city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുദ്ധ ഭൂമിയിൽ നിന്ന് ഇൻഡ്യൻ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമ്പോൾ പോളൻഡിൽ ദൗത്യം ഏകോപിപ്പിച്ച് കാസർകോടിന്റെ സ്വന്തം അംബാസഡർ; അഭിമാനമായി നഗ്മ മുഹമ്മദ് മാലിക്

വാഴ്സ: (www.kasargodvartha.com 06.03.2022) യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ യുക്രൈനിലെ വിവിധ നഗരങ്ങളിൽ നിന്ന് ഇൻഡ്യൻ വിദ്യാർഥികളെ പോളൻഡ്, റൊമാനിയ, ഹംഗറി അതിർത്തികൾ വഴി തിരികെ കൊണ്ടുവരാൻ യുദ്ധകാലാടിസ്ഥാനത്തിൽ 'ഓപറേഷൻ ഗംഗ' തുടരുകയാണ്. ഈ പ്രവർത്തനത്തിന് പോളൻഡിൽ ഏകോപനം നടത്തുന്നത് ഒരു കാസർകോട് സ്വദേശിനിയാണ്. പോളൻഡ്, ലിത്വാനിയ രാജ്യങ്ങളുടെ ഇൻഡ്യയുടെ അംബാസഡറായ കാസർകോടിന്റെ സ്വന്തം നഗ്മ മുഹമ്മദ് മാലിക് വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ്. തളങ്കര ഫോർട് റോഡ് സ്വദേശിയായ മുഹമ്മദ് ഹബീബുല്ല - സുലു ബാനു ദമ്പതികളുടെ മകളാണ് നഗ്മ. പക്ഷേ നഗ്മ ജനിച്ചതും വളർന്നതും ഡെൽഹിയിൽ ആയിരുന്നു.
    
യുദ്ധ ഭൂമിയിൽ നിന്ന് ഇൻഡ്യൻ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമ്പോൾ പോളൻഡിൽ ദൗത്യം ഏകോപിപ്പിച്ച് കാസർകോടിന്റെ സ്വന്തം അംബാസഡർ; അഭിമാനമായി നഗ്മ മുഹമ്മദ് മാലിക്

ഓപറേഷൻ ഗംഗയുടെ ഭാഗമായി 13 പ്രത്യേക വിമാനങ്ങളാണ് ഇതുവരെ പോളൻഡിൽ നിന്ന് വിദ്യാർഥികളുമായി ഇൻഡ്യയിലെത്തിയത്. യുദ്ധഭൂമിയിൽ നിന്ന് അതിർത്തി കടന്നെത്തിയവർക്ക് ഭക്ഷണവും താമസവും ഒരുക്കിയത് മുതൽ എല്ലാത്തിലും നഗ്മ മുന്നിൽ തന്നെ ഉണ്ടായിരുന്നു. യുക്രൈനിലേക്ക് മരുന്ന്, പുതപ്പ് അടക്കമുള്ള സഹായങ്ങളും ഇൻഡ്യ പോളൻഡ് വഴി നൽകുന്നു.യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ കാസർകോട്ടെയടക്കം ചില വിദ്യാർഥികളും യുക്രൈനിലെ സേവനങ്ങളെ പുകഴ്ത്തിയിരുന്നു.

കേന്ദ്രമന്ത്രി വി കെ സിങ് ഉദ്യോഗസ്ഥയുടെ വീഡിയോ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. '210 ഇൻഡ്യൻ വിദ്യാർഥികളും 10 നായ്ക്കളും ഇന്ന് റസെസോവ് എയർപോർടിൽ നിന്ന് C-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ യാത്ര തിരിച്ചപ്പോൾ, പോളൻഡ് അംബാസഡർ നഗ്മ മാലികിന്റെ നേതൃത്വത്തിലുള്ള മികച്ച ഉദ്യോഗസ്ഥരുടെ സേവനത്തെ പരാമർശിക്കുന്നു' - കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് നഗ്മ ചുമതലയേറ്റത്. കേന്ദ്രസര്‍കാരിന്റെ ഓവര്‍സീസ് കമ്യൂണിക്കേകേഷന്‍സ് വകുപ്പില്‍ ജോലി ലഭിച്ചതോടെ കാസര്‍കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറുകയായിരുന്നു ഹബീബുല്ലയും കുടുംബവും. സെന്റ് സ്റ്റീഫൻസ് കോളജിലും ഡൽഹി സ്കൂൾ ഓഫ് ഇകണോമിക്സിലുമായിരുന്നു നഗ്മയുടെ പഠനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1991 ൽ വിദേശകാര്യ വകുപ്പിൽ സെർവീസിൽ ചേർന്നു. പാരീസില്‍ യുനെസ്‌കോയുടെ ഇൻഡ്യൻ മിഷനിലേക്കായിരുന്നു ആദ്യ നിയമനം. വിദേശകാര്യ മന്ത്രാലയത്തിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. പ്രധാനമന്ത്രി ഐ കെ ഗുജ്‌റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു. 2012 ഒക്ടോബർ മുതൽ 2015 നവംബർ വരെ ടുണീഷ്യയിലെ ഇൻഡ്യൻ അംബാസഡറായിരുന്നു.

2015 ഡിസംബർ മുതൽ 2018 ഡിസംബർ വരെ ബ്രൂണൈ ദാറുസലാമിലെ ഇൻഡ്യൻ ഹൈകമീഷനറായും നിയമിതയായി. 2019 ഫെബ്രുവരി മുതൽ 2020 ജനുവരി വരെ മന്ത്രാലയത്തിന്റെ നയ ആസൂത്രണ വിഭാഗത്തിന്റെ മേധാവിയും തുടർന്ന് 2021 ഓഗസ്റ്റ് വരെ അഡീഷണൽ സെക്രടറിയുമായിരുന്നു. ഡല്‍ഹിയില്‍ അഭിഭാഷകനായ മാലികാണ് ഭര്‍ത്താവ്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

Keywords: News, World, Kerala, Kasaragod, National, Minister, Top-Headlines, Government, Natives, War, Attack, Ukraine War, People, Students, Delhi, Nagma Muhammad Malik, Poland, Nagma Muhammad Malik coordinating rescue mission in Poland.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia