യൂട്യൂബിലൂടെ കൊറോണയെ പ്രതിരോധിക്കേണ്ട നുറുങ്ങു വിവരങ്ങൾ കൈമാറി ഇൻഡ്യൻ ബുക് ഓഫ് റെകോർഡ് നേടി 'മൊട്ടൂസ്'
May 25, 2021, 17:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2021) തൊണ്ണൂറ്റി ഒന്നാമത്തെ എപിസോഡ് നിറവിൽ ഇൻഡ്യൻ ബുക് ഓഫ് റെകോർഡ് നേടി മടിക്കൈ കക്കാട്ടെ ദേവരാജ് എന്ന രണ്ടാം ക്ലാസുകാരൻ. വർത്തമാനകാല പരിതസ്ഥിതിയെക്കുറിച്ച് തിരിച്ചറിയാൻ പറ്റാത്ത തന്റെ പ്രായത്തിൽപ്പോലും അതിനെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ സമൂഹത്തെ ബോധവൽക്കരിച്ചു കൊണ്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. മൊട്ടത്തലയും വള്ളി ട്രൗസറുമായി സ്വതസിദ്ധമായ പുഞ്ചിരിയോടെ 'മൊട്ടൂസ്' ചെറിയ വാക്കുകളിലൂടെ കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ നമ്മൾ ഗൗരവമായി തന്നെ അത് ശ്രദ്ധിച്ചു പോകുന്നു. തുടർച്ചയായി ദിവസവും യൂട്യൂബിലൂടെ 'മൊട്ടൂസ്' കൊറോണയെ പ്രതിരോധിക്കേണ്ട നുറുങ്ങു വിവരങ്ങൾ കൈമാറിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു.
മൊട്ടൂസിന്റെ തൊണ്ണൂറ്റി ഒന്നാം എപിസോഡ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ജില്ലയിലും സംസ്ഥാന തലത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമ്പോൾ സ്ഥിരമായി പരാമർശിക്കപ്പെടുന്നവനായി മാറിയിരിക്കുന്നു നമ്മുടെ മൊട്ടൂസ്. ശരീരം കൊണ്ട് അകലം പാലിക്കാൻ മനുഷ്യരോട് ആഹ്വാനം ചെയ്ത് ലോകജനതയെത്തന്നെ പൂട്ടിലാക്കിക്കൊണ്ട് കോവിഡ് എത്തിയിട്ട് ഒരു വർഷമാകുന്നു.
കോവിഡ് മൂലം ഇപ്പോഴും ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു....പ്രതിസന്ധി ഘട്ടങ്ങളെ പഴിച്ചു കൊണ്ട് ഇരുട്ടുമൂടിയ ഇടങ്ങളിലേക്ക് മാറിത്താമസിക്കാൻ ശീലിക്കുന്നവരെ തിരികെ ജീവിതത്തിലേക്ക് നടത്തിക്കാൻ വ്യക്തികളും സംഘടനകളും ഭരണകൂടങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ വഴിയിൽ ജനങ്ങളെ കോവിഡ് വിഷയത്തിൽ ബോധവത്ക്കരിക്കുകയാണ് രണ്ടോ മൂന്നോ മിനുട് നീണ്ടുനിൽക്കുന്ന കൊച്ചു കൊച്ച് യുട്യൂബ് വിഡിയോകളിലൂടെ ഈ മിടുക്കൻ.
കാസർകോട് മടിക്കൈയിലെ കക്കാട്ടെ ദേവരാജ് എന്ന മടിക്കൈ 2 വൊകേഷണൽ ഹയർ സെകൻഡറി സ്കൂളിലെ രണ്ടാം ക്ലാസുകാരൻ. 'മൊട്ടൂസ് 'എന്നാണ് ഇതിനകം വൈറലായ പരിപാടിയുടെ പേര്. ലോകം വീടുകങ്ങളിൽ കുടുങ്ങിപ്പോയ ഏപ്രിൽ മെയ് മാസങ്ങളിലായിരുന്നു മൊട്ടത്തലയൻ മൊട്ടൂസിന്റെ വരവ്.
ആദ്യത്തെ അമ്പത് ദിനങ്ങളിൽ തുടർച്ചയായി ഇടവേളകളില്ലാതെ ദിവസവും എപിസോഡുകൾ വന്നു. കാഞ്ഞിരപ്പൊയിൽ ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനും ദേവരാജിന്റ പിതാവുമായ കെ വി രാജേഷ് മാഷാണ് ഈ ആശയത്തിനു പിന്നിൽ. ദേവരാജിന്റെ അമ്മ റീജയാണ് ഓരോ എപിസോഡിന്റെയും രചന നിർവഹിക്കുന്നത്. പെങ്ങൾ ദേവികാരാജും ഇവരുടെ കൂടെയുണ്ട്.
കോവിഡിനെതിരെ സ്വീകരിക്കേണ്ട പൊടിക്കൈകളെ കുറിച്ചും ജാഗ്രതയെ കുറിച്ചും മൊട്ടൂസ് പറയുമ്പോൾ പൊതുജനം ഗൗരവത്തിൽ കേട്ടുകൊണ്ടിരിക്കുന്നു. ദേവരാജിന്റെ സ്വതസിദ്ധമായ അഭിനയശൈലി ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ പ്രതിദിന സായാഹ്ന പരിപാടിയിൽ നിന്നും പത്രങ്ങളിൽ നിന്നും കിട്ടുന്ന അറിവുകൾ ക്രോഡീകരിച്ചുമാണ് അമ്മ റീജ പരിപാടി തയ്യാറാക്കുന്നത്. രാജേഷ് മാഷ് കേരള ക്ഷേത്ര വാദ്യകലാ അകാദമിയുടെ സംസ്ഥാന ജനറൽ സെക്രടറിയും കെ എസ് ടി എ ജില്ലാ ജോയിന്റ് സെക്രടറിയുമാണ്. രാജേഷ് മാഷ് അറിയപ്പെടുന്ന കഥാകൃത്തുമാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, രവീന്ദ്രനാഥ്, ഇ ചന്ദ്രശേഖരൻ തുടങ്ങിയവർ മൊട്ടൂസിനെ അഭിനന്ദിച്ചിട്ടുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ല കലക്ടർ സജിത് ബാബുവും, മുൻ എം പി പി.കരുണാകരൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാലകൃഷണൻ മാസ്റ്റർ, ഡി ഡി ഇ കെ വി പുഷ്പ ടീച്ചറും വീട്ടിലെത്തിയാണ് ദേവരാജിനെ അനുമോദിച്ചത്.
കവികളായ സോമൻ കടലൂർ, രാവുണ്ണി, മാധവൻ പുറച്ചേരി, പത്മശ്രി മട്ടന്നൂർ, പെരുവനം തുടങ്ങി മൊട്ടൂസിനെ അനുമോദിച്ചവരുടെ നിര വളരെ വലുതാണ്. റേഡിയോ മാംഗോയും കബ് എഫ് എമും പ്രാദേശിക ചാനലുകളും മൊട്ടൂസിനെ പ്രത്യേക പരിപാടിയാക്കിയിട്ടുണ്ട്. നിരവധി സാംസ്കാരിക സ്ഥാപനങ്ങൾ, ക്ലബുകൾ, പുരുഷ സംഘങ്ങൾ, കുടുംബശ്രീ, തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾ മൊട്ടൂസിനെ അഭിനന്ദിച്ചിട്ടുണ്ട്.
Keywords: Kanhangad, Kasaragod, Kerala, News, COVID-19, Social-Media, Student, World, Madikai, Pinarayi-Vijayan, P.Karunakaran-MP, President, Wins Indian Book of Records for sharing Corona tips on YouTube.
< !- START disable copy paste -->