ടോക്യോ ഒളിംപിക്‌സിലേക്ക് ഇനി 6 നാളുകള്‍; ആശങ്ക പടര്‍ത്തി ഒളിംപിക് വില്ലേജില്‍ കോവിഡ് ബാധ
ടോക്യോ: (www.kasargodvartha.com 17.07.2021) ടോക്യോ ഒളിംപിക് വില്ലേജില്‍ പരിശോധനയ്ക്കിടെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്സ് സംഘാടക സമിതി വക്താവ്. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ടോക്യോ ഒളിംപിക്‌സിലേക്ക് ഇനി 6 നാളുകള്‍ മാത്രം അവശേഷിക്കെ കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് കായികലോകം.
വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിംപിക് വില്ലേജിന് പുറത്ത് ഹോടെലിലാണ് കോവിഡ് പോസിറ്റീവായ ആളെ താമസിപ്പിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
ഒളിംപിക് ഗ്രാമത്തില്‍ കോവിഡ് പടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. ജൂലൈ 23ന് ജപ്പാനിലെ ടോക്യോ നഗരത്തിലാണ് ഒളിംപിക്സിന് തുടക്കമാകുന്നത്. കോവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല.
Keywords: News, World, Top-Headlines, COVID-19, Health, Sports, Olympics-Games-2021 Games, First Case of Covid-19 in Tokyo Olympic Village