city-gold-ad-for-blogger

ഇറാനെതിരെ സമ്മർദ തന്ത്രവുമായി അമേരിക; വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്ക് 25% അധിക തീരുവ ചുമത്തി ട്രംപ്

US Imposes 25% Tariff on Countries Trading with Iran
Photo Credit: X/White House

● ഇറാനിൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന് ട്രംപിന്റെ മുന്നറിയിപ്പ്.
● യുദ്ധത്തിന് തയ്യാറാണെങ്കിലും ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് ഇറാൻ.
● ടെഹ്റാനിൽ ഭരണകൂട അനുകൂല റാലിയിൽ പങ്കെടുത്തത് 10 ലക്ഷത്തിലധികം പേർ.
● സുരക്ഷാ സേനയിലെ 100-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
● ലണ്ടനിലെ ഇറാൻ എംബസിക്ക് മുന്നിൽ പ്രതിഷേധം; പതാക കത്തിച്ചു.

ന്യൂയോർക്ക്: (KasargodVartha) ഇറാനുമായി വാണിജ്യ ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരികൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന നിർണായക സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം. ഇത് ഇറാന് മേൽ വലിയ സമ്മർദം സൃഷ്ടിച്ചേക്കും. അധിക തീരുവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഇറാനിൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിൻ്റെ തീരുവ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, അമേരിക്കയുമായി യുദ്ധത്തിന് പോലും തയ്യാറാണെന്നും എന്നാൽ ചർച്ചകൾക്കും സന്നദ്ധമാണെന്നുമാണ് ഇറാൻ്റെ നിലപാട്. പരസ്പര ബഹുമാനത്തോടെയാകണം ചർച്ചകളെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക നടപടി ആലോചിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡൻ്റിൻ്റെ പ്രസ്താവനയോടാണ് ഇറാൻ ഇത്തരത്തിൽ പ്രതികരിച്ചത്. ട്രംപിൻ്റെ പ്രസ്താവനകൾ രാജ്യത്തെ പ്രക്ഷോഭകാരികൾക്ക് പ്രോത്സാഹനമാകുന്നുവെന്നും ഇറാൻ ആരോപിക്കുന്നു.

ഇതിനിടെ, ഇറാനിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അനുസ്മരിച്ച് ദേശീയ ദുഃഖാചരണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. സുരക്ഷാ സേനയിലെ നൂറിലേറെ പേർ ഇതിനകം കൊല്ലപ്പെട്ടതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ പ്രക്ഷോഭങ്ങളെ തുടർന്നുള്ള സമ്മർദം മറികടക്കാൻ ഇറാനിൽ ഭരണകൂടം നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തലസ്ഥാനമായ ടെഹ്റാനിൽ വൻ ഭരണകൂട അനുകൂല റാലി നടന്നു. റാലിയിൽ 10 ലക്ഷത്തിലധികം പേർ പങ്കെടുത്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഷാ വംശത്തിലെ അനന്തരാവകാശിയായ റിസ പഹ്ലവിക്കെതിരെയും റാലിയിൽ മുദ്രാവാക്യങ്ങൾ ഉയർന്നു. ടെഹ്റാനിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലും തന്ത്രപ്രധാനമായ പ്രദേശങ്ങളിലുമായി പൊലീസ് പട്രോളിംഗ് വർധിപ്പിച്ചു. ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് പ്രതിഷേധം നടന്നിരുന്നു. ലണ്ടനിലെ ഇറാനിയൻ എംബസിക്ക് പുറത്ത് ഒത്തുകൂടിയവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഇറാനിയൻ പതാകകളുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.

ഇത് ആഗോള വിപണിയെ തകർക്കുമോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

Article Summary: US President Donald Trump has imposed a 25% tariff on countries trading with Iran, escalating pressure amidst ongoing anti-government protests in Tehran.

#IranUSConflict #DonaldTrump #Sanctions #TehranProtests #WorldNews #InternationalPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia