Diplomacy | ഇസ്രയേല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ധാരണ; ആശ്വാസകരമായ തീരുമാനമെന്ന് ബൈഡന്‍
● കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു.
● യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പദ്ധതി.
● ലംഘിച്ചാല്‍ ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശങ്ങളുണ്ടെന്ന് യുഎസ്.
ജറുസലേം: (KasargodVartha) ഇസ്രയേല്‍ - ഹിസ്ബുല്ല യുദ്ധഭീതി ഒഴിയുന്നു. ലോകത്തിന് ആശ്വാസമായി ഇസ്രയേലും ലബനനും തമ്മില്‍ നടന്നുവന്ന സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തലിന് ധാരണയായി. അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേല്‍ - ഹിസ്ബുല്ല യുദ്ധത്തിന് പരിഹാരമാകുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിളിച്ച് ചേര്‍ത്ത സുരക്ഷാ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു.
യുഎസ്-ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം, ഹിസ്ബുല്ല ലിറ്റനി നദിയുടെ കരയില്‍ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഹിസ്ബുല്ല തെക്കന്‍ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ട് പിന്‍മാറണം. ഇസ്രയേല്‍ സൈന്യവും ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹിസ്ബുല്ലയടക്കം ധാരണ ലംഘിച്ചാല്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സൈന്യത്തിന് വിശ്രമം നല്‍കുന്നതിനൊപ്പം കുറവുവന്ന ആയുധങ്ങള്‍ വീണ്ടും സംഭരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിര്‍ത്തലിന് കാരണമെന്ന് നെതന്യാഹു വ്യക്തമാക്കി.
നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഇക്കാര്യം അറിയിക്കാനായി ലോകത്തെ അഭിസംബോധന ചെയ്തു. ലെബനന്‍ - ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വിവരം പങ്കുവച്ച ബൈഡന്‍, നല്ല വാര്‍ത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി.
യുഎസ് തയാറാക്കിയ വെടിനിര്‍ത്തല്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈന്‍ ലബനനും ഇസ്രയേലും സന്ദര്‍ശിച്ചിരുന്നു. വെടിനിര്‍ത്തല്‍ ശുപാര്‍ശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ലബനനില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറാനും ലബനന്‍ - ഇസ്രയേല്‍ അതിര്‍ത്തിയില്‍ 2006ലെ യുഎന്‍ രക്ഷാസമിതി പ്രമേയമനുസരിച്ചുള്ള സമാധാനസേനയുടെ കാവല്‍ തുടരാനുമാണ് യുഎസ് നിര്‍ദേശം. എന്നാല്‍, സുരക്ഷാപ്രശ്‌നമുണ്ടായാല്‍ ലബനനില്‍ എവിടെയും കടന്ന് ഹിസ്ബുല്ലയെ ആക്രമിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു.
#Israel, #Hezbollah, #ceasefire, #Lebanon, #MiddleEast, #peace, #US, #France