Remote Work | യുഎഇയിലെ കനത്ത മഴ; അവശ്യ വിഭാഗങ്ങളില്‍ പെടാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുമതി
അബൂദബി: (www.kasargodvartha.com) കനത്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി അധികൃതര്‍. കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിലാണ് അവശ്യ വിഭാഗങ്ങളില്‍ പെടാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന ജോലി ചെയ്യാന്‍ അനുമതി നല്‍കിയത്.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സംബന്ധിച്ച ക്രമീകരണങ്ങള്‍ വരുത്താന്‍ യുഎഇ ക്യാബിനറ്റ് എല്ലാ ഫെഡറല്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു. ഒപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം ഇത് സംബന്ധിച്ച നോടീസ് നല്‍കി.
മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇത്തരത്തില്‍ പ്രത്യേക ഇളവ് അനുവദിക്കുന്നതെന്ന് ബുധനാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സ്വകാര്യ മേഖലയ്ക്കും ഇത് ബാധകമാണ്.
അവശ്യ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന സമയം കൂടി ജോലി സമയമാക്കി കണക്കാക്കും. അസാധാരണമായ അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ വിഭാഗങ്ങളുടെ താത്പര്യം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും അറിയിപ്പില്‍ പറയുന്നു.
സിവില്‍ ഡിഫന്‍സ്, പൊലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സുരക്ഷാ വിഭാഗങ്ങള്‍, ജനങ്ങളുടെ വസ്തുകവകകള്‍ക്കും ഫാമുകള്‍ക്കുമുണ്ടാകുന്ന നഷ്ടങ്ങള്‍ സംബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കമ്യൂനിറ്റി സപോര്‍ട് വിഭാഗങ്ങള്‍ തുടങ്ങിയവയെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ശാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ബുധനാഴ്ച ശക്തമായ മഴയാണ് ലഭിച്ചത്. ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിന് യുഎഇ സൈന്യം രംഗത്തിറങ്ങിയിരുന്നു.
Keywords: news,World,international,Abudhabi,Job,Rain,Top-Headlines,UAE, Heavy rains in UAE: Remote work announced for public, private sector employees