Fact Check | മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദിന് പാകിസ്താൻ ജയിലിൽ വിഷം കൊടുത്തോ, ഐസിയുവിൽ മരണത്തോട് മല്ലിടുകയാണോ? വൈറലായ പ്രചാരണത്തിന്റെ സത്യാവസ്ഥ അറിയാം
* 2020 ഫെബ്രുവരി 12 മുതൽ തടവ് അനുഭവിക്കുകയാണ്
* ഇതുവരെ ഏഴ് കേസുകളിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്
ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്‌കറെ ത്വയ്ബ തലവനുമായ ഹാഫിസ് സയീദ് പാകിസ്താൻ ജയിലിൽ 78 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. തീവ്രവാദ ഫണ്ടിംഗ് കേസിൽ ഐക്യരാഷ്ട്രസഭയുടെ സമ്മർദത്തെ തുടർന്നാണ് പാകിസ്താൻ ഇയാളെ ജയിലിലടച്ചത്. ഇപ്പോഴിതാ ഹാഫിസ് സയീദിനെ കൊല്ലുന്നതിനായി വിഷം കൊടുത്തുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹാഫിസ് സയീദിനെ ജയിലിൽ വെച്ച് ആരോ വിഷം കൊടുത്തുവെന്നും ഇപ്പോൾ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നു. മുഖ്താർ അൻസാരിയെ പോലെ ഹാഫിസ് സയീദും ഈ ലോകം വിട്ടുപോയെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയയിലെ എക്‌സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിംഗാണ് ഹാഫിസ് സയീദ്.
ഹാഫിസ് സയീദിന് ശരിക്കും വിഷം നൽകിയോ?
74 കാരനായ ഹാഫിസ് സയീദിന്റെ ആരോഗ്യനില സംബന്ധിച്ച് ഇതുവരെ വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല. ഹാഫിസ് സയീദുമായി ബന്ധപ്പെട്ട വാർത്തകൾ ഒരു പാകിസ്താൻ പത്രത്തിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾ അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും തെറ്റുമാണെന്ന് ഇന്ത്യ ഡെയ്‌ലി റിപ്പോർട്ട് ചെയ്‌തു. ഹാഫിസ് സയീദ് ആരോഗ്യവാനാണെന്നും ശിക്ഷ അനുഭവിച്ചുവരികയാണെന്നും റിപ്പോർട്ട് പറയുന്നു.
ആരാണ് ഹാഫിസ് സയീദ്?
ഇന്ത്യ അന്വേഷിക്കുന്ന കുറ്റവാളിയാണ് ഹാഫിസ് സയീദ്. ഇയാളെ വിട്ടുകിട്ടുന്നതിനായി ആഗോള തലത്തിൽ ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയായാണ് ഹാഫിസ് സയീദിനെ കണക്കാക്കുന്നത്. സയീദിനെ വിട്ടുനല്‍കണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നായിരുന്നു പാകിസ്‌താൻ പ്രതികരണം. പാകിസ്താനിൽ താമസിക്കുമ്പോൾ തന്നെ പലപ്പോഴും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും കശ്മീരിലെ അശാന്തിയുടെയും നുഴഞ്ഞുകയറ്റത്തിനും ഉത്തരവാദിയാണ് ഇയാളെന്നും ആരോപണമുണ്ട്.
ഹാഫിസ് സയീദിനെതിരെയുള്ള ആരോപണങ്ങൾ?
മുംബൈ ഭീകരാക്രമണത്തിന് പുറമെ പുൽവാമ ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യാ സർക്കാർ ഇയാളെ വിട്ടുകിട്ടാൻ ഏറെ നാളായി ശ്രമിച്ചുവെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളിലും മറ്റും ഹാഫിസ് സയീദിന്റെ പങ്ക് എൻഐഎ അന്വേഷിക്കുന്നുണ്ട്. ഇയാൾ ഇന്ത്യൻ ഏജൻസികളുടെ റഡാറിലാണെന്നാണ് വിവരം. ഹാഫിസ് സയീദ് 2020 ഫെബ്രുവരി 12 മുതൽ ജയിലിൽ കഴിയുകയാണ്. ഇതുവരെ, ഭീകരർക്ക് ഫണ്ടിംഗ് നൽകിയ ഏഴ് കേസുകളിൽ പാകിസ്ഥാൻ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2008 ഡിസംബറിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഹാഫിസ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.