UK Elections | 'എന്നോട് ക്ഷമിക്കണം,' യുകെ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചുകൊണ്ട് ഋഷി സുനക്; രാജ്യത്തെ നയിക്കാൻ ഇനി കെയർ സ്റ്റാർമർ
കൺസർവേറ്റീവ് പാർട്ടിക്ക് ഇതുവരെ 91 സീറ്റുകൾ മാത്രമാണ് ലഭിച്ചത്
ലണ്ടൻ: (KasargodVartha) യുകെയിലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമർ നേതൃത്വം നൽകുന്ന ലേബർ പാർട്ടി വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുകയാണ്, അതും ചരിത്ര വിജയത്തോടെ. ലേബർ പാർട്ടി ഇതുവരെ 373 സീറ്റുകൾ നേടിയപ്പോൾ നിലവിലെ പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ കൺസർവേറ്റീവ് പാർട്ടിക്ക് 90 സീറ്റുകൾ മാത്രമാണ് നേടാനായത്. ബ്രിട്ടനിലെ ആകെയുള്ള 650 സീറ്റുകളിൽ സർക്കാർ രൂപീകരിക്കാൻ 326 സീറ്റുകളാണ് വേണ്ടത്. ലേബർ പാർട്ടി ഇതിനോടകം കേവല ഭൂരിപക്ഷം മറികടന്നിരിക്കുന്നു.
ലേബർ പാർട്ടി ഭൂരിപക്ഷം കടക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്ക് പരാജയം സമ്മതിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഈ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചു, വിജയത്തിൽ അഭിനന്ദിക്കാൻ ഞാൻ സാർ കെയർ സ്റ്റാർമറെ വിളിച്ചിരുന്നു. സമാധാനപരമായും ചിട്ടയായും നല്ല മനസോടെയും അധികാരം കൈ മാറും. അത് നമ്മുടെ രാജ്യത്തിൻ്റെ സുസ്ഥിരതയിലും ഭാവിയിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന ഒന്നാണ്', അദ്ദേഹം പറഞ്ഞു.
തൻ്റെ ഹ്രസ്വ പ്രസംഗത്തിനിടെ കൺസർവേറ്റീവ് സ്ഥാനാർത്ഥികളോടും സുനക് ക്ഷമാപണം നടത്തി. 'ബ്രിട്ടീഷ് ജനത ഇന്ന് രാത്രിയിൽ ഗൗരവമേറിയ ഒരു വിധി കൽപ്പിച്ചു. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. തോൽവിക്ക് ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നിരന്തരമായ പരിശ്രമങ്ങൾക്കും, പ്രാദേശിക പ്രവർത്തനങ്ങൾക്കും, ജനങ്ങൾക്കായുള്ള സമർപ്പണത്തിനും ഇടയിൽ, തോറ്റുപോയ നിരവധി നല്ല, കഠിനാധ്വാനം ചെയ്യുന്ന കൺസർവേറ്റീവ് സ്ഥാനാർത്ഥികളോട് ഞാൻ ഖേദിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെയുള്ള വോട്ടെണ്ണലിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 52 സീറ്റുകൾ നേടി. എസ്എൻപിക്കും റിഫോം യുകെ പാർട്ടിക്കും ഏഴ് സീറ്റ് വീതമാണ് ലഭിച്ചത്. എക്‌സിറ്റ് പോളുകൾ പ്രകാരം ലേബർ പാർട്ടിക്ക് 410 സീറ്റുകളും കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തുടനീളമുള്ള മണ്ഡലങ്ങളിൽ കൺസർവേറ്റീവ് പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങുമ്പോൾ, മുതിർന്ന നേതാവ് കോമൺസ് നേതാവ് പെന്നി മൊർഡോണ്ടും പരാജയത്തിന്റെ രുചിയറിഞ്ഞു. പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് വെൽവിൻ ഹാറ്റ്‌ഫീൽഡിലും ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്ക് ചെൽട്ടൻഹാമിലും പരാജയപ്പെട്ടു. വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ, സയൻസ് സെക്രട്ടറി മിഷേൽ ഡൊണലൻ, സാംസ്കാരിക സെക്രട്ടറി ലൂസി ഫ്രേസർ, വെറ്ററൻസ് മന്ത്രി ജോണി മെർസർ എന്നിവരും തോറ്റു.
റിഫോം യുകെ നേതാവ് നൈജൽ ഫാരേജ് ഏഴ് തവണ തോറ്റതിന് ശേഷം ആദ്യമായി എംപിയായി. മുൻ ലേബർ നേതാവ് ജെറമി കോർബിൻ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇസ്ലിംഗ്ടൺ നോർത്ത് സീറ്റിൽ വിജയിച്ചു. ലേബർ പാർട്ടിയുടെ ജോനാഥൻ ആഷ്‌വർത്ത് ലെസ്റ്റർ സൗത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. എന്നിരുന്നാലും, റിച്ച്മണ്ടിലെയും നോർത്തല്ലെർട്ടണിലെയും സീറ്റിൽ സുനക്കിന് വിജയിക്കാൻ കഴിഞ്ഞു.
'മാറ്റം ഇപ്പോൾ ആരംഭിക്കുന്നു': സ്റ്റാർമർ
മാറ്റം ഇപ്പോൾ ആരംഭിക്കുന്നുവെന്ന് തൻ്റെ പാർട്ടി വിജയിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിൽ സ്റ്റാർമർ പറഞ്ഞു. 'ഞങ്ങൾ അത് നേടി. നിങ്ങൾ അതിനായി പ്രചാരണം നടത്തി, അതിനായി പോരാടി, ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു. അവര്‍ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണ്', അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കടുത്ത വെല്ലുവിളികൾ നേരിടുന്ന സമയത്താണ് സ്റ്റാർമർ അധികാരമേൽക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടൻ്റെ നികുതിഭാരം ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. കടം വാർഷിക സാമ്പത്തിക ഉൽപ്പാദനത്തിന് ഏതാണ്ട് തുല്യമാണ്, ജീവിതനിലവാരം ഇടിഞ്ഞു, പൊതുസേവനങ്ങൾ തകർന്നു, പ്രത്യേകിച്ച് പണിമുടക്കിൽ ആരോഗ്യ സേവനങ്ങളും താറുമാറായി കിടക്കുകയാണ്. 200 വർഷത്തിനിടയിലെ ഏറ്റവും പ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയെന്ന നേട്ടമെഴുതിയാണ് സുനക് പടിയിറങ്ങുന്നത്