അറ്റ്ലാന്റിക് സമുദ്രത്തില്‍ പോര്‍ചുഗല്‍ തീരത്ത് ചരക്കുകപ്പല്‍ കത്തുന്നു; അകത്ത് ലംബോര്‍ഗിനി, ഔഡി, പോര്‍ഷെ, ബെന്റ്‌ലി ഉള്‍പെടെ 3000 ത്തിലധികം ആഡംബര കാറുകള്‍
ബര്‍ലിന്‍: (www.kasargodvartha.com 19.02.2022) അറ്റ്ലാന്റിക് സമുദ്രത്തില്‍ ചരക്കുകപ്പല്‍ കത്തുന്നു. ജര്‍മനിയില്‍നിന്ന് യുഎസിലേക്ക് 3965 ആഡംബര കാറുകളുമായിപ്പോയ കപ്പലിനാണ് തീ പിടിച്ചത്. ജര്‍മനിയിലെ അംഡണില്‍നിന്ന് ഫോക്‌സ്വാഗന്‍ കാര്‍ ഫാക്ടറിയില്‍നിന്ന് യുഎസിലെ ഡേവിസ്വിലിലേക്കുള്ള യാത്രയ്ക്കിടെ പോര്‍ചുഗല്‍ തീരത്ത് അസോര്‍സ് ദ്വീപിനടുത്തുവച്ചാണ് തീ പടര്‍ന്നതെന്നാണ് വിവരം.
650 അടി നീളമുള്ള ' ഫെലിസിറ്റി ഏയ്‌സ് ' എന്ന കപ്പലിന് 4,000 കാറുകളെ വഹിക്കാനുള്ള ശേഷിയുണ്ട്. പോര്‍ഷെ, ഫോക്‌സ്വാഗണ്‍, ലംബോര്‍ഗിനി, ഓഡി തുടങ്ങിയ ആഡംബര കാറുകളാണ് കപ്പലിനുള്ളില്‍. 1100 പോര്‍ഷെയും 189 ബെന്റ്ലിയുമുള്‍പെടെ 3965 കാറുകള്‍ കപ്പലിലുണ്ടെന്നാണ് പ്രാഥമിക റിപോര്‍ട്. ലംബോര്‍ഗിനി, ഔഡി കാറുകളുടെ എണ്ണം പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച തീപിടിത്തമുണ്ടാകുമ്പോള്‍ കപ്പല്‍ പോര്‍ചുഗല്‍ തീരത്തെ അസോറസിന് തെക്ക് പടിഞ്ഞാറായി 90 നോടികല്‍ മൈല്‍ അകലത്തില്‍ സഞ്ചരിക്കുകയായിരുന്നതായി പോര്‍ചുഗീസ് നേവി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും പോര്‍ചുഗീസ് നേവി രക്ഷപെടുത്തി ഹെലികോപ്റ്റര്‍ മാര്‍ഗം ഫയാല്‍ ദ്വീപിലെത്തിച്ചു. ഇവര്‍ക്കാര്‍ക്കും പരിക്കുകളില്ല.
ഫെബ്രുവരി 23ന് യുഎസിലെ റോഡ്ഐലന്‍ഡിലെ ഡേവിസ്വിലില്‍ എത്തിച്ചേരേണ്ടതായിരുന്നു ചരക്കുകപ്പല്‍. നിലവില്‍ കത്തിക്കൊണ്ടിരിക്കുന്ന കപ്പലിലെ തീകെടുത്താനുള്ള നടപടികള്‍ ഉടമകള്‍ ആരംഭിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് അസോര്‍സ് തുറമുഖ ക്യാപ്റ്റന്‍ അറിയിച്ചു. വൈദ്യുത തകരാറാകും അപകടകാരണമെന്ന് പറയുന്നു.
Keywords: News, World, Car, Vehicles, Fire, Top-Headlines, Sea, Thousands of cars including Audis, Porsches adrift on burning cargo ship