ആള്‍കൂട്ട ആക്രമണത്തില്‍ ലങ്കന്‍ പൗരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ എല്‍പിഎല്‍ കളിക്കാനെത്തുന്ന പാക് താരങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു
കൊളംബോ: (www.kasargodvartha.com 07.12.2021) ശ്രീലങ്കന്‍ പൗരന്‍ പാകിസ്താനിലെ സിയാല്‍കോടില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ലങ്ക പ്രിമിയര്‍ ലീഗില്‍ (എല്‍പിഎല്‍) കളിക്കാനെത്തുന്ന പാകിസ്താന്‍ താരങ്ങള്‍ക്കും പരിശീലക സംഘാംഗങ്ങള്‍ക്കുമുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ ശ്രീലങ്കന്‍ ക്രികെറ്റ് ബോര്‍ഡ് തീരുമാനിച്ചു.
സിയാല്‍കോടിലെ ഫാക്ടറിയില്‍ മാനേജെരായിരുന്ന പ്രിയന്ത ദിയനവദനയെന്ന ശ്രീലങ്കന്‍ പൗരനെയാണ് ആള്‍കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. ദൈവനിന്ദ ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകമെന്നാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മരിക്കും മുന്‍പ് പ്രിയന്തയെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായതായി പോസ്റ്റ് മോര്‍ടെം റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. ആള്‍കൂട്ട കൊലപാതകം ശ്രീലങ്കയിലും വലിയ പ്രതിഷേധം സൃഷ്ടിച്ച സാഹചര്യത്തിലാണ് പാക് താരങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലും ഹംബന്‍തോടയിലുമായാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ലീഗ് ഘട്ട മത്സരങ്ങള്‍ പുരോഗമിക്കുന്നത്. പ്ലേ ഓഫ് മത്സരങ്ങള്‍ ഹംബന്‍തോടയിലെ മഹിന്ദ രജപക്ഷ സ്റ്റേഡിയത്തിലും നടക്കും. മത്സരങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമായിരുന്നു.
ഒന്‍പത് പാകിസ്താന്‍ താരങ്ങളാണ് ലങ്ക പ്രിമിയര്‍ ലീഗില്‍ കളിക്കുന്നത്. മുഹ് മദ് ഫഹീസ്, മുഹ് മദ് ഉമര്‍, ശുഐബ് മാലിക്ക്, വഹാബ് റിയാസ്, സുഹൈബ് മഖ്‌സൂദ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പരിശീലക സംഘാംഗങ്ങളും ഇത്തവണ മത്സരത്തിന്റെ ഭാഗമാകുന്നുണ്ട്. അന്‍വലി അലി, മുഹ് മദ് ഇര്‍ഫാന്‍, ഉസ്മാന്‍ ശിന്‍വാരി, അഹമ്മദ് ശഹ്‌സാദ് തുടങ്ങിയവരാണ് ലീഗില്‍ പങ്കെടുക്കുന്ന മറ്റ് പാകിസ്താന്‍ താരങ്ങള്‍. ഇവര്‍ക്കെല്ലാമുള്ള സുരക്ഷ വര്‍ധിപ്പിക്കും.
Keywords: News, International, World, Sports, Players, Cricket, Top-Headlines, Sri Lanka enhances security measures for Pak players