Accident | നൈജീരിയയില്‍ ബോട്ടുമറിഞ്ഞ് 27 പേര്‍ക്ക് ദാരുണാന്ത്യം; നൂറിലേറെ യാത്രക്കാരെ കാണാതായി
● യാത്രക്കാരില്‍ കൂടുതല്‍ പേരും സ്ത്രീകള്‍.
● കോഗിയില്‍നിന്ന് നൈജറിലേക്ക് പോവുകയായിരുന്നു.
● ആഴ്ച ചന്തയ്ക്കായി പോകുകയായിരുന്ന വ്യാപാരികള്‍.
അബുജ: (KasargodVartha) വടക്കന്‍ നൈജീരിയയിലെ നൈജര്‍ നദിയില്‍ ബോട്ടുമറിഞ്ഞ് 27 പേര്‍ക്ക് ദാരുണാന്ത്യം. നൂറോളം യാത്രക്കാരെ കാണാതായി. യാത്രക്കാരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് കോഗി സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി വക്താവ് സാന്ദ്ര മൂസ (Sandra Musa) പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കോഗിയില്‍നിന്ന് നൈജര്‍ സ്റ്റേറ്റിലേക്ക് പുറപ്പെട്ട ബോട്ട് അപകടത്തില്‍പെട്ടത്. ആഴ്ച ചന്തയ്ക്കായി പോകുകയായിരുന്ന വ്യാപാരികള്‍ ഉള്‍പെടെ ഉള്ളവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ടില്‍ ഇരുന്നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ചയോടെ 27 മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞെങ്കിലും സംഭവം നടന്ന് 12 മണിക്കൂറിന് ശേഷവും ബാക്കിയുള്ള ആരെയും കണ്ടെത്താനായില്ലെന്ന് മൂസ പറഞ്ഞു.
പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതിനാല്‍, അമിത ഭാരത്താല്‍ ബോട്ട് മറിഞ്ഞതാണെന്നാണ് നിഗമനം. മുങ്ങുമ്പോള്‍ ബോട്ടില്‍ ലൈഫ് ജാക്കറ്റുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. പ്രാദേശിക മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.
നല്ല റോഡുകളുടെ അഭാവം കാരണം പലര്‍ക്കും ബദല്‍ വഴികളായി നൈജീരിയയുടെ വിദൂര ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ബോട്ടുകളെ ആശ്രയിക്കേണ്ടി വരുന്നു. ജലഗതാഗതത്തിനായുള്ള സുരക്ഷാ നടപടികളും ചട്ടങ്ങളും കൃത്യമായി നടപ്പാക്കാത്തതിനാല്‍ മിക്ക അപകടങ്ങളും അമിതഭാരവും ജനത്തിരക്കും മൂലമാണെന്നാണ് സ്വദേശികള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാഷ്ട്രത്തിന് ഇത്തരം അപകടസംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
2021 മെയ് മാസത്തില്‍, സമാനമായ സംഭവത്തില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു. നൈജീരിയയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 165 ലധികം യാത്രക്കാരുമായി പോയ ബോട്ട് തകര്‍ന്ന് മുങ്ങിയതിനെ തുടര്‍ന്ന് 100 ല്‍ അധികം ആളുകളെ കാണാതാവുകയും മരിക്കുകയും ചെയ്തിരുന്നു. ഇതില്‍ 22 പേരെ മാത്രമാണ് രക്ഷപ്പെടുത്തിയത്. നൈജീരിയയിലെ വടക്കന്‍ കെബി സംസ്ഥാനത്തുവെച്ചാണ് ബോട്ട് യാത്ര ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
#Nigeria, #boataccident, #disaster, #rescueoperations, #africa, #tragedy