ലോക ഒന്നാം നമ്പര്‍ വനിതാ ടെനീസ് താരം ആഷ് ലി ബാര്‍ടി വിരമിച്ചു; അപ്രതീക്ഷിത പ്രഖ്യാപനം 25-ാം വയസില്‍
കാന്‍ബറ: (www.kasargodvartha.com 23.03.2022) ലോക ഒന്നാം നമ്പര്‍ വനിതാ ടെനീസ് താരം ഓസ്ട്രേലിയയുടെ ആഷ് ലി ബാര്‍ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. 25-ാം വയസിലാണ് ഓസ്ട്രേലിയന്‍ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. 'വിജയതൃഷ്ണ നഷ്ടമായി, ക്ഷീണിതയാണ്, കരിയറിനെ കുറിച്ച് അഭിമാനവും സംതൃപ്തിയും തോന്നുന്നു. തുടക്കം മുതല്‍ സഹായിച്ചവര്‍ക്കും, പിന്തുണച്ചവര്‍ക്കും, വിമര്‍ശിച്ചവര്‍ക്കും നന്ദി, ടെനീസ് നല്‍കിയ ഓര്‍മകള്‍ ആജീവനാന്തം കൂടെയുണ്ടാകും.' -എന്ന് വികാരഭരിതയായി ആഷ് ലി പറഞ്ഞു.
മറ്റ് സ്വപ്നങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ താരം പറയുന്നു. ടെനീസില്‍ നിന്ന് അവധിയെടുത്ത ബാര്‍ടി പ്രഫഷനല്‍ ക്രികറ്ററായി അരങ്ങേറിയിരുന്നു. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ് ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം.
2019 ഫ്രഞ്ച് ഓപണിലാണ് ബാര്‍ടി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയത്. 2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപണ്‍ യുഗത്തില്‍ വിംബിള്‍ഡണ്‍ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ വനിതാ താരമെന്ന നേട്ടത്തിലെത്തിയിരുന്നു ബാര്‍ടി. മാര്‍ഗരറ്റ് കോര്‍ടും ഗൂലാഗോംഗ് കൗളിയുമായിരുന്നു ബാര്‍ടിക്ക് മുമ്പ് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയവര്‍. 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയാണ് ആഷ് ലി ബാര്‍.
Keywords: News, World, Top-Headlines, Sports, Social-Media, Australia, Ashleigh Barty, Retired, Tennis World No. 1 Ashleigh Barty Retires At 25.