Ebrahim Raisi | ഒടുവില്‍ സ്ഥിരീകരണമെത്തി; ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രിയും മരിച്ചു
*റെയ്‌സിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.
*9 യാത്രക്കാരും മരിച്ചു.
*മറ്റ് 2 ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി.
ടെഹ്റാന്‍: (KasdargodVartha) 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി മരിച്ചതായി സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍. ഇബ്രാഹിം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രസിഡന്റ് ഉള്‍പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പത് യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.
പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍, ഈസ്റ്റേണ്‍ അസര്‍ബൈജാന്‍ ഗവര്‍ണര്‍ മലേക് റഹ് മതി, തബ്‌റിസ് ഇമാം മുഹ് മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
അല്പസമയം മുന്‍പ് തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ രക്ഷാപ്രവര്‍ത്തകരെത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. അപകടത്തില്‍ ജീവനോടെ ആരും രക്ഷപ്പെട്ടതിന്റെ സൂചനകളൊന്നും സ്ഥലത്തുനിന്നും ലഭിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തത്. റെയ്‌സിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. തകര്‍ന്ന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും ഇതിന് സമീപത്തായി ആരെയും ഇതുവരെ കണ്ടെത്താനായിരുന്നില്ലെന്ന് റെഡ് ക്രസന്റ് അറിയിച്ചു.
ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാന്‍ റെഡ് ക്രെസന്റ് ചെയര്‍മാന്‍ കോലിവാന്‍ഡും അറിയിച്ചു. ഇക്കാര്യത്തില്‍ ഇറാന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.
രക്ഷാദൗത്യത്തിന് റഷ്യയുടെയും തുര്‍കിയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. 14 മണിക്കൂറിലധികമായി 40ലേറെ സംഘങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്താനായത്.
അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജന്‍സി നേരത്തെ റിപോര്‍ട് ചെയ്തിരുന്നു. അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്‌റാനില്‍നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയതാണെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്.
ഞായറാഴ്ച (19.05.2024) ഇറാന്‍-അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററില്‍ മടങ്ങുന്നതിനിടെയാണ് വിദൂര വനമേഖലയില്‍പ്പെട്ട് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉള്‍പെടെയുള്ളവരെ കാണാതായത്. മൂന്ന് ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി.
ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ലാണ് റെയ്‌സി, ഇറാന്‍ പ്രസിഡന്റായത്. ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂര്‍വദേശ മേഖലയില്‍ പ്രധാന ശക്തിയാണ് ഇറാന്‍. ഇസ്രാഈലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാന്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്.
There have been no indications that the people inside the helicopter are alive, said Mr. Kolivand. pic.twitter.com/djLkhPQrzl
— Iranian Red Crescent Society (@Iran_RCS) May 20, 2024
There have been no indications that the people inside the helicopter are alive, said Mr. Kolivand. pic.twitter.com/djLkhPQrzl
— Iranian Red Crescent Society (@Iran_RCS) May 20, 2024