ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗാകൃതിയിലുള്ള ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായി; പ്രതിഷ്ഠ നടത്തുന്നത് കാസര്‍കോട് സ്വദേശി
കാസര്‍കോട്: (www.kasargodvartha.com 16.02.2021) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗ ആകൃതിയിലുള്ള ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായി. ക്ഷേത്രത്തില്‍ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 3 വരെ നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങുകള്‍ക്കു മുഖ്യനേതൃത്വം നല്‍കുന്നത് കാസര്‍കോട് സ്വദേശിയാണ്. പെരിയ ഗോകുലം ഗോശാലയിലെ വിഷ്ണു പ്രസാദ് ഹെബാറാണ് ജില്ലയ്ക്ക് അഭിമാനമായത്.
അസമിലെ നാഗാവോണിലെ പുരാണി ഗോദാമിലാണ് 136 അടി ഉയരമുള്ള ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. മഹാമൃത്യുഞ്ജയ ദേവനെയാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്. പുരാണമനുസരിച്ച് ഹിരണ്യകശിപു ധ്യാനിച്ച സ്ഥലമായാണ് ഇവിടം കണക്കാക്കുന്നത്. ക്ഷേത്രം തുറക്കുന്നതിന്റെ ഭാഗമായി നിരവധി പരമ്പരാഗത ആചാരങ്ങള്‍ നടക്കും. 250 ഓളം പുരോഹിതന്മാരും പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുമെന്നും വാര്‍ത്തകളുണ്ട്.
10 വര്‍ഷമായി അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുടെ ജ്യോതിഷ ഉപദേഷ്ടാവാണ് വിഷ്ണു ഹെബര്‍. മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.