12 വയസുള്ളപ്പോള്‍ മകന്റെ സ്‌കൂള്‍ പഠനം അവസാനിപ്പിച്ചു, 28 വര്‍ഷത്തോളം അപാര്‍ട്‌മെന്റില്‍ പൂട്ടിയിട്ടു; അമ്മ അറസ്റ്റില്‍
സ്റ്റോക്കോം: (www.kasargodvartha.com 02.12.2020) 28 വര്‍ഷത്തോളം അപാര്‍ട്‌മെന്റില്‍ മകനെ പൂട്ടിയിട്ടെന്നാരോപിച്ച് അമ്മയെ അറസ്റ്റ് ചെയ്തു. 12 വയസുള്ളപ്പോള്‍ അമ്മ മകന്റെ സ്‌കൂള്‍ പഠനം അവസാനിപ്പിക്കുകയും തെക്കന്‍ സ്റ്റോക്കോമിലെ നഗരപ്രാന്തമായ ഹാനിങിലെ അപാര്‍ട്‌മെന്റിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണു റിപ്പോര്‍ട്ടുകള്‍. 70 വയസായ അമ്മയെ ചികിത്സാര്‍ഥം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു ഒരു ബന്ധുവാണ് വീടിനുള്ളില്‍ പൂട്ടിയിടപ്പെട്ട ഇപ്പോള്‍ 40 വയസ് കഴിഞ്ഞ മകനെ ഞായറാഴ്ച കണ്ടെത്തിയത്.
കാലില്‍ വ്രണം ബാധിച്ചിരുന്ന ഇയാള്‍ക്കു നടക്കാന്‍ പ്രയാസമുണ്ട്. പല്ലുകളുണ്ടായിരുന്നില്ല. സംസാരശേഷി പരിമിതമായിരുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂട്ടിയിടപ്പെട്ട മകനു പോഷകാഹാര കുറവുണ്ടെന്നും പല്ലുകള്‍ ഇല്ലെന്നും സ്റ്റോക്കോം പൊലീസ് വക്താവ് ഒല ഓസ്റ്റര്‍ലിങ് വാര്‍ത്താ ഏജന്‍സി എഎഫ്പിയോട് പറഞ്ഞു.
യുവാവിനെ പൂട്ടിയ മുറിയില്‍ മൂത്രവും അഴുക്കും പൊടിയും ഉണ്ടായിരുന്നെന്നും ദുര്‍ഗന്ധം പരന്നിരുന്നെന്നും ബന്ധു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. 'അദ്ദേഹം ആശുപത്രിയിലാണ്, ജീവനു ഭീഷണിയല്ല' എന്നു മാത്രമാണ് ഇതേക്കുറിച്ചു പൊലീസ് വക്താവ് പ്രതികരിച്ചത്. കുറ്റകൃത്യങ്ങള്‍ അമ്മ നിഷേധിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷന്‍ അതോറിറ്റി അറിയിച്ചു.
Keywords: News, World, arrest, Woman, Top-Headlines, Police, hospital, Treatment, Woman Suspected Of Locking Up Son In Apartment For 28 Years, Arrested