Conflict | ഹമാസ് തലവൻ യഹ്‌യ സിന്‍വാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; ഡിഎൻഎ പരിശോധനയുമായി ഇസ്രാഈൽ; സ്ഥിരീകരിക്കാതെ ഹമാസ്
● ഇസ്രാഈലിനെ വിറപ്പിച്ച ഒക്ടോബർ ഏഴിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ
● അപൂർവമായി മാത്രമേ യഹ്‌യ സിൻവാർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ.
● 1962 ഒക്ടോബർ 29ന് അഭയാർഥി ക്യാമ്പിലാണ് ജനിച്ചത്
ഗസ്സ: (KasargodVartha) ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടയിട്ടില്ല. ഇസ്രാഈൽ സൈന്യം ഗസ്സയിൽ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചതായി പറയുന്നു. ഇതിൽ ഒരാൾ യഹ്‌യ സിന്‍വാര്‍ ആണെന്നാണ് സൈന്യം സൂചന നൽകുന്നത്.
മൃതദേഹം ഇസ്രാഈലിലേക്ക് കൊണ്ടുപോയതായും ഐഡൻ്റിറ്റി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുന്നതിനായി അത് ഇപ്പോൾ ജറുസലേമിലാണ് ഉള്ളതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ജൂലൈ 31ന് ടെഹ്‌റാനിൽ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിൻവാറിനെ തിരഞ്ഞെടുത്തത്.
ഒക്‌ടോബർ ഏഴിന് ഇസ്രാഈൽ പ്രദേശത്തിനുള്ളിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,100-ലധികം ആളുകൾ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തതിൻ്റെ പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിൻവാറിനെ ഇസ്രാഈൽ കാണുന്നത്. തുടർന്ന് ഇസ്രാഈൽ ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ 42,000ത്തിലേറെ ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
അപൂർവമായി മാത്രമേ യഹ്‌യ സിൻവാർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. 1962 ഒക്ടോബർ 29ന് ഫലസ്തീനിലെ ഖാൻ യൂനിസ് നഗരത്തിലെ അഭയാർഥി ക്യാമ്പിലാണ് യഹ്‌യ സിൻവാർ ജനിച്ചത്. ഇസ്രാഈലിൻ്റെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ അദ്ദേഹം ഒന്നാമതാണ്. യുഎസ് കരിമ്പട്ടികയിലും യഹ്‌യ സിൻവാറിന്റെ പേരുണ്ട്.
1988-ൽ രണ്ട് ഇസ്രാഈൽ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് സിൻവാർ തൻ്റെ ജീവിതത്തിൻ്റെ 22 വർഷവും ഇസ്രായേൽ ജയിലുകളിൽ ചെലവഴിച്ചു. തടവുകാരെ കൈമാറുന്നതിനുള്ള കരാറിൻ്റെ ഭാഗമായി 2011-ൽ അദ്ദേഹത്തെ മോചിപ്പിച്ചു. അതേസമയം യഹ്‌യ സിൻവാർ ഗസ്സയിൽ ഒരു ഓപ്പറേഷനിൽ കൊല്ലപ്പെട്ടോ എന്ന് അന്വേഷിക്കുകയാണെന്ന് ഇസ്രാഈൽ സൈന്യം പറഞ്ഞു. ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
#YahyaSinwar #Hamas #GazaConflict #Israel #InternationalNews #MiddleEast