Retires | സ്‌പെയിന്‍ ഇതിഹാസം സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
മാഡ്രിഡ്: (www.kasargodvartha.com) സ്‌പെയിന്‍ ഇതിഹാസം സെര്‍ജിയോ റാമോസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെയുടെ ഭാവി പദ്ധിതികളില്‍ താന്‍ ഭാഗമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് റാമോസ് കുറിച്ചു.
സ്‌പെയിന്‍ ജേഴ്‌സിയില്‍ 180 മത്സരങ്ങളാണ് 36കാരനായ റാമോസ് കളിച്ചത്. 2010ല്‍ ലോകകപ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു. സ്പാനിഷ് ടീമിനായി സാധ്യമായ എല്ലാവിധ നേട്ടങ്ങളും സ്വന്തമാക്കിയ റാമോസ് നീണ്ട 18 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിനാണ് അവസാനമിട്ടിരിക്കുന്നത്.
റാമോസ് ഇന്‍സ്റ്റഗ്രാം കുറിച്ചത്: ഇന്ന് രാവിലെ സ്‌പെയിന്‍ മുഖ്യ പരിശീലകന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. എത്രയൊക്കെ മികച്ച പ്രകടനം നടത്തിയാലും ദേശീയ ടീമിന്റെ ഭാവി പദ്ധതികളില്‍ ഞാനുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ദു:ഖത്തോടെ ആ തീരുമാനം ഞാനെടുക്കുകയാണ്. കുറച്ചുകാലം കൂടി കളി തുടരാനാവുമെന്നും നല്ല രീതിയില്‍ കരിയര്‍ അവസാനിപ്പിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിച്ചു.
ഈ തീരുമാനം ഞാനായിട്ട് എടുത്തതല്ല. പക്ഷെ 18 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്ന താരമെന്ന നിലയില്‍ ഈ തീരുമാനം എടുക്കാനുളള അവകാശം എനിക്ക് നല്‍കാമായിരുന്നു. ഞാനത് അര്‍ഹിച്ചിരുന്നു. കാരണം, പ്രായം മാത്രമല്ല പ്രകടനവും കഴിവും കൂടി കണക്കിലെടുക്കണം. കാരണം ഈ പ്രായത്തിലും മോഡ്രിച്ചിന്റെയും മെസിയുടെയും പെപ്പെയുടെയും എല്ലാം പ്രകടനങ്ങളെ ഞാന്‍ ആദരിക്കുന്നു. എന്നാല്‍ എന്റെ കാര്യത്തില്‍ പക്ഷെ അത് അങ്ങനെയായില്ല.
കാരണം, ഫുട്‌ബോള്‍ എല്ലാ കാലത്തും നീതി കാണിക്കില്ല, അതുപോലെ ഫുട്‌ബോള്‍ എന്നാല്‍ വെറും ഫുട്‌ബോള്‍ മാത്രവുമല്ല. സ്‌പെയിന്‍ ദേശീയ ടീമിനായ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരനെന്ന നിലയില്‍ സന്തോഷം നല്‍കുന്ന ഒരിക്കലും മറക്കാത്ത ഒട്ടേറെ ഓര്‍മകളുണ്ട്. ഈ ബാഡ്ജും ഈ ജേഴ്‌സിയും ഈ ആരാധകരുമാണ് എന്നെ സന്തോഷിപ്പിച്ചത്. അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.
Keywords: News, World, Sports, Top-Headlines, Spain legend Sergio Ramos retires from international football.