Hepatitis | കുട്ടികളില്‍ അജ്ഞാത ഹെപറ്റൈറ്റിസ് പടരുന്നു: 11 രാജ്യങ്ങളിലായി 169 പേരില്‍ റിപോര്‍ട് ചെയ്തതായി ലോകാരോഗ്യ സംഘടന; രോഗത്തിന്റെ പ്രധാന ആശങ്ക വകഭേദത്തിന്റെ തീവ്രതയാണെന്ന് പാതോളജിസ്റ്റ്
Apr 26, 2022, 10:50 IST
ന്യൂയോര്‍ക്: (www.kasaragodvartha.com) ലോകത്തിന് ഭീഷണിയുയര്‍ത്തി കുട്ടികളില്‍ അജ്ഞാത ഹെപറ്റൈറ്റിസ് പടരുന്നതായി റിപോര്‍ട്. 11 രാജ്യങ്ങളിലായി 169 കുട്ടികളില്‍ അജ്ഞാതവും കഠിനവുമായ ഹെപറ്റൈറ്റിസിന്റെ ദുരൂഹമായ ഒരു വകഭേദം കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ഒ) പറയുന്നു.
രോഗത്തിന്റെ പ്രധാന ആശങ്ക വകഭേദത്തിന്റെ തീവ്രതയാണെന്ന് ബാഴ്സലോനയിലെ പാതോളജിസ്റ്റും യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ലിവറിന്റെ (EASL) ചെയര്‍മാനുമായ മരിയ ബുട്ടി പറഞ്ഞു. അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പെടെ മറ്റ് പല രാജ്യങ്ങളിലും കേസുകളുടെ അപ്രതീക്ഷിതമായ വര്‍ധനവ് അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട് ഡബ്ല്യുഎച്ഒ വ്യക്തമാക്കി.
യുകെയില്‍ ഇതുവരെ 114 കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ഒ അറിയിച്ചു. മാര്‍ച് 31ന് സ്‌കോട്ലന്‍ഡിലാണ് ആദ്യത്തെ അഞ്ച് കേസുകള്‍ കണ്ടെത്തിയതെന്ന് യു കെ ഏജന്‍സിയിലെ ക്ലിനികല്‍ ആന്‍ഡ് എമേര്‍ജിങ് ഇന്‍ഫെക്ഷന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ. മീര ചാന്ദ് പറഞ്ഞു. സാധാരണയായി ഒരു വര്‍ഷത്തില്‍ നാലോ അഞ്ചോ അജ്ഞാത ഹെപറ്റൈറ്റിസ് കേസുകള്‍ കാണുമെന്നും അവര്‍ പറഞ്ഞു.
സ്പെയിനില്‍ 13, ഇസ്രായേല്‍ 12, ഡെന്‍മാര്‍ക്, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്, റൊമാനിയ, ബെല്‍ജിയം എന്നിവിടങ്ങളിലും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഒരു മാസം മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ മിക്ക കേസുകളിലും 10 വയസിന് താഴെയുള്ളവരും അഞ്ച് വയസിന് താഴെയുള്ളവരുമാണ്.
രോഗത്തിന്റെ ലക്ഷണം ആദ്യം അതിസാരവും ഛര്‍ദിയുമായിരിക്കും ഉണ്ടാവുക. പിന്നീട് അത് മഞ്ഞപ്പിത്തമായി മാറും. ത്വക്കും കണ്ണുകളും മഞ്ഞ നിറമുള്ളതാകുക, മൂത്രത്തിന് കടുത്ത നിറം വരിക, ചൊറിച്ചില്‍, പേശീ വേദന പനി, വയറു വേദന, വിശപ്പില്ലായ്മ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിലേതെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് ഡോ. മീര ചാന്ദ് അറിയിച്ചു.