എന്നീ വാതകങ്ങളുടെ തോത് നിയന്ത്രിക്കുവാനുള്ള പരിപാടികൾ സംബന്ധിച്ചിട്ടുള്ള ബോധവൽക്കരണം നടത്തുക എന്നത് കൂടിയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. മരങ്ങളും കാടുകളും സംരക്ഷിക്കുക, കാടുകളുടെ വിസ്തൃതി വർധിപ്പിക്കുക, ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥാ സന്തുലനവും ഉറപ്പുവരുത്തുക, ഗ്രീൻഹൗസ് വാതകങ്ങൾ കുറയ്ക്കാനുള്ള ശേഷി കൈവരിക്കുക തുടങ്ങിയവയും ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളാണ്.
ആഗോളവൽക്കരണ സാമ്പത്തിക നയക്രമത്തിന്റെ ഭാഗമായി ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യ മൂലധന ശക്തികളുടെ താല്പര്യങ്ങൾക്ക് വേണ്ടി ഭൂമി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണമാകുന്നു. പരിസ്ഥിതി നാശം കാരണം ഭൂമിക്ക് ചൂട് കൂടുകയും കടലും കരയും ചൂട് കൂടുന്ന സാഹചര്യത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. വനം, തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, വയലുകൾ തുടങ്ങിയ പ്രകൃതിദത്ത സാഹചര്യങ്ങൾ ഓരോന്നായി ഇല്ലാതാവുകയും പ്രകൃതിദത്തമല്ലാത്ത സിമന്റ് പോലുള്ള ഉൽപ്പന്നങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നത് ഭൂമിയുടെ നിലനിൽപ്പിന് വലിയ ഭീഷണി സൃഷ്ടിക്കുകയാണ്. ശക്തമായ മഴമൂലം വെള്ളപ്പൊക്കവും പ്രളയവും ഒരു വശത്ത്, മഴ മാറിയാലോ കൊടുംചൂടും മരുവൽക്കരണവും. അതീവ്രരൂക്ഷമാണ് കാലാവസ്ഥാ വ്യതിയാനം.
ശക്തമായ നയ രൂപീകരണത്തിലും നിർവഹണത്തിലും വിപുലമായ ആസൂത്രണവും ഇടപെടലുകളും നടത്തിക്കൊണ്ട് മാത്രമേ ഈ പ്രവണതയെ തടയുവാൻ പറ്റൂ. പൊതുജന പങ്കാളിത്തത്തിലൂന്നി കേരള സർക്കാർ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതി പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പായി വിശേഷിപ്പിക്കാവുന്നതാണ്. ഹരിത കേരളം മിഷന്റെ കീഴിൽ നദികളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും മഴവെള്ളം സംഭരിക്കാനും മാലിന്യം സംഭരിച്ച് സംസ്കരിക്കാനും നടത്തുന്ന ഇടപെടലുകൾ അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധേയമാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: World Environment Day calls for war on plastic waste.
#WorldEnvironmentDay #BeatPlasticPollution #ClimateAction #EarthDay #GreenKerala #UNEP