Sreeshankar Murali | പാരിസ് ഡയമന്‍ഡ് ലീഗില്‍ ചരിത്രനേട്ടവുമായി മലയാളി താരം; ലോങ്ജംപില്‍ എം ശ്രീശങ്കറിന് മൂന്നാം സ്ഥാനം
പാരിസ്: (www.kasargodvartha.com) പാരിസ് ഡയമന്‍ഡ് ലീഗില്‍ ചരിത്രനേട്ടവുമായി മലയാളി താരം. ലോങ്ജംപില്‍ 8.09 മീറ്റര്‍ ചാടി മുരളി ശ്രീശങ്കറിന് മൂന്നാം സ്ഥാനം. പുരുഷ ലോങ്ജംപിലെ ലോകത്തെ മുന്‍നിര താരങ്ങള്‍ മത്സരിച്ച ഡയമന്‍ഡ് ലീഗില്‍ മൂന്നാമത്തെ ജംപിലാണ് ശ്രീശങ്കര്‍ 8.09 മീറ്റര്‍ പിന്നിട്ട് മൂന്നാം സ്ഥാനം ഉറപ്പിച്ചത്. നീരജ് ചോപ്രയ്ക്ക് ശേഷം ഡയമന്‍ഡ് ലീഗില്‍ മെഡല്‍ നേടുന്ന ഇന്‍ഡ്യന്‍ താരമാണ് മുരളി ശ്രീശങ്കര്‍.
ഒളിംപിക്‌സ് ചാംപ്യനായ ഗ്രീസ് താരം മില്‍ത്തിയാദിസ് തെന്റഗ്ലൂ 8.13 മീറ്റര്‍ ചാടി ഒന്നാം സ്ഥാനവും 8.11 മീറ്റര്‍ ചാടിയ ലോക ചാംപ്യന്‍ഷിപ് വെങ്കല മെഡല്‍ ജേതാവായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സൈമണ്‍ ഇഹാമര്‍ രണ്ടാം സ്ഥാനവും നേടി. നിലവിലെ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ക്യൂബയുടെ മെയ്‌ക്കൊ മാസ്സോ (7.83 മീറ്റര്‍) ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ആദ്യ രണ്ടു ശ്രമങ്ങളില്‍ യഥാക്രമം 7.79 മീറ്റര്‍, 7.94 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ശ്രീശങ്കര്‍ ചാടിയത്. മൂന്നാം ശ്രമത്തില്‍ 8.09 മീറ്റര്‍ ചാടി ശ്രീശങ്കര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തി. നാലാം ശ്രമത്തില്‍ 8.11 മീറ്റര്‍ ചാടിയ സൈമണ്‍ ഇഹാമര്‍, ശ്രീശങ്കറിനെ മറികടന്നു. അഞ്ചാം ശ്രമത്തില്‍ 8.13 മീറ്റര്‍ ചാടിയ മില്‍ത്തിയാദിസ് തെന്റഗ്ലൂ ഇരുവരെയും മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ശ്രീശങ്കറിന്റെ നാലാമത്തെയും ആറാമത്തെയും ചാട്ടങ്ങള്‍ ഫൗളായി. അഞ്ചാം ശ്രമത്തില്‍ 7.99 മീറ്ററാണ് ശ്രീശങ്കര്‍ ചാടിയത്.
ഡയമന്‍ഡ് ലീഗില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയ മൂന്നാമത്തെ ഇന്‍ഡ്യന്‍ താരമാണ് എം ശ്രീശങ്കര്‍. ജാവലിന്‍ത്രോ താരം നീരജ് ചോപ്ര, ഡിസ്‌കസ്‌ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. കരിയറിലെ രണ്ടാമത്തെ ഡയമന്‍ഡ് ലീഗ് മത്സരത്തിലാണ് ശ്രീശങ്കര്‍ മൂന്നാം സ്ഥാനം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന മൊണാക്കോ ഡയമന്‍ഡ് ലീഗ് പുരുഷ വിഭാഗം ലോങ്ജംപില്‍ ശ്രീശങ്കര്‍ ആറാം സ്ഥാനത്തായിരുന്നു. പാരിസ് ഡയമന്‍ഡ് ലീഗില്‍ ഇത്തവണ പങ്കെടുത്ത ഏക ഇന്‍ഡ്യന്‍ താരം കൂടിയാണ് ശ്രീശങ്കര്‍.
കഴിഞ്ഞ വര്‍ഷം ബര്‍മിങ്ങാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവാണ് ശ്രീശങ്കര്‍. അഞ്ചാം ഊഴത്തില്‍ 8.08 മീറ്റര്‍ പിന്നിട്ടാണ് ശ്രീശങ്കര്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ പുരുഷ ലോങ്ജംപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യക്കാരനെന്ന നേട്ടവും ശ്രീശങ്കര്‍ സ്വന്തമാക്കി.
മികച്ച പ്രകടനങ്ങള്‍ക്കാണ് പാരിസ് ഡയമന്‍ഡ് ലീഗ് സാക്ഷ്യം വഹിച്ചത്. കെനിയയുടെ ഫെയ്ത്ത് കിപ്യെഗോണ്‍ വനിതകളുടെ 5,000 മീറ്ററില്‍ രണ്ടാം ലോക റെകോര്‍ഡിട്ടു. വനിതകളുടെ 200 മീറ്ററില്‍ ഗാബി തോമസിനാണ് വിജയം. വനിതകളുടെ 400 മീറ്ററില്‍ മാരിലെയ്ഡി പൊളീനോ മിന്നും വിജയം സ്വന്തമാക്കി.
പുരുഷന്മാരുടെ രണ്ട് മൈല്‍ ഇവന്റില്‍ നോര്‍വേയുടെ ജോക്കബ് ഇന്‍ഗെബ്രിസണ്‍ ലോക റെകോര്‍ഡ് കരസ്ഥമാക്കി.
Murali Sreeshankar finishes 3rd in the long jump at Paris Diamond League: Athletics Federation of India
— ANI (@ANI) June 9, 2023
(File Photo) pic.twitter.com/0CHWvDSSQ9
Keywords: News, World, World-News, Top-Headlines, Sports, Sreeshankar Murali, Paris Diamond League, India, Long Jump, Paris Diamond League: India's Murali Sreeshankar finishes third in long jump