Shot Dead | ഫ്‌ലോറിഡയില്‍ വ്യാപാരസ്ഥാപനത്തില്‍ വെടിവയ്പ്; 'അക്രമിയടക്കം 4 പേര്‍ മരിച്ചു'
വാഷിങ്ടന്‍: (www.kasargodvartha.com) അമേരികയിലെ ഫ്‌ലോറിഡയില്‍ ജാക്‌സണ്‍ വിലയിലെ കടയില്‍ വെടിവയ്പ്. അക്രമി ഉള്‍പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായും വ്യാപാരസ്ഥാപനത്തിലേക്ക് തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.
പ്രാദേശിക സമയം ശനിയാഴ്ച (26.08.2023) ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കൃത്യത്തിന് ശേഷം 20 വയസുകാരനായ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പൊലീസ് പറഞ്ഞു. വര്‍ണവിവേചനമാണ് വെടിവയ്പിന് പിന്നിലെന്നാണ് നിഗമനം. കൊല്ലപ്പെട്ട മൂന്നുപേരും കറുത്തവര്‍ഗക്കാരാണ്.
'വെടിവച്ചയാള്‍ തന്റെ കംപ്യൂടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. ക്ലേ കൗന്‍ഡിയില്‍ നിന്നാണ് ആക്രമണകാരി ഇവിടേക്ക് എത്തിയത്. മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം നിറയൊഴിക്കുകയായിരുന്നു,'- പൊലീസ് പറഞ്ഞു.